:: അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ...


അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ
ശിർക്കിനെക്കാൾ വലിയ പാപം

ആകാശത്തിന് കീഴെ എന്തിനെക്കുറിച്ച് ചോദിച്ചാലും വാചാലമായി സംസാരിക്കുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുകയും ചെയ്യുകയെന്നത് വലിയ ഒരു കഴിവായിട്ടാണ് പലരും കരുതുന്നത്. പ്രത്യേകിച്ച് ഇസ്‌ലാം മതത്തെക്കുറിച്ച് സംസാരിക്കുന്നവർ. ഇസ്‌ലാം മത പ്രബോധകരായി സ്വയം അവകാശപ്പെടുന്ന ചിലയാളുകൾ 'ചോദ്യോത്തരങ്ങൾക്ക് തുറന്ന അവസരം' എന്ന് മുൻകൂട്ടി പ്രഖ്യാപിക്കുന്നത് നേരത്തെ പറഞ്ഞ ധാരണയുടെ അടിസ്ഥാനത്തിലാണ്. ഒരു ചോദ്യത്തിനും 'അറിയില്ല' എന്ന ഉത്തരം ഉണ്ടാവരുതെന്നു പോലും പ്രബോധന പരിശീലന ക്ലാസുകളിൽ പഠിതാക്കളെ അവർ പറയാൻ പഠിപ്പിക്കുന്നു.
മതപരമായ വിഷയങ്ങളിൽ സംശയം ചോദിച്ചാൽ, തന്റെ അടുത്തിരിക്കുന്ന സഹോദരനോട് ചോദിക്കൂ എന്ന് പറഞ്ഞു ഒഴിവാകുന്നവരായിരുന്നു സലഫുകൾ. മതപരമായി ആഴത്തിൽ അറിവുള്ള അവർ അങ്ങിനെ ചെയ്തത് അല്ലാഹുവിന്റെ പേരിൽ സംസാരിക്കുന്നതിൽ അവർക്ക് അങ്ങേയറ്റം ഭയമുള്ളത് കൊണ്ടായിരുന്നു.


വാസ്തവത്തിൽ, ഇസ്ലാമിനെക്കുറിച്ച് സംസാരിക്കുക എന്നത് അള്ളാഹുവിനെക്കുറിച്ച് സംസാരിക്കുന്നതിനു തുല്യമാണ്. അള്ളാഹുവിനും ജനങ്ങൾക്കും ഇടയിലാണ് അവരുടെ സ്ഥാനം. പറയുന്ന കാര്യങ്ങളിൽ സൂക്ഷമമായ ധാരണയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് ഉചിതവും സുരക്ഷിതവും. കാരണം, അള്ളാഹുവിന്റെ ദീനിൽ അറിവില്ലാതെ സംസാരിച്ചു അപകടത്തിൽ പെടുന്നതിനേക്കാൾ നല്ലത് അറിയാത്തത് അറിയില്ല എന്ന് പറയുകയും മിണ്ടാതിരിക്കുകയും ചെയ്യലാണ്. അറിയാത്ത കാര്യങ്ങൾ അറിയില്ലായെന്ന് പറയുന്നത് ഒരു ന്യൂനതയല്ല. മറിച്ച് അത് ഒരാളുടെ സത്യസന്ധതയുടേയും, അറിവിന്റെയും അടയാളമാണ്.

​ ​

മതപരമായ കാര്യങ്ങളിൽ ഇൽമ് ഉള്ള ഒരാൾ, അതിന്റെ പേരിൽ ജനങ്ങളിൽ അറിയപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത് സലഫുകൾ ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ നന്മ ലക്ഷ്യം വെച്ച് സംസാരിക്കുന്നവർ, പറയുന്ന കാര്യത്തെക്കുറിച്ച് പൂർണ്ണ ബോധ്യമില്ലെങ്കിൽ സ്വയം നാശമായിരിക്കും തെരഞ്ഞെടുക്കുന്നത്.


അറിവിന്റെ കാര്യത്തിൽ എല്ലാവരും ഒരേ തോതിലല്ലല്ലോ. കുറഞ്ഞും കൂടിയും പല രൂപത്തിലുമാണത്. അറിവ് ലഭിക്കുകയെന്നതു അള്ളാഹു അവൻ ഉദ്ദേശിച്ചവർക്ക് നൽകുന്ന വലിയ ഒരനുഗ്രഹമാണ്‌. എന്നാൽ അറിവില്ലാത്ത കാര്യങ്ങളിൽ സംസാരിക്കുന്നത്, അല്ലാഹുവിന്റെ പേരിൽ കളവു പറയലാണ്. അല്ലാഹുവിന്റെ പേരിൽ ഇല്ലാത്തത് കെട്ടിച്ചമച്ചു പറയുന്നത് ഏറ്റവും വലിയ തിന്മയാണ്. അള്ളാഹു പറയുന്നു. "നമ്മുടെ പേരിൽ അദ്ദേഹം (നബി സല്ലല്ലാഹു അലൈഹി വസല്ലം) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നുവെങ്കിൽ, അദ്ധേഹത്തെ നാം വലതു കൈ കൊണ്ട് പിടികൂടുകയും, അദ്ധേഹത്തിന്റെ ഹൃദയധമനി നാം അറുത്തു മാറ്റുകയും ചെയ്യുമായിരുന്നു. അപ്പോൾ നിങ്ങളിലാർക്കും അദ്ധേഹത്തിൽ നിന്നും (ശിക്ഷയെ) തടയാനാവില്ല."  [അൽ ഹാഖ 44-47]


അല്ലാഹു തെരഞ്ഞെടുത്തയച്ച, സത്യസന്ധനും വിശ്വസ്തനും അല്ലാഹുവിന്റെ കൽപനക്ക്‌ പൂർണ വിധേയനുമായ മുഹമ്മദ്‌ നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത് എങ്കിൽ മറ്റുള്ളവരുടെ കാര്യത്തിൽ എന്തായിരിക്കും? അല്ലാഹുവിന്റെ ദീനിനെക്കുറിച്ച് സംസാരിക്കുന്നവർ ഗൗരവപൂർവ്വം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യേണ്ട അതിപ്രധാനമായ ഒരു വിഷയമാണിത്.


"അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമക്കുകയോ തനിക്കു വഹിയ് നൽകപ്പെടാതിരിക്കെ 'എനിക്ക് വഹിയ് നൽകപ്പെട്ടിരിക്കുന്നു' എന്ന് പറയുകയോ ചെയ്തവനെക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെ ഒന്ന് ഞാനും അവതരിപ്പിക്കാമെന്നും പറഞ്ഞവനെക്കാളും വലിയ അക്രമി ആരാണ്?" [അൻആം -93]


"നിങ്ങളുടെ നാവുകൾ വിശേഷിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇത് ഹലാലാണ് ഇത് ഹറാമാണ് എന്നിങ്ങനെ നിങ്ങൾ കള്ളം പറയരുത്. നിങ്ങൾ അള്ളാഹുവിൽ കെട്ടിച്ചമച്ചു പറയുകയത്രേ. അല്ലാഹുവിന്റെ പേരിൽ കെട്ടിച്ചമച്ചു പറയുന്നവർ തീർച്ചയായും വിജയിക്കുകയില്ല."  [നഹ്ൽ-116]


ഇമാം ഇബ്നു കഥീർ റഹിമഹുള്ളാഹ് ഈ ആയത്തിന്റെ വ്യാഖ്യാനത്തിൽ പറയുന്നു. "തങ്ങളുടെ സ്വന്തം താൽപര്യപ്രകാരം സാങ്കേതികാർത്ഥങ്ങൾ തീർത്ത് നിഷിദ്ധമാക്കുകയും അനുവദനീയമാക്കുകയും ചെയ്യുന്ന മുശ് രിക്കുകളുടെ മാർഗത്തിൽ പ്രവേശിക്കുന്നതിനെ അല്ലാഹു വിലക്കുന്നു..... പ്രാമാണിക പിൻബലമില്ലാതെ നൂതന നിർമ്മിതികൾ നടത്തുന്നവരും അല്ലാഹു ഹലാലാക്കിയത് തന്നിഷ്ടപ്രകാരം ഹറാമാക്കുകയോ അല്ലാഹു ഹറാമാക്കിയത് ഹലാലാക്കുകയോ ചെയ്യുന്നവരും ഇതിൽ പെടുന്നതാണ്."


ല്ലാഹുവിന്റെ പേരിൽ അറിയാത്തതു പറയൽ കേവലം ഒരു തിന്മ എന്നതിനേക്കാൾ, ശിർക്കിനെക്കാൾ വലിയ പാപമായാണ് അല്ലാഹു ഖുർആനിൽ വിശദീകരിക്കുന്നത്. "പറയുക: എന്റെ രക്ഷിതാവ് പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളും അധർമ്മവും അന്യായമായ കയ്യേറ്റവും യാതൊരു പ്രമാണവും ഇറക്കിയിട്ടില്ലാത്തതിനെ അവനോടു നിങ്ങൾ പങ്കു ചേർക്കുന്നതും അല്ലാഹുവിന്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് പറഞ്ഞുണ്ടാക്കുന്നതും നിങ്ങളോട് വിരോധിച്ചിരിക്കുന്നു." [അഅറാഫു - 33] ഈ ആയത്തിൽ അല്ലാഹു നിഷിദ്ധകാര്യങ്ങളെ നാല് ഇനങ്ങളായി തിരിക്കുകയും ഗൗരവം കുറഞ്ഞവ ആദ്യത്തിൽ പറയുകയും ചെയ്തു.


ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാഹ് പറയുന്നു: "അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ പാപങ്ങളിൽ ഏറ്റവും ഗുരുതരമായതായി അള്ളാഹു നിശ്ചയിച്ചു." അപ്പോൾ അല്ലാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുകയെന്നത് നിഷിദ്ധമായവയിൽ ഏറ്റവും കടുത്തതത്രെ. ശിർക്കിന്റെയും കുഫ് റിന്റെയും അടിസ്ഥാനവും അത് തന്നെയാണ്. ബിദ്അത്തുകൾ സ്ഥാപിക്കപ്പെട്ടത് അതിന്മേലാണ്. അത് കൊണ്ട് തന്നെ, സലഫുകൾ മറ്റൊരു അധർമത്തിനും നൽകാത്ത ഗൗരവം അല്ലാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കുന്നതിനു നൽകി.

സ്വന്തം ബുദ്ധിയുടേയും യുക്തിയുടേയും അടിസ്ഥാനത്തിൽ പ്രമാണങ്ങളുടെ യാതൊരു പിൻബലവുമില്ലാതെ അല്ലാഹുവിന്റെ പേരിൽ സംസാരിക്കുകയും മതപ്രചാരകരും പ്രബോധകരുമായി സ്വയം അവരോധിക്കുകയും ചെയ്യുന്നവർ കരുതിയിരിക്കുക.

​                                                                                                                                                           ബശീർ പുത്തൂർ

:: സത്യത്തിൽ നിലക്കൊള്ളുക



 സത്യത്തിൽ നിലക്കൊള്ളുക


قال الشيخ الألباني رحمه الله:
"طريق الله طويل ونحن نمضي فيه كالسلحفاه، وليس الغايه أن نصل لنهاية الطريق، ولكن الغايه أن نموت على الطريق".


ശൈഖ് മുഹമ്മദ്‌ നാസ്വിറുദ്ധീൻ അൽ അൽബാനി റഹിമഹുല്ലാഹ് പറഞ്ഞു: "അല്ലാഹുവിലേക്കുള്ള മാർഗ്ഗം സുധീർഘമാണ്. നാം ആ മാർഗ്ഗത്തിൽ ഒരു ആമയെപ്പോലെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ മാർഗ്ഗത്തിന്റെ അറ്റം വരെയെത്തുക എന്നതല്ല ലക്ഷ്യം. മറിച്ച് ആ മാർഗ്ഗത്തിലായിക്കൊണ്ടു നാം മരിക്കുക എന്നതാണ്."

ശൈഖ് മുഹമ്മദ്‌ ഉസ്‌മാൻ അൽ അഞ്ചരി  ഹഫിദഹുല്ലാഹ് പറഞ്ഞു: തങ്കലിപികളാൽ എഴുതപ്പെടേണ്ട വാക്കുകളാണിവ. ഓരോ സലഫിയും അന്തിമഫലമെന്തെന്നു നോക്കാതെ വിശുദ്ധ ഖുർആനും സുന്നത്തും സഹാബികളെപ്പോലെ മനസ്സിലാക്കി നന്മയിൽ അവിശ്രമം മുന്നിടുകയാണ് വേണ്ടത്. നന്മയുടെ മാർഗ്ഗത്തിൽ അറ്റം വരെയെത്തുവാൻ സാധിച്ചില്ലെങ്കിലും സലഫീ ആദർശം മുറുകെപ്പിടിച്ചു ജീവിച്ച് ആ മാർഗ്ഗത്തിൽ മരണം വരെ നിലനിൽക്കുകയെന്നതാവണം നമ്മുടെ ലക്ഷ്യം - എന്ന സന്ദേശമാണ് ശൈഖ് അൽബാനി നൽകുന്നത്.

:: പിശാചുക്കളെ എറിയുകയോ ?!!

بسم الله الرحمن الرحيم
പിശാചുക്കളെ എറിയുകയോ ?!!

പൊതുജനങ്ങളിലധികമാളുകളും വിശ്വസിക്കുന്നത് ജംറയിൽ എറിയൽ പിശാചുക്കളെ എറിയുകയാണെന്നാണ്. ഞങ്ങൾ പിശാചുക്കളെ എറിയുകയാണെന്ന് അവർ പറയുകയും ചെയ്യുന്നു. ജംറയെ ചീത്ത പറയുന്നവരെയും അട്ടഹസിക്കുന്നവരെയും  കോപിക്കുന്നവരെയും അതിനോട് പാരുഷ്വം കാണിക്കുന്നവരെയും നിങ്ങൾക്ക് കാണാം. (അല്ലാഹു നമ്മെ കാത്തുസംരക്ഷിക്കടെ). എത്രത്തോളമെന്നാൽ ജംറക്കടുത്ത് പാലം നിർമിക്കുന്നതിനു മുമ്പ് ഒരാൾ തൻറെ ഭാര്യയോടൊപ്പം ചരൽകല്ലുകളിൽ കയറി ചെരുപ്പ് കൊണ്ട് ആ തൂണിനെ അടിക്കുന്നതായി ഞാൻ കണ്ടു. അവർക്ക് ഏറു തട്ടിയിട്ടും അത് പരിഗണിക്കാതെ അവരിങ്ങനെ ചെയ്യുന്നുവെന്നതിൽ അത്ഭുതകരം തോന്നി. ഇത് വളരെ വലിയ അജ്ഞത തന്നെ.

യഥാർത്ഥത്തിൽ ജംറകളിൽ എറിയുകയെന്നത് മഹത്തായ ഒരു ഇബാദത്താണ്. അതിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞതു് ഇങ്ങനെയാണ്:

«إِنَّمَا جُعِلَ الطَّوَافُ بِالْبَيْتِ وَبَيْنَ الصَّفَا وَالْمَرْوَةِ وَرَمْيُ الْجِمَارِ لِإِقَامَةِ ذِكْرِ اللَّهِ»
"നിശ്ചയമായും ത്വവാഫും സഫാ മർവയിലെ ഓട്ടവും ജംറയിലെ ഏറുമെല്ലാം അല്ലഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്തുവാൻ വേണ്ടിയാണ്". ഇതാണ് ജംറയിൽ എറിയുന്നതിൻറെ ഹിക്മത്ത്. അതുകൊണ്ടാണ് ഓരോ എറിലും നാം തക്ബീർ ചൊല്ലുന്നത്. أعوذ بالله من الشيطان الرجيمഎന്ന് ചൊല്ലുന്നില്ലല്ലോ. മറിച്ച് ഈ കല്ലേറ് നിയമമാക്കിയ അല്ലാഹുവിനെ മഹത്വപെടുത്തിക്കൊണ്ട് الله أكبرഎന്നാണ് പറയുന്നത്.

യഥാർത്ഥത്തിൽ ഈ കല്ലേറ് അല്ലാഹുവിന്നുള്ള പൂർണ്ണമായ അനുസരണവും അങ്ങേയറ്റത്തെ കീഴ്പ്പെടലുമാണ്. കാരണം ഈ ജംറകളിൽ എറിയുന്നതിൻറെ യാതൊരു ഹിക്മത്തും മനുഷ്യന്ന് അറിയില്ല. മറിച്ച് അല്ലാഹു പറഞ്ഞതനുസരിക്കുക മാത്രമാണ് അവൻ ഇതിലൂടെ ചെയ്യുന്നത്. ഹിക്മത്ത് അറിയാതിരുന്നിട്ടും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവന് കീഴ്പെടുകയെന്നത് ആരാധനയുടെ പൂർണ്ണതയാണ്.(1) കാരണം ആരാധനകളിൽ അതിൻറെ യുക്തി നമുക്ക് അറിയാവുന്നതും വളരെ പ്രകടമായവയുമുണ്ട്. അവിടെ മനുഷ്യൻ അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും പിന്നെ അവന് അതിലുള്ള നന്മകൾ അറിഞ്ഞുകൊണ്ടും അവന് കീഴ്പെടുന്നു. ഇനി ആരാധനകളിൽ അതിൻറെ യുക്തി നമുക്ക് അറിയാത്തവയുമുണ്ട്. പക്ഷെ അല്ലാഹു കൽപ്പിക്കുകയും തൻറെ അടിമകൾക്ക് അത് നിയമമാക്കുകയും ചെയ്തുവെന്നത് തന്നെ ഒരു ഹിക് മത്താണ്. അല്ലാഹു തആലാ പറയുന്നു:

﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ [الأحزاب:36]
"അല്ലാഹുവും അവൻറെ റസൂലും ഒരു കാര്യം വിധിച്ചാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകടെ സ്ത്രീക്കാകടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ ഒരഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല".

ഇത്തരം ആരാധനകളിലൂടെ മനസ്സിലുണ്ടാവുന്ന ഭയഭക്തിയും അല്ലാഹുവിലേക്കുള്ള മടക്കവും അല്ലാഹുവിൻറെ പൂർണ്ണതയും മനുഷ്യൻറെ പരിമിതിയും അംഗീകരിക്കലും മനുഷ്യൻ തൻറെ റബ്ബിലേക്ക് അങ്ങേയറ്റം ആവശ്യക്കാരെനാണെന്ന ബോധമുണ്ടാവലും തന്നെ ഏറ്റവും വലിയ നന്മയാണ്.

                                                                    ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് അൽഉസൈമീൻ                                                                    source: sahab salafi network

(1) ശൈഖിന് അല്ലാഹു റഹ് മത്ത് ചെയ്യടെ. എത്ര അർത്ഥവത്തായ വാചകങ്ങൾ!. ഇക്കാലത്ത് എന്ത് ചെയ്യുമ്പോഴും ആളുകൾക്ക് അതിൻറെ ഹിക്മത്ത് അറിയണം. ദീനിയായ ഒരു വിധി പറയുമ്പോൾ ഉടനെ തിരുച്ചു ചോദിക്കും: അതിൻറെ യുക്തിയെന്താണ്?. യുക്തി അറിഞ്ഞാൽ മാത്രമേ അത്തരക്കാരുടെ മനസ്സ് അല്ലാഹുവിൻറെ ദീനിയായ വിധികൾക്ക് പൂർണ്ണമായി കീഴ്പെടുകയുള്ളൂവെന്ന് കാണാം. എന്നല്ല എല്ലാ വിഷയത്തിലും അതിൻറെ യുക്തി എന്തെന്നറിയുകയെന്നത് ഒരു ക്രെഡിറ്റ് ആയി അത്തരക്കാർ കാണുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇത് ഈമാനിൻറെ കുറവാണ്. സച്ചരിതരായ സ്വഹാബത്ത് ഇങ്ങനെ ചോദിച്ചില്ലല്ലോ?!. യുക്തി അറിഞ്ഞാലും ഇല്ലെങ്കിലും അല്ലാഹുവും റസൂലും പറഞ്ഞതാണോ, എങ്കിൽ ഞാൻ അനുസരിച്ചു എന്നതാവണം ഒരു സത്യവിശ്വാസിയുടെ നിലപാട്. പ്രഥമദൃഷ്ട്യാ നമ്മുടെ യുക്തിക്ക് യോജിക്കാത്തതാണെന്നു തോന്നിയാൽ പോലും നാം നമ്മുടെ മനസ്സിനെ അല്ലാഹുവിൻറെ ദീനിന് കീഴ്പെടുത്തുക. അല്ലാഹു എല്ലാം സൂക്ഷ്മയായി അറിയുന്നവനാണെന്നും യുക്തിയോടു കൂടെയല്ലാതെ അവൻ യാതൊന്നും ചെയ്യില്ലെന്നും നമുക്ക് വളരെ പരിമിതമായ ബുദ്ധി മാത്രമെ നല്കപെട്ടിട്ടുള്ളൂവെന്നും നാം മനസ്സിലാക്കുക. 

wayofsahaba.blogspot.com

:: ദുൽഹിജ്ജ പത്തിന്റെ ശ്രേഷ്ഠത


 بسم الله الرحمن الرحيم

ദുൽഹിജ്ജ പത്തിന്റെ ശ്രേഷ്ഠത

നന്മകളില്‍ മുന്നിടുവാനാഗ്രഹിക്കുന്ന വിശ്വാസികള്‍ക്കിതാ വിശുദ്ധിക്കൊരവസരം. സത്യവിശ്വാസികള്‍ക്ക് സന്തോഷമേകി ദുല്‍ഹിജ്ജ മാസം സമാഗതമായി. പുണ്യങ്ങള്‍ സമ്പാദിക്കുവാന്‍ ഇതിനോളം ശ്രേഷ്ഠമായ സുദിനങ്ങള്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വേറെയില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
عن جابر بن عبد الله رضي الله عنه، أن رَسُولُ اللَّهِ صلى الله عليه وسلم قَالَ: «أفضل أيام الدنيا أيام العشر»[ صححه الألباني في صحيح الجامع الصغير، 1133 ]
ജാബിര്‍ (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ദിനങ്ങളില്‍ വെചേറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹിജ്ജ) പത്തു ദിനങ്ങളാകുന്നു".

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ "ഹജ്ജി"ല്‍ അല്ലാഹു പറഞ്ഞു:
[وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ]   [سورة الحج:28].
"അറിയപെട്ട ദിനങ്ങളില്‍ അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി"
ഇബ്നു അബ്ബാസ്  റളിയല്ലാഹു അന്‍ഹു പറഞ്ഞു:  "അറിയപ്പെട്ട ദിനങ്ങള്‍ എന്നത് ദുല്‍ഹിജ്ജ പത്തു ദിനങ്ങളാകുന്നു".  (ബുഖാരി).

കൂടാതെ സൂറത്തുല്‍ "ഫജ്റി"ല്‍ അല്ലാഹു ദുല്‍ഹിജ്ജ പത്തിനെ പ്രത്യേകം സത്യം ചെയ്തു പറഞ്ഞുവെന്നതും ഈ ദിനങ്ങളുടെ മഹത്വമറിയിക്കുന്നു.  കാരണം അല്ലാഹു അവന്റെ സൃഷ്ടികളില്‍ പ്രധാന്യമര്‍ഹിക്കുന്നവയെക്കൊണ്ടാണ് സത്യം ചെയ്തുപറയുക.

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തും റമദാന്‍ മാസത്തിലെ അവസാനപത്തും ഏതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ചോദിക്കപെട്ടപോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ റഹിമഹുല്ലാഹ്  പറഞ്ഞു:  റമദാനിലെ അവസാന പത്തുരാത്രികള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തുരാത്രികളേക്കാള്‍ ശ്രേഷ്ഠമാണ്. എന്നാല്‍ ദുല്‍ഹിജ്ജയിലെ ആദ്യ ത്തുപകലുകള്‍ റമദാനിലെ അവസാന ത്തുപകലുകളെക്കാളും ശ്രേഷ്ഠമായതാണ്.

ഈ ദിനങ്ങളുടെ മറ്റൊരു ശ്രേഷ്ഠത അറഫാദിനം ഇതിലുള്‍പെടുന്നു എന്നതാണ്. അറഫാ നോമ്പിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്:  കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാന്‍ പോകുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപെടും എന്നാണല്ലോ.  മാത്രമല്ല, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വിശുദ്ധഹജ്ജിന്റെ ഏതാണ്ടെല്ലാ കര്‍മ്മങ്ങളും ഈ ദിനങ്ങളിലാണ് നിര്‍വഹിക്കപെടുന്നത്.  മുസ്‌ലിം ലോകം ബലിപെരുന്നാള്‍  ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏറെ ശ്രേഷ്ഠമായ ബലികര്‍മ്മവും ഈ ദിനങ്ങളില്‍ തന്നെ.

ഇമാം ഇബ്നുഹജര്‍ റഹിമഹുല്ലാഹ്  പറഞ്ഞു:  ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ ഇത്രയും ശ്രേഷ്ഠമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്.  മറ്റു യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി)

ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നല്കിയ വലിയൊരനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയെങ്കില്‍ അതിന്നർത്ഥം അല്ലാഹു നമ്മെ അതിയായി അനുഗ്രഹിച്ചുവെന്നാണല്ലോ. ഈ അനുഗ്രഹത്തിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കടെ.

ഈ സുദിനങ്ങളില്‍ സത്യവിശ്വാസികൾ സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന്ന് അതിയായി ഇഷ്ടപെട്ടതാണെന്ന് അബൂദാവൂദ് റിപോര്ട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് കാണാം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  
عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر،  فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء»  [رواه أبو داود: 2438، وصححه الألباني].

ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സല്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?!  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപെട്ട് മടങ്ങിവരാത്തയാളൊഴികെ".

ഇത്രയും ശ്രേഷ്ഠവും സല്കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടപെട്ടതുമായ ദിനങ്ങളാണ് നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത് എന്നറിയുമ്പോള്‍ ഒരു സത്യവിശ്വാസിയുടെ അകതാരില്‍ അലതല്ലുന്ന ആഹ്ലാദം അതീവമായിരിക്കും.നന്മ സമ്പാദിക്കുവാന്‍ ഈ സുദിനങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന സല്‍കര്‍മ്മങ്ങള്‍ ഒരുപാടാണ്‌. സുന്നത്ത് നോമ്പ്, ദാനധര്‍മ്മം, സുന്നത്ത് നമസ്കാരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം, തക്ബീര്‍, ഉളുഹിയ്യത്ത്, പ്രാര്‍ത്ഥന, ദിക്‌ര്‍, ഇസ്തിഗ് ഫാര്‍, തുടങ്ങിയവയെല്ലാം ഈ നാളുകളില്‍ നന്മ സമ്പാദിക്കുവാന്‍ സഹായകരമായ സല്കര്‍മ്മങ്ങളില്‍ പെടുന്നു. അതിനാൽ  ഈ സുവര്‍ണ്ണാവസരം നഷ്ടപെടാതിരിക്കാൻ മാനസികമായി ഒരുങ്ങുക... കഴിയുന്നത്ര കര്‍മ്മനിരതനാവുക... അല്ലാഹു നമ്മെ അനുഗ്രഹിക്കടെ, ആമീന്‍.


:: ഉലമാക്കളുടെ വാക്ക് സ്വീകരിക്കുക

ഉലമാക്കളുടെ വാക്ക് സ്വീകരിക്കുക

ചില ആളുകൾ ചില പ്രത്യേക മദ്ഹബുകളോടോ അല്ലെങ്കിൽ പണ്ഡിതന്മാരോടോ പക്ഷപാതിത്വം കാണിക്കുന്നു. മറ്റുചിലർ ഇത് പറ്റെ അവഗണിക്കുകയും പണ്ഡിതമാരുടെ ഉപദേശനിർദ്ദേശങ്ങൾ കണ്ടില്ലെന്നുനടിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ എന്താണ് താങ്കൾ ഉപദേശിക്കുന്നത്?

അതെ, ഇത് പരസ്പരവിരുദ്ധമായ രണ്ടു വശങ്ങളാണ്. ഒരു കൂട്ടർ തെളിവിന്ന് എതിരായി വന്നാൽ പോലും വ്യക്തികളുടെ അഭിപ്രായങ്ങളോട് പക്ഷപാതിത്വം കാണിച്ചുകൊണ്ട് അനുകരണത്തിൽ അതിര് കവിയുന്നു. ഇത് (ദീനിൽ) ആക്ഷേപാർഹമായ കാര്യമാണ്. ചിലപ്പോൾ ഇത് കുഫ്റിലേക്ക്  വരെ എത്തിച്ചേക്കാം. അല്ലാഹു കാത്തുസംരക്ഷിക്കട്ടെ. (ആമീൻ)

എന്നാൽ രണ്ടാമത്തെ വിഭാഗം ഖുർആനിനോടും സുന്നത്തിനോടും യോജിച്ചതാണെങ്കിൽ പോലും ഉലമാക്കളുടെ വാക്കുകൾ അപ്പാടെ തള്ളുകയും അവയിൽ നിന്നും പ്രയോജനമെടുക്കാതിരിക്കുകയും ചെയ്യുന്നവരാണ്. ഇത് വീഴ്ച വരുത്തലും ഒന്നാമത്തേത് അതിരുകവിയലുമാണ്.

യഥാർത്ഥത്തിൽ ഉലമാക്കളുടെ വാക്കുകളിലാണ് നന്മയുള്ളത്. വിശേഷിച്ചും സലഫിന്റെ അറിവ്, സഹാബികളുടെയും താബിഉകളുടെയും നാല് ഇമാമുമാരുടെയും ദീനിൽ അറിവുള്ളവരെന്ന് ഉമ്മത്ത്‌ സക്ഷ്യപ്പെടുത്തിയിട്ടുള്ള പണ്ഡിതന്മാരുടെയും അറിവ് (അതിലാണ് നന്മയെന്നർത്ഥം). അവരുടെ വാക്കുകളിൽ നിന്നാണ് ഉപകാരമെടുക്കേണ്ടതും കാര്യങ്ങൾ മനസ്സിലാക്കേണ്ടതും. എന്നാൽ അതൊരു സർവ്വാംഗീകൃത തത്വമായി എടുക്കണമെന്നുമില്ല. എന്നല്ല ഒരു അഭിപ്രായം തെളിവിന്ന് എതിരാണെന്ന് നാമറിഞ്ഞാൽ അപ്പോൾ തെളിവ് സ്വീകരിക്കുവാനാണ് നാം കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഒരു അഭിപ്രായം ഖുർആനിലോ സുന്നത്തിലോ ഉള്ള തെളിവിന്‌ എതിരല്ലാത്തേടത്തോളം നമുക്കത് സ്വീകരിക്കാം. ഇത് പക്ഷപാതിത്വമെന്ന നിലക്കല്ല. സച്ചരിതരായ സലഫിന്റെ അറിവുകൊണ്ടുപകാരമെടുക്കുകയും അതിൽ നിന്നും (കാര്യങ്ങൾ) പഠിക്കുകയും ചെയ്യുക എന്ന നിലക്കാണ്. അതാണ്‌ അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തിന്റെയും അവന്റെ റസൂലിന്റെ സുന്നത്തിന്റെയും ആശയങ്ങൾ മനസ്സിലാക്കുവാനുള്ള (ഏക)മാർഗ്ഗം.

ഉലമാക്കളുടെ വാക്കുകളിൽ നിന്നും ഖുർആനിനോടും സുന്നത്തിനോടും യോജിച്ചത് നാം സ്വീകരിക്കുകയും അതിനോടെതിരായത് ഉപേക്ഷിക്കുകയും ചെയ്യുക. ഉലമാക്കൾക്ക് സംഭവിക്കുന്ന തെറ്റുകളിൽ അവർക്ക് ഒഴികഴിവ് കണ്ടെത്തുകയും അവരുടെ മഹത്വം മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതാണ് മധ്യമനിലപാടും സത്യവുമായിട്ടുള്ളത്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«إذَا حَكَم الحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ وَاحِدٌ»
"ഒരു വിധികർത്താവ്‌ വിധിക്കുമ്പോൾ ഇജ്തിഹാദ് നടത്തുകയും എന്നിട്ടത് ശരിയാവുകയും ചെയ്‌താൽ അയാൾക്ക് രണ്ട് പ്രതിഫലവും ഇനിയത് തെറ്റിയാൽ അയാൾക്കൊരു പ്രതിഫലവുമുണ്ട്‌".

ഇജ്തിഹാദിന്റെ നിബന്ധനകൾ പൂർത്തിയായിട്ടുള്ള ആളുകളാണെങ്കിൽ അത്തരമാളുകളിൽ നിന്നുള്ള തെറ്റ് പൊറുക്കപ്പെടുന്നതാണ്. എന്നാൽ അറിവില്ലാത്തവനോ അറിവിന്റെ കാര്യത്തിൽ വളരെ തുടക്കക്കാരനോ ആയ ഒരാളാണെങ്കിൽ അവന് ഇജ്തിഹാദ് ചെയ്യാനേ പാടില്ല. അയാൾ ഇജ്തിഹാദ് നടത്തിയാൽ - അത് തെറ്റായിരുന്നാലും ശരിയായിരുന്നാലും ശരി - അവൻ തെറ്റുകാരനായിരിക്കും. കാരണം ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ് അവൻ ചെയ്തത്.

                                                                                   ശൈഖ് സ്വാലിഹുൽ ഫൗസാൻ

source:
"الأجوبة المفيدة عن أسئلة المناهج الجديدة"
للشيخ صالح الفوزان حفظه الله
 

www.wayofsahaba.blogspot.com

:: ദിക്റിന്റെ ശ്രേഷ്ഠത

بسم الله الرحمن الرحيم 
ദിക്റിന്റെ ശ്രേഷ്ഠത
 
അല്ലാഹുവിനെ അവന്റെ സമുന്നതമായ നാമങ്ങളിലൂടെയും സല്‍വിശേഷണങ്ങളിലൂടെയും പുകഴ്ത്തുവാന്‍ അവന്‍ നമുക്ക് പഠിപ്പിച്ചുതന്നിട്ടുള്ള മഹത്തരമായ വചനങ്ങളാണ് ദിക്റുകള്‍. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിര്‍ത്തുന്ന ഇത്തരം ദിക്റുകളുടെ മഹത്വം അതീവവും പ്രതിഫലം അത്യധികവുമാണ്. വിശുദ്ധഖുര്‍ആനില്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുവാനുള്ള കല്‍പന നമുക്ക് കാണാം. അല്ലാഹു പറയുന്നു:
 
﴿يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّهَ ذِكْرًا كَثِيرًا (41) وَسَبِّحُوهُ بُكْرَةً وَأَصِيلًا [الأحزاب:41-42]
"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക." കാരണം അല്ലാഹുവിനെ  ധാരാളമായി സ്മരിക്കുന്നവരാണ് പരലോകത്ത് വിജയം വരിക്കുന്നവര്‍. അല്ലാഹു പറയുന്നു:

﴿وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ [الجمعة:10]
"നിങ്ങള്‍ വിജയികളാകുവാന്‍ ധാരാളമായി അല്ലാഹുവിനെ സ്മരിക്കുക." അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും അതുവഴി പരലോകത്ത് വിജയം കൈവരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് വളരെ വലിയ പ്രതിഫലമാണ് അല്ലാഹു ഒരുക്കിവെച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: 

﴿وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيمًا [الأحزاب:35]
"...അല്ലാഹുവിനെ അതിയായി സ്മരിക്കുന്ന പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു." ഈ വിശുദ്ധവചനങ്ങളും ഇതുപോലെ ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളും ദിക്റിന്റെ ശ്രേഷ്ഠത നമുക്ക് മനസ്സിലാക്കിത്തരുന്നു. അല്ലാഹു അവനെ സ്മരിക്കുന്നവരോടൊപ്പമായിരിക്കുമെന്നും അവനെ ഓര്‍ക്കുന്നവരെ അവന്‍ ഒര്‍ക്കുമെന്നും അല്ലാഹുവിങ്കല്‍ ഏറ്റവും ശ്രേഷ്ഠര്‍ അവനെ ധാരാളമായി സ്മരിക്കുന്നവരാണെന്നും വിശദീകരിക്കുന്ന ഹദീസുകള്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ചുരുക്കത്തില്‍ ദിക്ര്‍ ഏറെ മഹത്വമുള്ള വളരെ വലിയൊരു ഇബാദത്ത് തന്നെ. അല്ലാഹു പറയുന്നു:

﴿وَلَذِكْرُ اللَّهِ أَكْبَرُ [العنكبوت:45]
"അല്ലാഹുവിനെ സ്മരിക്കുകയെന്നതാണ് ഏറ്റവും വലിയതായിട്ടുള്ളത്." ഇത്രയും മഹത്തരമായ ഈ ദിക്ര്‍ യഥാവിധി ജീവിതത്തിൽ നിലനിർത്തുമ്പോഴാണ് മനുഷ്യന് മനസ്സമാധാനം ലഭിക്കുന്നത്. അല്ലാഹു പറയുന്നത് കാണുക:

﴿أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ [الرعد:28]
"അറിയുക, അല്ലാഹുവെ അനുസ്മരിക്കുന്നതിലൂടെയാണ് മനസ്സുകള്‍ ശാന്തിയടയുന്നത്." പക്ഷെ നാവുകൊണ്ട് ചൊല്ലുന്ന ഈ ദിക്റുകള്‍ യഥാര്‍ത്ഥത്തില്‍ മഹത്തരമായിത്തീരുന്നത് മനസ്സാന്നിദ്ധ്യത്തോടെദിക്റുകളിലടങ്ങിയിട്ടുള്ള ഉന്നതമായ ആശയങ്ങള്‍ നാം മനസ്സിലാക്കി ചൊല്ലുമ്പോഴാണ്.

ഒരു സത്യവിശ്വാസിയുടെ ജീവിതം ദിക്റുകള്‍ നിറഞ്ഞതാവണം. ഒരു നിമിഷനേരത്തേക്കുപോലും സ്രഷ്ടാവായ അല്ലാഹുവെക്കുറിച്ചുള്ള സ്മരണയില്‍ നിന്നും ധന്യനാവാന്‍ നിസ്സാരനായ മനുഷ്യന് കഴിയില്ല. മഹാനായ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ തിരുജീവിതം ദിക്റുകള്‍ നിറഞ്ഞതായിരുന്നുവെന്ന് സത്യവിശ്വാസികളുടെ മാതാവായ ആയിഷ റളിയല്ലാഹു അന്‍ഹാ പറയുന്നു:

«كَانَ النَّبِىُّ صَلَّى الله عَلَيْهِ وَسَلَّم يَذْكُرُ اللَّهَ عَلَى كُلِّ أَحْيَانِهِ» [رواه البخاري ومسلم]
"നബി സല്ലല്ലാഹു അലൈഹി വസല്ലം എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സ്മരിക്കാറുണ്ടായിരുന്നു." യഥാര്‍ത്ഥത്തില്‍ ഒരു സത്യവിശ്വാസിക്ക്‌ ധാരാളമായി അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുവാന്‍ പ്രചോദനമായി ഇമാം ഇബ്‌നുമാജ ഉദ്ധരിച്ച താഴെപ്പറയുന്ന ഒരു ഹദീസ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ അത് മതിയകുമായിരുന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«أَلاَ أُنَبِّئُكُمْ بِخََيْرِ أَعْمَالِكُمْ وَأَزْكَاهَا عِنْدَ مَلِيكِكُمْ وَأَرْفَعِهَا فِي دَرَجَاتِكُمْ وَخَيْرٌ لَكُمْ مِنْ إِنْفَاقِ الذَّهَبِ وَالْوَرِقِ وَخَيْرٌ لَكُمْ مِنْ أَنْ تَلْقَوا عَدُوَّكُمْ فَتَضْرِبُوا أَعْنَاقَهُمْ وَيَضْرِبُوا أَعْنَاقَكُمْ قَالُوا: بَلَى، قَالَ: ذِكْرُ الله تَعَالَى» 
[رواه ابن ماجة وصححه الألباني في صحيح الجامع]
നിങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങളിലേറ്റവും നല്ലതും നിങ്ങളുടെ ഉടമസ്ഥന്റെയടുത്ത് ഏറ്റവും പരിശുദ്ധമായിട്ടുള്ളതും നിങ്ങളുടെ പദവി അങ്ങേയറ്റമുയര്‍ത്തുന്നതും സ്വര്‍ണ്ണവും വെള്ളിയും ചിലവഴിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് ഖൈറായിട്ടുള്ളതും നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ കണ്ടുമുട്ടുകയും എന്നിട്ട് നിങ്ങളവരുടെയും അവര്‍ നിങ്ങളുടെയും കഴുത്ത് വെട്ടുകയും (അഥവാ ജിഹാദ് നടത്തി ശഹീദാവുകയും) ചെയ്യുന്നതിനേക്കാള്‍ നിങ്ങള്‍ക്കുത്തമമായിട്ടുള്ളതും ആയ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കറിയിച്ചു തരട്ടെയോ? അവര്‍ (സ്വഹാബികള്‍) അതെയെന്ന് പറഞ്ഞു: അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: ഉന്നതനായ അല്ലാഹുവിനെ സ്മരിക്കുക (എന്നതാണത്). [ഇബ്‌നുമാജഅല്‍ബാനി സ്വഹീഹാക്കിയത്]

ഇത്രയും പ്രതിഫലവും ശ്രേഷ്ഠതയുമുള്ളതും ദിക്റിനോളം എളുപ്പത്തില്‍ ചെയ്യാവുന്നതുമായ മറ്റൊരു ഇബാദത്ത് വേറെയുണ്ടോ? മാത്രമല്ല മറ്റു അമലുകളിലുള്ള കുറവുകള്‍ ദിക്റുകളിലൂടെ നമുക്ക് നികത്തുവാനും കഴിയും.

ഒരിക്കല്‍ പ്രായം ചെന്ന ഒരു സ്വഹാബി നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുത്തുവന്ന് പറഞ്ഞു: പ്രായാധിക്യത്താല്‍ ദീനീ കര്‍മ്മങ്ങള്‍ എനിക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമായിരിക്കുന്നു. അതിനാലെനിക്ക് മുറുകെപ്പിടിക്കുവാനായി ഒരു കാര്യം പറഞ്ഞുതരൂ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അയാളോട് പറഞ്ഞു:

«لاَ يَزَالُ لِسَانُكَ رَطْبًا بِذِكْرِ اللهِ تَعَالَى» 
[رواه الترمذي وصححه الألباني]
"അല്ലാഹു തആലയെക്കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കട്ടെ.
അഥവാ "ദിക്ര്‍ നിലനിർത്തുവാനുള്ള ഒരു ആലങ്കാരിക പ്രയോഗമാണിത്" [تحفة الأحوذي بشرح جامع الترمذي]

ബുഖാരിയിലും മുസ്‌ലിമിലും മറ്റു ചില സുനനുകളിലുമെല്ലാം വന്നിട്ടുള്ള ഒരു ഹദീസില്‍ അബൂഹുറൈറ റളിയല്ലാഹു അന്‍ഹു പറയുന്നു: ഒരിക്കല്‍ മുഹാജിറുകളില്‍ പെട്ട ദരിദ്രര്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുത്തുവന്ന് പറഞ്ഞു: സമ്പന്നര്‍ ഉന്നത പദവികളും സ്ഥായിയായ സൗഖ്യവും കൊണ്ടുപോയി. കാരണം ഞങ്ങള്‍ നമസ്കരിക്കുന്നതുപോലെ അവര്‍ നമസ്കരിക്കുകയും ഞങ്ങള്‍ നോമ്പ് നോല്‍ക്കുന്നതുപോലെ അവര്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നു. അവര്‍ സ്വദഖ ചെയ്യുന്നു ഞങ്ങള്‍ സ്വദഖ ചെയ്യുന്നില്ല. അവര്‍ അടിമകളെ മോചിപ്പിക്കുന്നു ഞങ്ങള്‍ അടിമകളെ മോചിപ്പിക്കുന്നില്ല. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:  മുന്‍കടന്നുപോയവരോടൊപ്പമെത്താനും നിങ്ങള്‍ക്ക് ശേഷമുള്ളവരെ മുന്‍കടക്കുവാനും സാധിക്കുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പഠിപ്പിച്ചു തരട്ടെയോ? അവര്‍ അതെയെന്നു പറഞ്ഞു: അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവർക്ക് ഓരോ (ഫര്‍ള്) നമസ്കാര ശേഷവും മുപ്പത്തിമൂന്ന് പ്രാവശ്യം സുബ് ഹാനല്ലാഹ് എന്നും അല്‍ഹംദുലില്ലാഹ് എന്നും അല്ലാഹു അക്ബര്‍ എന്നും ശേഷം (നൂറ് തികച്ചുകൊണ്ട്) ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹു... എന്ന് തുടങ്ങുന്ന ദിക്റും ചൊല്ലുവാന്‍ പഠിപ്പിച്ചുകൊടുത്തു. [ഹദീസിന്റെ ചുരുക്കമാണിത്]

ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്‌നുൽ ഖയ്യിം റഹിമഹുല്ലാഹ് ദിക്റിന്റെ ശ്രേഷ്ഠതകൾ വിശദീകരിച്ച സന്ദർഭത്തിൽ പറയുകയുണ്ടായി: "നിർബ്ബന്ധമായതല്ലാത്ത ഹജ്ജ് പോലുള്ള സാമ്പത്തികമോ ശാരീരികമോ ആയ ഏത് സുന്നത്തായ കർമ്മത്തിനും ദിക്ർ പകരം നിൽക്കുന്നതാണ്." [الوابل الصيب]

ഒരിക്കല്‍ മഹാനായ സ്വഹാബി മുആദ്‌ ബിന്‍ ജബല്‍ റളിയല്ലാഹു അന്‍ഹു നബി സല്ലല്ലാഹു അലൈഹി വസല്ലമയോട് അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട കര്‍മ്മമേതാണെന്നു ചോദിച്ചപ്പോള്‍ നബിതിരുമേനി പറഞ്ഞു:

«أَنْ تَمُوتَ وَلِسَانُكَ رَطْبٌ  مِنْ ذِكْرِ اللهِ تَعَالَى» 
[صححه الألباني، انظر الصحيحة:1836]
"അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയാല്‍ നിന്റെ നാവ് നനഞ്ഞിരിക്കെ നീ മരണം വരിക്കുകയെന്നതാണത്." നിരന്തരമായി അല്ലാഹുവിനെ സ്മരിക്കുന്നതിന് ഇത്രയും ശ്രേഷ്ഠതകളുണ്ടെന്നു മാത്രമല്ല അല്ലാഹുവിനെ സ്മരിക്കാത്ത മനുഷ്യനെ മയ്യിത്തിനോടാണ് നബി സല്ലല്ലാഹു അലൈഹി വസല്ലം ഉപമിച്ചിട്ടുള്ളത്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
 
«مَثَلُ الَّذِي يَذْكُرُ رَبَّهُ وَالَّذِي لاَ يَذْكُرُ مَثَلُ الْحَىِّ وَالْمَيِّتِ» 
[رواه البخاري]
"അല്ലാഹുവിനെ സ്മരിക്കുന്നവരുടെയും സ്മരിക്കാത്തവരുടെയും ഉപമ ജീവിച്ചിരിക്കുന്നവന്റെയും മരിച്ചവന്റെയും ഉപമ പോലെയാണ്." ദുനിയാവിൽ വളരെ തുച്ചമായ വിഭവങ്ങൾക്കായ് മണിക്കൂറുകൾ കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന നമ്മൾക്ക് ഇത്രയും പ്രതിഫലമുള്ളതും എളുപ്പത്തിൽ ചെയ്യാവുന്നതും അല്ലാഹുവിന് അതിയായി ഇഷ്ടപ്പെട്ടതും നാവിന് ഭാരമേതുമില്ലാത്തതും പരലോകത്ത് സ്വർഗ്ഗം നമുക്ക് എളുപ്പമാക്കിത്തരുന്നതുമായ ഈ ദിക്റുകള്‍ ജീവിതത്തിൽ നിലനിർത്തുവാൻ സാധിക്കാതെ പോവുന്നുവെങ്കിൽ അതിനുകാരണം മറ്റൊന്നുമല്ല; പിശാച് തന്നെ. അതിനാൽ ഉപരിസൂചിത ആയത്തുകളും ഹദീസുകളും ആവർത്തിച്ച് വായിക്കുകയും അല്ലാഹുവിനോട്‌ നിരന്തരം സഹായം തേടുകയും  ചെയ്യുക. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുവാനും അവന്  ശുക്ർ കാണിക്കുവാനും അവൻ നമ്മെ അനുഗ്രഹിക്കട്ടെ, ആമീൻ. 

www.wayofsahaba.blogspot.com