:: നമുക്ക് സംഘടന വേണ്ട

بسم الله الرحمن الرحيم
നമുക്ക് സംഘടന വേണ്ട 

കേരളത്തില്‍ തൊള്ളായിരത്തി ഇരുപതുകളിലാണ് സംഘടനകളുടെ തുടക്കം. അതിനുമുമ്പ് ഇവിടെ എങ്ങനെയാണ് മുസ്‌ലിംകള്‍ ദീന്‍ പഠിച്ചത്, പഠിപ്പിച്ചത്, പ്രബോധനം നടത്തിയത്?! സംഘടനയില്ലാതെയായിരുന്നു ഇവിടെ ദീന്‍ നിലനിര്‍ത്തിപ്പോന്നത്. അതേപോലെ, ഉത്തരേന്ത്യയിലെ സ്ഥിതിയെടുത്ത് നോക്കുക. ദയൂബന്ദ്, ലഖ് നൗ, ഹൈദ്രബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ വളരെ അനുഗൃഹീതമായ ഇസ്‌ലാമിക മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. മഹാരഥന്മാരായ ഒരുപാട് ഹദീസ് പണ്ഡിതന്മാരുണ്ടായിട്ടുണ്ട്. അത് സംഘടനാടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. അത് നീണ്ടുനില്‍ക്കുന്നതും ആഴത്തില്‍ സ്വാധീനിക്കുന്നതുമായ മുന്നേറ്റങ്ങളായിരുന്നു. എന്നാല്‍ സംഘടനാടിസ്ഥാനത്തില്‍ കേരളത്തിലുണ്ടായ മാറ്റങ്ങള്‍ക്ക് ആഴമോ വേണ്ടത്ര പൂര്‍ണ്ണതയോ ഉണ്ടായില്ല. കാരണം, രാഷ്ട്രീയ സംഘടനകളെ പോലെ ജനങ്ങളെ വലിച്ചുകൂട്ടുകയല്ലാതെ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ തര്‍ബിയ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനമല്ല ഇവിടെ നടന്നതും നടന്നുകൊണ്ടിരിക്കുന്നതും.

ഇന്ന് കേരളത്തിലെ മുസ്‌ലിംകള്‍ക്ക് അറിയാവുന്ന പ്രവര്‍ത്തന മാതൃക രാഷ്ട്രീയ സംഘടനകളുടേതാണ്. സെക്രട്ടറിയും പ്രസിഡണ്ടും, നേതാവും അനുയായികളും, അംഗത്വവും പ്രതിജ്ഞയും, ഓഫീസും സൗകര്യങ്ങളും യൂനിറ്റ് മുതല്‍ സംസ്ഥാനം വരെയുള്ള ഘടകങ്ങളുമൊക്കെയുള്ള രാഷ്ട്രീയ മാതൃക. അത് മാത്രമേ നമ്മുടെ മുന്നിലുള്ളൂ. ഭരണകൂടം ദഅ'വത്തിന് സൗകര്യം ചെയ്തുകൊടുക്കുന്ന സൗദി അറേബ്യയിലെ ദഅ'വത്ത് പ്രവര്‍ത്തനങ്ങള്‍ നമ്മുടെ മുന്നില്‍ തെളിയേണ്ട ഒരു മാതൃകയാണ്. ഭരണകൂടം ഒന്നും ചെയ്തുകൊടുക്കാത്ത യമനിലെയും സിറിയയിലെയും ദഅ'വത്ത് പ്രവര്‍ത്തനം മറ്റൊരു മാതൃകയാണ്. അതൊക്കെ മുസ്‌ലിം നാടുകളാണെങ്കില്‍ ഇന്ത്യയെക്കാളും പ്രതിലോമകരമായ സാഹചര്യങ്ങളുള്ള യൂറോപ്പിലെയും അമേരിക്കയിലെയും ദഅ'വത്ത് പ്രവര്‍ത്തനങ്ങള്‍ മറ്റൊരു മാതൃകയാണ്. അവിടങ്ങളിലെല്ലാം സംഘടനയില്ലാതെയും മുസ്‌ലിംകള്‍ ശാന്തമായി ദഅ'വത്ത് നടത്തുന്നുണ്ട്. ആഴത്തില്‍ സ്വാധീനിക്കുന്നതും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമായ മാറ്റങ്ങള്‍ ജനങ്ങളില്‍ അതുമുഖേന ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്. അതിന് മറ്റേതിനെക്കാളും പരിശുദ്ധിയുണ്ട്. പക്ഷെ, പ്രകടനപരതയുള്ള കര്‍മ്മപരിപാടികളോ രാഷ്ട്രീയ ശൈലിയിലുള്ള ബഹളങ്ങളോ ഉണ്ടായിരിക്കില്ലെന്നു മാത്രം.

ദഅ'വത്ത് രംഗത്ത് ലോകാടിസ്ഥാനത്തില്‍ നിസ്തുലമായ സേവനങ്ങളനുഷ്ടിച്ച പണ്ഡിതന്മാരാരും സംഘടനയിലൂടെയല്ല ദഅ'വത്ത് നിര്‍വ്വഹിച്ചത്‌. ശൈഖ് ഇബ്‌നുബാസ്, ശൈഖ് അല്‍ബാനി, ശൈഖ് മുഖ് ബില്‍, ശൈഖ് റബീഅ' പോലുള്ളവരാരും സംഘടനയിലൂടെയല്ല ദഅ'വത്ത് നടത്തിയത്. അവര്‍ സംഘനയെ എതിര്‍ക്കുന്നവരായിരുന്നു. മതപരമായ അറിവുണ്ടായിരിക്കുക. അതാണ്‌ പ്രധാനം. അറിവുള്ളവരെ തേടി വിദ്യാര്‍ത്ഥികള്‍ വന്നെത്തും. അവരിലൂടെ അത് ലോകത്ത് വ്യാപിക്കും. അറിവിന്റെ വെളിച്ചത്തില്‍ തെളിവിന്റെ ശക്തിയില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ പിന്തിരിഞ്ഞോടും.

ഒരു വിശ്വാസി കൈക്കൊള്ളേണ്ട ശരിയായ നിലപാട് ഖുര്‍ആനും സുന്നത്തും ജീവിത പ്രമാണങ്ങളായി അംഗീകരിക്കുകയും സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗ്ഗം പിന്തുടരുകയും ചെയ്യുക എന്നതാണ്. അത്തരക്കാര്‍ക്കിടയില്‍ പൂര്‍ണ്ണമായ ഐക്യമുണ്ടാകേണ്ടതും അവര്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതുമാണ്. അവര്‍ ഒറ്റപ്പെട്ടുപോവുകയോ ഓരോരുത്തരായി വേറിട്ടുനില്‍ക്കുകയോ ചെയ്യരുത്. എന്നാല്‍, കൂട്ടായ പ്രവര്‍ത്തനമെന്ന പേരില്‍ അവര്‍ ഒരു സംഘടനയായി മാറുകയുമരുത്. അത് സമുദായത്തില്‍ ധ്രുവീകരണവും ചേരിതിരിവും കക്ഷിത്വവും ഉണ്ടാക്കും. ഏതെങ്കിലും പദ്ധതികളോ പ്രവര്‍ത്തനങ്ങളോ നടത്തുന്നതിനുവേണ്ടി ഉണ്ടാക്കുന്ന ജംഇയ്യകളോ കമ്മിറ്റികളോ എതിര്‍ക്കപ്പെടേണ്ടതല്ല. അവ സമുദായത്തില്‍ ധ്രുവീകരണവും ചേരിതിരിവും കക്ഷിത്വവും ഉണ്ടാക്കുകയും അവയിലേക്ക് ചേര്‍ത്തുവിളിക്കപ്പെടുകയും അവയുടെ അടിസ്ഥാനത്തില്‍ വലാഉം ബറാഉം നിശ്ചയിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവരുത്. അല്ലെങ്കില്‍, മേല്‍ ദോഷങ്ങളുള്ള ഏതെങ്കിലും സംഘടനകളുടെ വാലായിട്ടോ ഘടകമായിട്ടോ അവ പ്രവര്‍ത്തിക്കുകയുമരുത്. അപ്പോള്‍ അവ, ഒരു പ്രത്യേക പദ്ധതിയോ പരിപാടിയോ നടത്താനുള്ള കമ്മിറ്റി എന്നതില്‍ നിന്ന് ഇസ്‌ലാം വിലക്കിയ സംഘടന എന്നതായിത്തീരും. അത് വര്‍ജ്ജിക്കാന്‍ ഒരു മുസ്‌ലിം ബാധ്യസ്ഥനുമായിരിക്കും.

സംഘടന വേണ്ടെന്നുവെച്ചാല്‍ നമ്മുടെ മതസ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു പോകില്ലേ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. ഇല്ല, ഒരിക്കലും അതുകൊണ്ട് സ്തംഭിക്കില്ല. ആ ഭയം അസ്ഥാനത്താണ്. ഓരോ മഹല്ലിലും ദീനീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അതാത് പ്രദേശത്തെ മുസ്‌ലിംകളാണ്. സംഘടനകള്‍ വേണ്ടെന്ന് വെക്കുന്നതോടെ ഓരോ മഹല്ലിലെയും മുസ്‌ലിംകള്‍ ദീനില്‍ നിന്ന് പുറത്തുപോകില്ല. അവര്‍ പരസ്പരം സഹകരിച്ച് നടത്തുന്ന കൂട്ടായ ദീനീപ്രവര്‍ത്തനം ഇല്ലാതാവുകയില്ല. മറിച്ച്, ദീനീ പ്രവര്‍ത്തനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതും സംഘടന കൊണ്ട്  ഉണ്ടായിത്തീരുന്നതുമായ കുറേ തിന്മകള്‍ ഇല്ലാതാവുക മാത്രമാണ് ചെയ്യുക. അറിവിനോടും പണ്ടിതന്മാരോടുമുള്ള ബന്ധം എത്രത്തോളം സുദൃഡമാകുന്നുവോ അത്രയും നാടുകളില്‍ നന്മ വ്യാപിക്കും. ഓരോ മഹല്ലും അറിവുള്ള ആളുകളെ പള്ളികളിലും മതസ്ഥാപനങ്ങളിലും നിശ്ചയിക്കുകയും അവര്‍ പഠിപ്പിക്കുന്ന വിജ്ഞാനം കരസ്ഥമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുകയേ വേണ്ടൂ. രാഷ്ട്രീയ കക്ഷികളെപ്പോലെ ആത്മസംസ്കൃതിയില്ലാതെ ആളെ വലിച്ചുകൂട്ടുകയും ശക്തി പ്രകടിപ്പിക്കുകയും ചെയ്യുക എന്നത് ദഅ'വത്തിന്റെ മാര്‍ഗ്ഗത്തില്‍ നമുക്കാവശ്യമില്ല.

ചുരുക്കത്തില്‍ സംഘടന വേണ്ടെന്നുവെക്കുന്നതോടെ ഇന്ന് നടക്കുന്ന ഒരു നല്ല കാര്യവും മുടങ്ങില്ല. സംഘടനക്കുവേണ്ടി ചെയ്യുന്ന ദീന്‍ വിലക്കിയ തിന്മകള്‍ മാത്രമേ ഇല്ലാതാവുകയുള്ളൂ. സത്യം സത്യമായി മനസ്സിലാക്കുവാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍. **


wayofsahaba.blogspot.com
** "സംഘടന തിന്മയാണ്" എന്ന സുബൈര്‍ മൗലവി(حفظه الله)യുടെ കൃതിയില്‍ നിന്നും സംക്ഷിപ്തമാക്കിയത്.