:: ഇസ്‌ലാം സമ്പൂര്‍ണ്ണ മതം

بسم الله الرحمن الرحيم
ഇസ്‌ലാം സമ്പൂര്‍ണ്ണ മതം 

അല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഒന്നേയുള്ളൂ.  അതാണ്‌ ഇസ്‌ലാം. യുഗാന്തരങ്ങളില്‍ നിയുക്തരായ അല്ലാഹുവിന്റെ ദൂതന്മാരെല്ലാം പ്രബോധനം ചെയ്തുവന്നത് ഇസ്‌ലാം തന്നെയായിരുന്നു.  മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലമയിലൂടെ അത് പൂര്‍ത്തീകരിക്കപ്പെട്ടു.  ഹജ്ജത്തുല്‍ വിദാഇല്‍ വെച്ച് ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം സംബന്ധിച്ച അല്ലാഹുവിന്റെ പ്രഖ്യാപനമുണ്ടായി.


 ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلامَ دِيناً﴾   

ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു.  എന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ ഞാന്‍ സമ്പൂര്‍ണ്ണമാക്കിയിരിക്കുന്നു.  ഇസ്‌ലാമിനെ നിങ്ങള്‍ക്ക് ഞാന്‍ മതമായി തൃപ്തിപ്പെട്ടിരിക്കുന്നു.  (സൂ: മാഇദ: 3).

മതം അല്ലാഹു പൂര്‍ത്തീകരിച്ചുതന്നിരിക്കുന്നു.  ഒരു നന്മയും അതില്‍ നിന്ന് അല്ലാഹു ഒഴിവാക്കിയിട്ടില്ല.  ഒരു തിന്മയെ കുറിച്ചും താക്കീത് നല്കാതിരുന്നിട്ടുമില്ല.  നബിതിരുമേനി പറയുന്നു:
"തന്റെ സമുദായത്തിന് നന്മയാണെന്ന് അറിയുന്ന എല്ലാം അവരെ അറിയിക്കലും, അവര്‍ക്ക് തിന്മയാണെന്ന് അറിയുന്നതിനെക്കുറിച്ചെല്ലാം അവര്‍ക്ക് താക്കീത് നല്‍കലും ബാധ്യതയായിട്ടല്ലാതെ എനിക്ക് മുമ്പ് ഒരു  നബിയും ഉണ്ടായിട്ടില്ല".  (മുസ്‌ലിം).  അതുകൊണ്ട് തന്നെ നബിതിരുമേനി തന്റെ ദൗത്യം പൂര്‍ണമായും നിര്‍വഹിക്കുക തന്നെ ചെയ്തു.  അവിടുന്ന്‍ പറഞ്ഞു:

"സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന, നരഗത്തില്‍നിന്ന് അകറ്റുന്ന യാതൊന്നും നിങ്ങളോട് വിശദീകരിക്കാതെ വിട്ടുപോയിട്ടില്ല".  (ത്വബ്റാനി).

പൂര്‍ത്തീകരിക്കപ്പെട്ട അല്ലാഹുവിന്റെ മതത്തില്‍ ഇനി യാതൊന്നും കൂട്ടുവാനോ കുറക്കുവാനോ ആര്‍ക്കും അവകാശമില്ലെന്ന് നബിതിരുമേനി പറഞ്ഞു:

قَالَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  «مَنْ أحْدَثَ في أمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ»


ആയിശ റളിയല്ലാഹുഅന്‍ഹയില്‍ നിന്ന് നിവേദനം:  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  "നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) അതിലില്ലാത്ത നൂതനമായ ഒരു കാര്യം ആരുണ്ടാക്കിയാലും അത് തള്ളപ്പെടേണ്ടതാണ്".  (ബുഖാരി).


അതിനാല്‍, ഇസ്‌ലാം ദീനില്‍ നൂതനകാര്യങ്ങളുണ്ടാക്കി, അത് ഉത്തമമാണെന്ന് കരുതുന്നവര്‍ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം തന്‍റെ ദൗത്യനിര്‍വഹണത്തില്‍ വഞ്ചന കാണിച്ചു എന്നാണ് വാദിക്കുന്നത്.  കാരണം, നന്മയെല്ലാം പൂര്‍ണ്ണമായും അല്ലാഹു നബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് അറിയിച്ചു കൊടുത്തിട്ടുണ്ട്.  നബിതിരുമേനി പഠിപ്പിച്ചതില്‍പെടാത്ത ഒന്ന് നന്മയോ ഉത്തമമോ ആണെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍, അതുമുഖേന വ്യംഗ്യമായി അയാള്‍ വാദിക്കുന്നത്, അക്കാര്യം അല്ലാഹു നബിതിരുമേനിക്ക് നല്‍കിയിട്ടും അവിടുന്ന്‍ നമ്മെ അറിയിക്കാതെ മറച്ചുവെച്ചു എന്നാണല്ലോ.  അത് നബിതിരുമേനിയെ വഞ്ചകനാക്കുന്ന നിലപാടാണ്.  അതുകൊണ്ടാണ് ഇമാം മാലിക് പറഞ്ഞത്:

ഇബ്നു മാജിശൂന്‍ പറഞ്ഞു:  ഇമാം മാലിക് പറയുന്നത് ഞാന്‍ കേട്ടു:  "ആരെങ്കിലും ഇസ്‌ലാമില്‍ നൂതനമായ ഒരു കാര്യമുണ്ടാക്കുകയും അത് ഉത്തമമാണെന്ന് കരുതുകയും ചെയ്‌താല്‍ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം തന്‍റെ ദൗത്യത്തില്‍ വഞ്ചന കാണിച്ചു എന്നാണ് അയാള്‍ വാദിച്ചത്.  കാരണം, അല്ലാഹു പറയുന്നു: ഇന്ന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ പൂര്തീകരിച്ചുതന്നിരിക്കുന്നു.  അതിനാല്‍ അന്ന് ദീന്‍ അല്ലാത്ത ഒരു കാര്യം ഇന്ന്‍ ദീന്‍ ആയിരിക്കുകയില്ല".

സമ്പൂര്‍ണ്ണമായ ഈ ഇസ്‌ലാം മതത്തില്‍ സംഘടന ഉണ്ടാക്കാനോ, ഉള്ള സംഘടനയില്‍ ചേരാനോ കല്പനയുണ്ടോ? ഇല്ല.  ഒരാളും ഇന്നു വരെ ഒരു തെളിവും അതിനു ചൂണ്ടിക്കാണിച്ചിട്ടുമില്ല. മതകാര്യങ്ങള്‍ക്കെല്ലാം ഒരു മുന്‍മാതൃകയുണ്ടായിരിക്കണം.  സംഘടനക്ക് അങ്ങനെ ഒരു മുന്‍മാതൃക ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ?  അതുമില്ല.  പൂര്‍വ്വകാലമുസ്‌ലിംകള്‍ ആരും അത് ചെയ്തിട്ടുമില്ല.  

ഇസ്‌ലാമികഖിലാഫത്തിന്‍റെ പതനത്തോടനുബന്ധിച്ച് മുസ്‌ലിം പ്രദേശങ്ങളില്‍ ഉണ്ടായ ഒരു നൂതന പ്രതിഭാസമായ ഈ മതസംഘടനകളെ ആരെങ്കിലും ഒരു മതപരമായ കാര്യമായി ഗണിച്ചാല്‍ അത് ബിദ്അത്തായിതീരുമെന്നത് ഇത്രയും പറഞ്ഞതില്‍നിന്നും വായനക്കാര്‍ക്ക് സംശയമില്ലാത്തവിധം വ്യക്തമായല്ലോ.  

ഇനി സംഘടനയെന്നത് ദീനീപ്രബോധനത്തിനുവേണ്ടിയുള്ള ഒരു ഭൗതിക സംവിധാനം മാത്രമാണെന്നാണ് താങ്കള്‍ മനസ്സിലാക്കുന്നതെങ്കില്‍ ഉത്തരം കണ്ടെത്തേണ്ട സുപ്രധാനമായ ചില ചോദ്യങ്ങളുണ്ടിവിടെ!

ഒന്ന്:  ഭൗതിക കാര്യങ്ങളില്‍ ദീക്ഷിക്കേണ്ട അടിസ്ഥാന തത്ത്വം മതത്തിന്റെ വിലക്കുണ്ടോ എന്നതാണ്.  മതപരമായി വിലക്കുള്ള ഒരു കാര്യവും നമുക്ക് ചെയ്യാന്‍ പാടില്ല.  സംഘടനയില്‍ ചേരുന്നതിന് മതത്തിന്റെ പ്രത്യേകമായ വല്ല വിലക്കുമുണ്ടോ?

രണ്ട്:  ഇനി മതത്തിന്‍റെ പ്രത്യേകമായ വിലക്ക് ഇല്ലെങ്കില്‍ തന്നെ സംഘടനയില്‍ മതം നിഷിദ്ധമാക്കിയ വല്ല കാര്യങ്ങലുമുണ്ടോ എന്നുകൂടി പരിശോധിക്കണം.  മതം നിഷിദ്ധമാക്കിയ വല്ല കാര്യങ്ങളും അതിലുണ്ടെങ്കില്‍ അവ വര്‍ജ്ജിക്കണം.  അതിന് സാധിക്കുന്നില്ലെങ്കില്‍, ആ ഭൗതിക സംവിധാനം തന്നെ ഉപേക്ഷിക്കണം.  

മേല്‍ പറഞ്ഞ രണ്ടുകാര്യങ്ങളും അല്പം വിശദീകരിക്കേണ്ടതുണ്ട്.  ഒന്നാമതായി, സംഘടനയില്‍ ചേരുന്നത് വിലക്കുന്ന വല്ല തെളിവും പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടിട്ടുണ്ടോ?  ഇസ്‌ലാം അന്ത്യനാള്‍വരെ നിലനില്‍ക്കേണ്ട മതമാണല്ലോ.  അതുവരെയുള്ള വിശ്വാസികള്‍ എന്തുചെയ്യണം എന്തുചെയ്തുകൂടാ എന്ന കാര്യത്തില്‍ വ്യക്തമായ മാര്‍ഗ്ഗദര്‍ശനം അല്ലാഹു നല്കാതിരിക്കില്ല.  

അതെ, ഇതു സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ഹദീസില്‍ വന്നിട്ടുണ്ട്.  മുസ്‌ലിംകള്‍ക്ക് ഇമാമും ജമാഅത്തും ഇല്ലാതായിത്തീരുന്ന സാഹചര്യം വരുമെന്നും അന്ന് മുസ്‌ലിംകള്‍ പല കക്ഷികളായി വേര്‍പിരിയുമെന്നും ആ ഭിന്നതയില്‍ ആരെയും പിന്‍പറ്റാതെ എല്ലാ കക്ഷികളെയും വെടിയുകയാണ് വേണ്ടതെന്നുമാണ് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിലൂടെ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം നമുക്ക് പഠിപ്പിച്ചുതരുന്നത്.

പ്രസ്തുത ഹദീസ് ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നത് "ജമാഅത്ത് ഇല്ലാതായാല്‍ കാര്യം എങ്ങനെയായിരിക്കണം" എന്ന തലവാചകത്തിനു കീഴിലാണ്.  ഖലീഫയും ജമാഅത്തും ഇല്ലാതായാല്‍ മുസ്‌ലിംകളില്‍ ധ്രുവീകരണം സംഭവിക്കുകയും അവര്‍ പല കക്ഷികളായി വേര്‍തിരിയുകയും ചെയ്യും.  അപ്പോള്‍ എന്ത് വേണം?  ഒരു കക്ഷിയിലും ചേരരുത്.  എല്ലാ കക്ഷികളെയും വെടിയണം.   അത് വളരെ പ്രയാസകരമായിരിക്കും.  അതിനാല്‍ വൃക്ഷമൂലത്തില്‍ കടിച്ചുപിടിച്ച് ത്യാഗം ചെയ്യേണ്ടിവന്നാലും ഒരു കക്ഷിയിലും ചേരാതിരിക്കുക തന്നെ വേണം. ഇതാണ് നബി സല്ലല്ലാഹു അലൈഹിവസല്ലം ഹുദൈഫ രളിയല്ലാഹു അന്‍ഹുവിന് ന്നല്കിയ മറുപടി.  ഈ ഹദീസിന്‍റെ പദങ്ങളും ആശയങ്ങളും വളരെ വ്യക്തമാണെന്ന് മാത്രമല്ല ഈ ഹദീസിന്ന്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഏറ്റവും പ്രാമാണികനായ ഇബ്നുജരീറുത്വബ് രിയും ഹദീസ് വ്യാഖ്യാതാക്കളില്‍ ഏറ്റവും പ്രാമാണികനായ ഇബ്നുഹജറും ഒരുമിച്ചു നല്‍കിയ വിശദീകരണവും ഇതുതന്നെ.  ആധുനികനായ ശൈഖ് അല്‍ബാനി ((റഹിമഹുമുല്ലാഹ്)) ഖണ്ഡിതമായി പറഞ്ഞതും ഇതേ കാര്യം തന്നെ.

ഇനി ഈ ഹദീസുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടാറുള്ള ഒരു സംശയവും അതിനുള്ള മറുപടിയും ചെറുതായി ഒന്ന്‍ വിശദീകരിക്കാം.

സംശയം: ഈ ഹദീസിലുള്ളത് ഖലീഫയും ജമാഅത്തും ഇല്ലാത്ത കാലം വന്നാല്‍ നരകകവാടത്തിലേക്ക് ക്ഷണിക്കുന്ന ഖവാരിജുകള്‍, റാഫിളികള്‍ പോലുള്ള കക്ഷികളില്‍ ചേരരുത് എന്നാണ്; തങ്ങളുടെ സംഘടന അതില്‍പെടില്ല.

മറുപടി: മുസ്‌ലിം ലോകത്ത് ഇമാമും ജമാഅത്തും നിലനില്‍ക്കുന്ന കാലത്തുതന്നെ  നരകകവാടത്തിലേക്ക് ക്ഷണിക്കുന്നവര്‍ (ഖവാരിജുകള്‍, റാഫിളികള്‍, ഖദരിയ്യാക്കള്‍...തുടങ്ങിയവര്‍ ഈ  കക്ഷികളില്‍ പെട്ടവയാണ്) രംഗത്ത് വരും എന്നാണല്ലോ ഹദീസില്‍ പ്രതിപാദിച്ചിട്ടുള്ളത്.  അന്ന് മുസ്‌ലിംകളുടെ കടമ നരകത്തിലേക്ക് ക്ഷണിക്കുന്ന
മുഴുവന്‍ കക്ഷികളെയും വെടിഞ്ഞ് ഇമാമിന്റെയും ജമാഅത്തിന്റെയും കൂടെ നില്‍ക്കലാണ്. അതിലാണ് അവരുടെ രക്ഷ.  ഇത്രയും വ്യക്തമായല്ലോ.  എന്നാല്‍ ഇമാമും ജമാഅത്തും ഇല്ലാത്ത കാലം വന്നാല്‍  നരകകവാടത്തിലേക്ക് ക്ഷണിക്കുന്നവരുടെ കൂടെ പോകാന്‍ പാടില്ല എന്നത് പറയാതെ തന്നെ സ്ഥിരപ്പെട്ട കാര്യമാണ്.  അഥവാ ഹദീസിന്റെ പ്രാരംഭഭാഗത്തു നിന്നത് വ്യക്തമാണെന്നര്‍ത്ഥം.  എന്നല്ല അങ്ങനെ ഇവിടെ അര്‍ഥം കല്പിച്ചാല്‍  ഹദീസിന്റെ രണ്ടാമത്തെ ഈ ഭാഗത്തിന് പ്രത്യേകമായ ഒരാശയം കിട്ടുന്നുമില്ല.

നബിതിരുമേനിയുടെ വചനങ്ങള്‍ വ്യക്തവും സ്ഫുടവും സാഹിത്യ സംമ്പുഷ്ടവുമായിരുന്നു.  ആവിഷ്കാരത്തില്‍ സാഹിതീയമായ മികവു നബിതിരുമേനിക്ക് നല്‍കപ്പെട്ടിരുന്നു എന്നത് സുവിദിതമാണല്ലോ.  അതുകൊണ്ട് നബിതിരുമേനി ഇവര്‍ ആരോപിക്കുന്നതുപോലുള്ള വികലമായ ഒരാശയം ആവിഷ്കരിക്കുന്ന പ്രശ്നമില്ല.  നബിതിരുമേനിയുടെ വാക്യഘടനയില്‍ അത്തരം അവ്യക്തതകള്‍ കടന്നുകൂടുകയുമില്ല.  ഒന്നുകില്‍ ഈ മഹദ്വചനം  ഗ്രഹിക്കുന്നതില്‍ അവര്‍ക്ക് പിഴവ്  സംഭവിച്ചു.  അല്ലെങ്കില്‍ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി വസ്തുതകള്‍ വളച്ചൊടിച്ചു.  ഇതില്‍ ഏതാണ് സംഭവിച്ചതെന്ന് അല്ലാഹുവിന്നറിയാം.   രണ്ടായാലും കാര്യം  ഗുരുതരം തന്നെ.

ചുരുക്കത്തില്‍,  നരകകവാടത്തിലേക്ക് ക്ഷണിക്കുന്നവരുടെ കൂടെ ഒരവസ്ഥയിലും പോകാന്‍ പാടില്ലെന്നും ഇമാമും ജമാഅത്തും ഇല്ലാത്ത ഒരു കാലം വന്നാല്‍ മുഴുവന്‍ കക്ഷികളെയും വെടിഞ്ഞ് സഹാബികളുടെ മന്‍ഹജ് മുറുകെപ്പിടിച്ച് കഴിയുകയാണ് വേണ്ടതെന്നും പ്രസ്തുത ഹദീസില്‍ നിന്നും വളരെ വ്യക്തമാണ്.  അതിന്നല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.**

                                           

وصلى الله وسلم على نبينا محمد وآخر دعوانا أن الحمد لله رب العالمين.




wayofsahaba.blogspot.com






** സുബൈര്‍ മൗലവി(ഹഫിളഹുല്ലാഹ്)യുടെ "സംഘടന തിന്മയാണ്" എന്ന പുസ്തകം അവലംബമാക്കി ലളിതമാറ്റങ്ങളോടെ തയ്യാറാക്കിയത്.