:: ദിക്റിന്റെ ശ്രേഷ്ഠത

بسم الله الرحمن الرحيم 
ദിക്റിന്റെ ശ്രേഷ്ഠത
 
അല്ലാഹുവിനെ അവന്റെ സമുന്നതമായ നാമങ്ങളിലൂടെയും സല്‍വിശേഷണങ്ങളിലൂടെയും പുകഴ്ത്തുവാന്‍ അവന്‍ നമുക്ക് പഠിപ്പിച്ചുതന്നിട്ടുള്ള മഹത്തരമായ വചനങ്ങളാണ് ദിക്റുകള്‍. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്തുന്ന ഇത്തരം ദിക്റുകളുടെ മഹത്വം അതീവവും പ്രതിഫലം അത്യധികവുമാണ്. വിശുദ്ധഖുര്‍ആനില്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുവാനുള്ള കല്‍പന നമുക്ക് കാണാം. അല്ലാഹു പറയുന്നു:
 
﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (41) وَسَبِّحُوهُ بُكْرَةً وَأَصِيلًا [الأحزاب:41-42]
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക." കാരണം അല്ലാഹുവിനെ  ധാരാളമായി സ്മരിക്കുന്നവരാണ് പരലോകത്ത് വിജയം വരിക്കുന്നവര്‍. അല്ലാഹു പറയുന്നു:

﴿وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ [الجمعة:10]
"നിങ്ങള്‍ വിജയികളാകുവാന്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുക." അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും അതുവഴി പരലോകത്ത് വിജയം കൈവരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് വളരെ വലിയ പ്രതിഫലമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: 

﴿وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا [الأحزاب:35]
"...അല്ലാഹുവിനെ അതിയായി സ്മരിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു." ഈ വിശുദ്ധവചനങ്ങളും ഇതുപോലെ ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളും ദിക്റിന്റെ ശ്രേഷ്ഠത നമുക്ക് മനസ്സിലാക്കിത്തരുന്നു. അല്ലാഹു അവനെ സ്മരിക്കുന്നവരോടൊപ്പമായിരിക്കുമെന്നും അവനെ ഓര്‍ക്കുന്നവരെ അവന്‍ ഒര്‍ക്കുമെന്നും അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠര്‍ അവനെ ധാരാളമായി സ്മരിക്കുന്നവരാണെന്നും വിശദീകരിക്കുന്ന ഹദീസുകള്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ചുരുക്കത്തില്‍ ദിക്ര്‍ ഏറെ മഹത്വമുള്ള വളരെ വലിയൊരു ഇബാദത്ത് തന്നെ. അല്ലാഹു പറയുന്നു:

﴿وَلَذِكْرُ اللَّهِ أَكْبَرُ [العنكبوت:45]
"അല്ലാഹുവിനെ സ്മരിക്കുകയെന്നതാണ് ഏറ്റവും വലിയതായിട്ടുള്ളത്." ഇത്രയും മഹത്തരമായ ഈ ദിക്ര്‍ യഥാവിധി ജീവിതത്തിൽ നിലനിർത്തുമ്പോഴാണ് മനുഷ്യന് മനസ്സമാധാനം ലഭിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക:

﴿أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ [الرعد:28]
"അറിയുക, അല്ലാഹുവെ അനുസ്മരിക്കുന്നതിലൂടെയാണ് മനസ്സുകള്‍ ശാന്തിയടയുന്നത്." പക്ഷെ നാവുകൊണ്ട് ചൊല്ലുന്ന ഈ ദിക്റുകള്‍ യഥാര്‍ത്ഥത്തില്‍ മഹത്തരമായിത്തീരുന്നത് മനസ്സാന്നിദ്ധ്യത്തോടെദിക്റുകളിലടങ്ങിയിട്ടുള്ള ഉന്നതമായ ആശയങ്ങള്‍ നാം മനസ്സിലാക്കി ചൊല്ലുമ്പോഴാണ്.

ഒരു സത്യവിശ്വാസിയുടെ ജീവിതം ദിക്റുകള്‍ നിറഞ്ഞതാവണം. ഒരു നിമിഷനേരത്തേക്കുപോലും സ്രഷ്ടാവായ അല്ലാഹുവെക്കുറിച്ചുള്ള സ്മരണയില്‍ നിന്നും ധന്യനാവാന്‍ നിസ്സാരനായ മനുഷ്യന് കഴിയില്ല. മഹാനായ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ തിരുജീവിതം ദിക്റുകള്‍ നിറഞ്ഞതായിരുന്നുവെന്ന് സത്യവിശ്വാസികളുടെ മാതാവായ ആയിഷ റളിയല്ലാഹു അന്‍ഹാ പറയുന്നു:

«كَانَ النَّبِىُّ صَلَّى الله عَلَيْهِ وَسَلَّم يَذْكُرُ اللَّهَ عَلَى كُلِّ أَحْيَانِهِ» [رواه البخاري ومسلم]
"നബി സല്ലല്ലാഹു അലൈഹി വസല്ലം എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു." യഥാര്‍ത്ഥത്തില്‍ ഒരു സത്യവിശ്വാസിക്ക്‌ ധാരാളമായി അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുവാന്‍ പ്രചോദനമായി ഇമാം ഇബ്‌നുമാജ ഉദ്ധരിച്ച താഴെപ്പറയുന്ന ഒരു ഹദീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ അത് മതിയകുമായിരുന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«أَلاَ أُنَبِّئُكُمْ بِخََيْرِ أَعْمَالِكُمْ وَأَزْكَاهَا عِنْدَ مَلِيكِكُمْ وَأَرْفَعِهَا فِي دَرَجَاتِكُمْ وَخَيْرٌ لَكُمْ مِنْ إِنْفَاقِ الذَّهَبِ وَالْوَرِقِ وَخَيْرٌ لَكُمْ مِنْ أَنْ تَلْقَوا عَدُوَّكُمْ فَتَضْرِبُوا أَعْنَاقَهُمْ وَيَضْرِبُوا أَعْنَاقَكُمْ قَالُوا: بَلَى، قَالَ: ذِكْرُ الله تَعَالَى» 
[رواه ابن ماجة وصححه الألباني في صحيح الجامع]
നിങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങളിലേറ്റവും നല്ലതും നിങ്ങളുടെ ഉടമസ്ഥന്റെയടുത്ത് ഏറ്റവും പരിശുദ്ധമായിട്ടുള്ളതും നിങ്ങളുടെ പദവി അങ്ങേയറ്റമുയര്‍ത്തുന്നതും സ്വര്‍ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഖൈറായിട്ടുള്ളതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങളവരുടെയും അവര്‍ നിങ്ങളുടെയും കഴുത്ത് വെട്ടുകയും (അഥവാ ജിഹാദ് നടത്തി ശഹീദാവുകയും) ചെയ്യുന്നതിനേക്കാള്‍ നിങ്ങള്‍ക്കുത്തമമായിട്ടുള്ളതും ആയ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? അവര്‍ (സ്വഹാബികള്‍) അതെയെന്ന് പറഞ്ഞു: അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഉന്നതനായ അല്ലാഹുവിനെ സ്മരിക്കുക (എന്നതാണത്). [ഇബ്‌നുമാജഅല്‍ബാനി സ്വഹീഹാക്കിയത്]

ഇത്രയും പ്രതിഫലവും ശ്രേഷ്ഠതയുമുള്ളതും ദിക്റിനോളം എളുപ്പത്തില്‍ ചെയ്യാവുന്നതുമായ മറ്റൊരു ഇബാദത്ത് വേറെയുണ്ടോ? മാത്രമല്ല മറ്റു അമലുകളിലുള്ള കുറവുകള്‍ ദിക്റുകളിലൂടെ നമുക്ക് നികത്തുവാനും കഴിയും.

ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്വഹാബി നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുത്തുവന്ന് പറഞ്ഞു: പ്രായാധിക്യത്താല്‍ ദീനീ കര്‍മ്മങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരിക്കുന്നു. അതിനാലെനിക്ക് മുറുകെപ്പിടിക്കുവാനായി ഒരു കാര്യം പറഞ്ഞുതരൂ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അയാളോട് പറഞ്ഞു:

«لاَ يَزَالُ لِسَانُكَ رَطْبًا بِذِكْرِ اللهِ تَعَالَى» 
[رواه الترمذي وصححه الألباني]
"അല്ലാഹു തആലയെക്കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കട്ടെ.
അഥവാ "ദിക്ര്‍ നിലനിർത്തുവാനുള്ള ഒരു ആലങ്കാരിക പ്രയോഗമാണിത്" [تحفة الأحوذي بشرح جامع الترمذي]

ബുഖാരിയിലും മുസ്‌ലിമിലും മറ്റു ചില സുനനുകളിലുമെല്ലാം വന്നിട്ടുള്ള ഒരു ഹദീസില്‍ അബൂഹുറൈറ റളിയല്ലാഹു അന്‍ഹു പറയുന്നു: ഒരിക്കല്‍ മുഹാജിറുകളില്‍ പെട്ട ദരിദ്രര്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുത്തുവന്ന് പറഞ്ഞു: സമ്പന്നര്‍ ഉന്നത പദവികളും സ്ഥായിയായ സൗഖ്യവും കൊണ്ടുപോയി. കാരണം ഞങ്ങള്‍ നമസ്കരിക്കുന്നതുപോലെ അവര്‍ നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവര്‍ സ്വദഖ ചെയ്യുന്നു ഞങ്ങള്‍ സ്വദഖ ചെയ്യുന്നില്ല. അവര്‍ അടിമകളെ മോചിപ്പിക്കുന്നു ഞങ്ങള്‍ അടിമകളെ മോചിപ്പിക്കുന്നില്ല. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:  മുന്‍കടന്നുപോയവരോടൊപ്പമെത്താനും നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കുവാനും സാധിക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരട്ടെയോ? അവര്‍ അതെയെന്നു പറഞ്ഞു: അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവർക്ക് ഓരോ (ഫര്‍ള്) നമസ്കാര ശേഷവും മുപ്പത്തിമൂന്ന് പ്രാവശ്യം സുബ് ഹാനല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും അല്ലാഹു അക്ബര്‍ എന്നും ശേഷം (നൂറ് തികച്ചുകൊണ്ട്) ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു... എന്ന് തുടങ്ങുന്ന ദിക്റും ചൊല്ലുവാന്‍ പഠിപ്പിച്ചുകൊടുത്തു. [ഹദീസിന്റെ ചുരുക്കമാണിത്]

ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നുൽ ഖയ്യിം റഹിമഹുല്ലാഹ് ദിക്റിന്റെ ശ്രേഷ്ഠതകൾ വിശദീകരിച്ച സന്ദർഭത്തിൽ പറയുകയുണ്ടായി: "നിർബ്ബന്ധമായതല്ലാത്ത ഹജ്ജ് പോലുള്ള സാമ്പത്തികമോ ശാരീരികമോ ആയ ഏത് സുന്നത്തായ കർമ്മത്തിനും ദിക്ർ പകരം നിൽക്കുന്നതാണ്." [الوابل الصيب]

ഒരിക്കല്‍ മഹാനായ സ്വഹാബി മുആദ്‌ ബിന്‍ ജബല്‍ റളിയല്ലാഹു അന്‍ഹു നബി സല്ലല്ലാഹു അലൈഹി വസല്ലമയോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബിതിരുമേനി പറഞ്ഞു:

«أَنْ تَمُوتَ وَلِسَانُكَ رَطْبٌ  مِنْ ذِكْرِ اللهِ تَعَالَى» 
[صححه الألباني، انظر الصحيحة:1836]
"അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കെ നീ മരണം വരിക്കുകയെന്നതാണത്." നിരന്തരമായി അല്ലാഹുവിനെ സ്മരിക്കുന്നതിന് ഇത്രയും ശ്രേഷ്ഠതകളുണ്ടെന്നു മാത്രമല്ല അല്ലാഹുവിനെ സ്മരിക്കാത്ത മനുഷ്യനെ മയ്യിത്തിനോടാണ് നബി സല്ലല്ലാഹു അലൈഹി വസല്ലം ഉപമിച്ചിട്ടുള്ളത്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
 
«مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ مَثَلُ الْحَىِّ وَالْمَيِّتِ» 
[رواه البخاري]
"അല്ലാഹുവിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവിച്ചിരിക്കുന്നവന്റെയും മരിച്ചവന്റെയും ഉപമ പോലെയാണ്." ദുനിയാവിൽ വളരെ തുച്ചമായ വിഭവങ്ങൾക്കായ് മണിക്കൂറുകൾ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന നമ്മൾക്ക് ഇത്രയും പ്രതിഫലമുള്ളതും എളുപ്പത്തിൽ ചെയ്യാവുന്നതും അല്ലാഹുവിന് അതിയായി ഇഷ്ടപ്പെട്ടതും നാവിന് ഭാരമേതുമില്ലാത്തതും പരലോകത്ത് സ്വർഗ്ഗം നമുക്ക് എളുപ്പമാക്കിത്തരുന്നതുമായ ഈ ദിക്റുകള്‍ ജീവിതത്തിൽ നിലനിർത്തുവാൻ സാധിക്കാതെ പോവുന്നുവെങ്കിൽ അതിനുകാരണം മറ്റൊന്നുമല്ല; പിശാച് തന്നെ. അതിനാൽ ഉപരിസൂചിത ആയത്തുകളും ഹദീസുകളും ആവർത്തിച്ച് വായിക്കുകയും അല്ലാഹുവിനോട്‌ നിരന്തരം സഹായം തേടുകയും  ചെയ്യുക. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും അവന്  ശുക്ർ കാണിക്കുവാനും അവൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ. 

www.wayofsahaba.blogspot.com