FATAWA



ചില ആളുകൾ ചില പ്രത്യേക മദ്ഹബുകളോടോ അല്ലെങ്കിൽ പണ്ഡിതന്മാരോടോ പക്ഷപാതിത്വം കാണിക്കുന്നു. മറ്റുചിലർ ഇത് പറ്റെ അവഗണിക്കുകയും പണ്ഡിതമാരുടെ ഉപദേശനിർദ്ദേശങ്ങൾ കണ്ടില്ലെന്നുനടിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ എന്താണ് താങ്കൾ ഉപദേശിക്കുന്നത്?

അതെ, ഇത് പരസ്പരവിരുദ്ധമായ രണ്ടു വശങ്ങളാണ്. ഒരു കൂട്ടർ തെളിവിന്ന് എതിരായി വന്നാൽ പോലും വ്യക്തികളുടെ അഭിപ്രായങ്ങളോട് പക്ഷപാതിത്വം കാണിച്ചുകൊണ്ട് അനുകരണത്തിൽ അതിര് കവിയുന്നു. ഇത് (ദീനിൽ) ആക്ഷേപാർഹമായ കാര്യമാണ്. ചിലപ്പോൾ ഇത് കുഫ്റിലേക്ക്  വരെ എത്തിച്ചേക്കാം. അല്ലാഹു കാത്തുസംരക്ഷിക്കട്ടെ. (ആമീൻ)

എന്നാൽ രണ്ടാമത്തെ വിഭാഗം ഖുർആനിനോടും സുന്നത്തിനോടും യോജിച്ചതാണെങ്കിൽ പോലും ഉലമാക്കളുടെ വാക്കുകൾ അപ്പാടെ തള്ളുകയും അവയിൽ നിന്നും പ്രയോജനമെടുക്കാതിരിക്കുകയും ചെയ്യുന്നവരാണ്. ഇത് വീഴ്ച വരുത്തലും ഒന്നാമത്തേത് അതിരുകവിയലുമാണ്.

യഥാർത്ഥത്തിൽ ഉലമാക്കളുടെ വാക്കുകളിലാണ് നന്മയുള്ളത്. വിശേഷിച്ചും സലഫിന്റെ അറിവ്, സഹാബികളുടെയും താബിഉകളുടെയും നാല് ഇമാമുമാരുടെയും ദീനിൽ അറിവുള്ളവരെന്ന് ഉമ്മത്ത്‌ സക്ഷ്യപ്പെടുത്തിയിട്ടുള്ള പണ്ഡിതന്മാരുടെയും അറിവ് (അതിലാണ് നന്മയെന്നർത്ഥം). അവരുടെ വാക്കുകളിൽ നിന്നാണ് ഉപകാരമെടുക്കേണ്ടതും കാര്യങ്ങൾ മനസ്സിലാക്കേണ്ടതും. എന്നാൽ അതൊരു സർവ്വാംഗീകൃത തത്വമായി എടുക്കണമെന്നുമില്ല. എന്നല്ല ഒരു അഭിപ്രായം തെളിവിന്ന് എതിരാണെന്ന് നാമറിഞ്ഞാൽ അപ്പോൾ തെളിവ് സ്വീകരിക്കുവാനാണ് നാം കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഒരു അഭിപ്രായം ഖുർആനിലോ സുന്നത്തിലോ ഉള്ള തെളിവിന്‌ എതിരല്ലാത്തേടത്തോളം നമുക്കത് സ്വീകരിക്കാം. ഇത് പക്ഷപാതിത്വമെന്ന നിലക്കല്ല. സച്ചരിതരായ സലഫിന്റെ അറിവുകൊണ്ടുപകാരമെടുക്കുകയും അതിൽ നിന്നും (കാര്യങ്ങൾ) പഠിക്കുകയും ചെയ്യുക എന്ന നിലക്കാണ്. അതാണ്‌ അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തിന്റെയും അവന്റെ റസൂലിന്റെ സുന്നത്തിന്റെയും ആശയങ്ങൾ മനസ്സിലാക്കുവാനുള്ള (ഏക)മാർഗ്ഗം.

ഉലമാക്കളുടെ വാക്കുകളിൽ നിന്നും ഖുർആനിനോടും സുന്നത്തിനോടും യോജിച്ചത് നാം സ്വീകരിക്കുകയും അതിനോടെതിരായത് ഉപേക്ഷിക്കുകയും ചെയ്യുക. ഉലമാക്കൾക്ക് സംഭവിക്കുന്ന തെറ്റുകളിൽ അവർക്ക് ഒഴികഴിവ് കണ്ടെത്തുകയും അവരുടെ മഹത്വം മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതാണ് മധ്യമനിലപാടും സത്യവുമായിട്ടുള്ളത്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«إذَا حَكَم الحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ وَاحِدٌ»
"ഒരു വിധികർത്താവ്‌ വിധിക്കുമ്പോൾ ഇജ്തിഹാദ് നടത്തുകയും എന്നിട്ടത് ശരിയാവുകയും ചെയ്‌താൽ അയാൾക്ക് രണ്ട് പ്രതിഫലവും ഇനിയത് തെറ്റിയാൽ അയാൾക്കൊരു പ്രതിഫലവുമുണ്ട്‌".

ഇജ്തിഹാദിന്റെ നിബന്ധനകൾ പൂർത്തിയായിട്ടുള്ള ആളുകളാണെങ്കിൽ അത്തരമാളുകളിൽ നിന്നുള്ള തെറ്റ് പൊറുക്കപ്പെടുന്നതാണ്. എന്നാൽ അറിവില്ലാത്തവനോ അറിവിന്റെ കാര്യത്തിൽ വളരെ തുടക്കക്കാരനോ ആയ ഒരാളാണെങ്കിൽ അവന് ഇജ്തിഹാദ് ചെയ്യാനേ പാടില്ല. അയാൾ ഇജ്തിഹാദ് നടത്തിയാൽ - അത് തെറ്റായിരുന്നാലും ശരിയായിരുന്നാലും ശരി - അവൻ തെറ്റുകാരനായിരിക്കും. കാരണം ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ് അവൻ ചെയ്തത്.

                                                                                    ശൈഖ് സ്വാലിഹുൽ ഫൗസാൻ

source:
"الأجوبة المفيدة عن أسئلة المناهج الجديدة"
للشيخ صالح الفوزان حفظه الله
 

www.wayofsahaba.blogspot.com
 

 

പള്ളികളില്‍ ഇഅ'തികാഫ് ഇരിക്കുവാനും ആളുകളെ ദിക്റിന്റെ ഹല്‍ഖകളിലേക്കും നമസ്കാരതിലേക്കും ക്ഷണിക്കുവാനും അങ്ങാടികളിലും ദീവാനിയകളിലും ചുറ്റിനടന്ന് ദഅ'വത്ത് നടത്തുവാനും ഞങ്ങളെ ചിലര്‍ വിളിക്കുന്നു. ഞങ്ങളിലധികമാളുകളും സൂറത്തുല്‍ ഫാതിഹയും മറ്റേതാനും ചെറിയ സൂറത്തുകളിലുമധികം ഒന്നും മനസ്സിലാക്കിയിട്ടില്ലാത്തവരാണുതാനും. ഇതേക്കുറിച്ച് ശറഇന്റെ വിധിയെന്താണ്

ഉപജീവനമാര്‍ഗ്ഗം തേടുന്നതുപേക്ഷിച്ച് ഇഅ'തികാഫ് ഇരിക്കുവാനുള്ള ഈ ക്ഷണം ബാത്വിലാണ് (നിരര്‍ത്ഥകമാണ്). അതിലേക്ക് ക്ഷണിക്കുന്നവരുടെ ക്ഷണം സ്വീകരിക്കുവാന്‍ പാടില്ലാത്തതുമാണ്‌. അതുപോലെത്തന്നെ ക്ഷണിക്കുന്ന കാര്യം ശരിക്കുമറിയാതെ അല്ലാഹുവിലേക്ക് ജനങ്ങളെ ദഅ'വത്ത് നടത്തുവാനും പാടില്ല. അല്ലാഹു പറയുന്നു: 

﴿قُلْ هَـذِهِ سَبِيلِي أَدْعُو إِلَى اللّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي [يوسف:108]
"നബിയേ (പറയുക): ഇതാണ് എന്റെ മാര്‍ഗ്ഗം. ഞാനും എന്നെ പിന്‍പറ്റിയവരും അറിവിന്റെ അടിസ്ഥാനത്തില്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു".

എന്നാല്‍ അറിവില്ലാത്തയാള്‍ ഒരിക്കലും ദഅ'വത്ത് നടത്തുവാന്‍ കല്പിക്കപ്പെട്ടിട്ടില്ലമറിച്ച് അയാള്‍ അറിവ് നേടുവാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്‌. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«مَنْ يُرِدِ اللَّهُ بِهِ خَيْرًا يُفَقِّهْهُ فِى الدِّينِ»  [رواه البخاري ومسلم]
"അല്ലാഹു ഒരാള്‍ക്ക് നന്മ ഉദ്ദേശിച്ചാല്‍ അയാളെ ദീനില്‍ അറിവുള്ളവനാക്കും". അറിവ് നേടുവാന്‍ ശറഇയ്യായ ഇല്‍മിന്റെ മജ് ലിസുകളില്‍ ചെല്ലുകയെന്നത് ഏറ്റവും നല്ല ശ്രേഷ്ടമായ ആരാധനകളില്‍ പെട്ടതാണ്. പക്ഷെ അതോടൊപ്പം ജനങ്ങളെ ആശ്രേയിക്കാതിരിക്കാന്‍ ആവശ്യത്തിന് സമ്പാദിക്കുകയും വേണം.

                                                                                                ശൈഖ് ഇബ് നു ബാസ് 
 



ദഅ'വത്ത് നടത്താന്‍ സംഘടന നിര്‍ബ്ബന്ധമാണെന്ന് ചിലര്‍ വാദിക്കുന്നു; വിശേഷിച്ചും മുസ്‌ലിംകള്‍ക്ക് ശക്തിയില്ലാത്ത പ്രദേശങ്ങളില്‍?

അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കുക എന്നത് നമുക്ക് നിര്‍ബ്ബന്ധമായിട്ടുള്ള കാര്യമാണ്. അല്ലാഹു (سحبانه وتعالى) പറയുന്നു:
﴿قُلْ هَـذِهِ سَبِيلِي أَدْعُو إِلَى اللّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي [يوسف:108]

നബിയേ (പറയുക): ഇതാണ് എന്‍റെ മാര്‍ഗ്ഗം. ഞാനും എന്നെ പിന്‍പറ്റിയവരും അറിവിന്‍റെ അടിസ്ഥാനത്തില്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു.

എന്നാല്‍ ഇന്ന് ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ആയിത്തീര്‍ന്നതുപോലെ മുസ്‌ലിംകള്‍ വ്യത്യസ്ത വിഭാഗങ്ങളാവുകയും എന്നിട്ടെല്ലാ കക്ഷികളും തങ്ങളാണ് സത്യത്തിലെന്നും മറ്റുള്ളവരൊന്നും  സത്യത്തിലല്ലെന്നും വാദിക്കുന്ന ഈ രീതി ദഅ'വത്തിന്‍റെ മന്‍ഹജില്‍ പെട്ടതേയല്ല.

ഓരോ ഗ്രൂപ്പിനും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേകം മന്ഹജ് എന്ന ഒരവസ്ഥയില്ലാതെ തന്നെ അറിവിന്‍റെ അടിസ്ഥാനത്തില്‍ ആളുകളെ ദഅ'വത്ത് ചെയ്യുകയും അതില്‍ മറ്റുള്ളവരുടെ കൂടെ സഹകരിക്കുകയും ചെയ്യുകയെന്നതാണ് യഥാര്‍ത്ഥത്തില്‍ അറിവും കഴിവുമുള്ള ഒരു മുസ്‌ലിമിന്ന്‍ നിര്‍ബ്ബന്ധമായിട്ടുള്ളത്.

മുസ്‌ലിംകള്‍ക്ക് ഒരൊറ്റ മന്‍ഹജുണ്ടാവുകയും അവര്‍ പരസ്പരം സഹകരിക്കുകയും കൂടിയാലോചിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഇവിടെ ഉണ്ടാവേണ്ടത്. വ്യത്യസ്തവും വിഭിന്നവുമായ ഗ്രൂപ്പുകളും മന്‍ഹജുകളും നമുക്കാവശ്യമില്ല. കാരണം ഇത് മുസ്‌ലിംകളുടെ ഐക്യത്തെയും ഒരുമയെയും തകര്‍ക്കും. ഇസ്‌ലാമിക രാജ്യങ്ങളിലും മറ്റും ഇന്ന് രംഗത്തുള്ള സംഘടനകള്‍ക്കിടയില്‍ സംഭവിച്ചതുപോലെ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കത്തിനും ശത്രുതക്കും അത് കാരണമാക്കും. ഒരു സംഘടന ഉണ്ടാക്കുകയെന്നത് ദഅ'വത്തിന്‍റെ അത്യാവശ്യഘടകങ്ങളില്‍ പെട്ടതേയല്ല. മറിച്ച്‌ ദഅ'വത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളത് അറിവും ഹിക് മത്തുമുള്ളവരാണ്. അതൊരൊറ്റ വ്യക്തിയാണെങ്കില്‍ പോലും.
                                                                    
                                                                                                ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍




അല്ലാഹുവിലേക്ക് ആളുകളെ ക്ഷണിക്കുകയെന്നത് ഉലമാക്കള്‍ക്ക് മാത്രമേ പാടുള്ളൂവെന്നും അല്ലാത്തവര്‍ അവര്‍ക്കറിവുള്ള കാര്യങ്ങളിലേക്കും ആളുകളെ ക്ഷണിച്ചുകൂടായെന്നും ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്താണ് താങ്കളുടെ ഈ വിഷയത്തിലുള്ള തൗജീഹ്?

ഇത് തെറ്റിദ്ധാരണയല്ല. ഇതാണ് യാഥാര്‍ത്ഥ്യം. ദഅ'വത്ത് ഉലമാക്കള്‍ മാത്രമേ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ. എന്നാല്‍ വളരെ വ്യക്തമായ എല്ലാവര്‍ക്കുമറിയാവുന്ന ചില കാര്യങ്ങളുണ്ടിവിടെ. ഓരോരുത്തര്‍ക്കും അവരവരുടെ അറിവനുസരിച്ച് നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യാം. സ്വന്തം കുടുംബത്തോട് നമസ്കരിക്കുവാനും മറ്റു വ്യക്തമായ കാര്യങ്ങള്‍ ചെയ്യുവാനും  കല്‍പിക്കുക, പള്ളികളില്‍ വെച്ച് നമസ്കരിക്കുവാന്‍ കുട്ടികളോട് കല്‍പ്പിക്കുക പോലുള്ള ഈ കാര്യങ്ങള്‍ ചെയ്യല്‍ സാധാരണക്കാര്‍ക്കും നിര്‍ബ്ബന്ധമാണ്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: 

«مُرُوا أَبْنَاءَكُمْ بِالصَّلاَةِ لِسَبْعٍ، وَاضْرِبُوهُمْ عَلَيْهَا لِعَشْرٍ» 
[رواه أبو داود، وصححه الألباني]
ഏഴു വയസ്സാകുമ്പോള്‍ കുട്ടികളോട് നമസ്കരിക്കുവാന്‍ കല്‍പ്പിക്കുകയും പത്തു വയസ്സായാല്‍ അതിന്‍റെ പേരില്‍ അവരെ നിങ്ങള്‍ അടിക്കുകയും ചെയ്യുക.

നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«كُلُّكُمْ راعٍ، وكُلُّكُمْ مَسئُولٌ عَنْ رَعِيَّتِهِ»  [رواه البخاري]
എല്ലാവരും ഉത്തരവാദിത്വമുള്ളവരാണ്. എല്ലാവരും തന്‍റെ  കീഴിലുള്ളവരെക്കുറിച്ച് ചോദിക്കപ്പെടുന്നതുമാണ്.

(ഹദീസില്‍ പറഞ്ഞ) ഇക്കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക, നന്മ കല്‍പ്പിക്കുക, തിന്മ വിരോധിക്കുക എന്നൊക്കെയാണ് പറയപ്പെടുക.

നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«مَنْ رَأَى مِنْكُمْ مُنْكَرًا فَلْيُغَيِّرْهُ بِيَدِهِ فَإِنْ لَمْ يَسْتَطِعْ فَبِلِسَانِهِ فَإِنْ لَمْ يَسْتَطِعْ فَبِقَلْبِهِ»
[رواه مسلم]
നിങ്ങളിലൊരാള്‍ തെറ്റ് കണ്ടാല്‍ കൈ കൊണ്ട് അത് തിരുത്തിക്കൊള്ളട്ടെ. അതിന് സാധിച്ചില്ലെങ്കില്‍ നാവ് കൊണ്ട്. അതിനും സാധിച്ചില്ലെങ്കില്‍ ഹൃദയം കൊണ്ട്.

സ്വന്തം കുടുംബത്തെയും മറ്റുള്ളവരെയും നമസ്കരിക്കുവാനും നോമ്പനുഷ്ടിക്കുവാനും അല്ലാഹുവിന് കീഴ്പ്പെട്ട്‌ ജീവിക്കുവാനും കല്പിക്കുക, സ്വന്തം കുടുംബത്തെ തിന്മകളില്‍ നിന്നും വിമലീകരിക്കുക, കുട്ടികളെ ദീനനുസരിച്ച് വളര്‍ത്തുക എന്നീ കാര്യങ്ങളെല്ലാം സാധാരണക്കാരനടക്കം ഓരോ മനുഷ്യനും ബാധ്യതയായിട്ടുള്ളതാണ്. കാരണം ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതും വളരെ വ്യക്തവുമായ കാര്യങ്ങളാണ്. എന്നാല്‍ ഫത് വ നല്‍കുക, ഹലാലും ഹറാമും വിശദീകരിക്കുക, തൗഹീദും ശിര്‍ക്കും പഠിപ്പിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പണ്ഡിതന്മാര്‍ മാത്രം ചെയ്യേണ്ടതാണ്.

                                                                                                 ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍




ദഅ'വത്ത് ചെയ്യുന്ന ജമാഅത്തുകളും പ്രബോധകരും ഇന്ന്‍ വേണ്ടുവോളമുണ്ട്. പക്ഷെ സത്യം സ്വീകരിക്കുന്നവര്‍ വളരെ വിരളവും. എന്താണിതിലെ രഹസ്യം?

ഒന്നാമതായി: ദഅ'വത്തിന്റേതോ അല്ലാത്തതോ ആയ ഏതു വിഷയത്തിലാണെങ്കിലും ശരി ഒരുപാട് ജമാഅത്തുകളുണ്ടാവുക എന്നത് നാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച് നാമാഗ്രഹിക്കുന്നത് അറിവിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന സത്യസന്ധമായ ഒരു ജമാഅത്ത് ഇവിടെ ഉണ്ടാവുക എന്നതാണ്.ഒരുപാട് മന്‍ഹജുകളും ജമാഅത്തുകളുമുണ്ടായാല്‍ അത് തര്‍ക്കത്തിനും പരാജയത്തിനും കാരണമാകും. അല്ലാഹു പറയുന്നു:
﴿وَلاَ تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ [الأنفال:46]

"നിങ്ങള്‍ പരസ്പരം തര്‍ക്കിക്കരുത്. എങ്കില്‍ നിങ്ങള്‍ക്ക് പരാജയം നേരിടുകയും നിങ്ങളുടെ ശക്തി ക്ഷയിച്ചുപോവുകയും ചെയ്യും".  സൂറത്തുല്‍ ആലു ഇമ്രാനില്‍ അല്ലാഹു പറയുന്നു:
﴿وَلاَ تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا [آل عمران:105]

"പല കക്ഷികളായി വേര്‍പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്". വീണ്ടും അല്ലാഹു പറയുന്നു:
﴿وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلاَ تَفَرَّقُوا [آل عمران:103]
നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശത്തില്‍ മുറുകെപ്പിടിക്കുക. നിങ്ങള്‍ ഭിന്നിക്കരുത്".

ഒരേയൊരു അടിസ്ഥാനത്തില്‍ നിലക്കൊള്ളുന്ന, പരസ്പരം ബന്ധം പുലര്‍ത്തുകയും ആശയങ്ങള്‍ കൈമാറുകയും ചെയ്യുന്ന, ശരിയായ മന്‍ഹജില്‍ ഏറ്റവും നല്ല രീതിയില്‍ ദഅ'വത്ത് നടത്തുന്ന ഒരൊറ്റ ജമാഅത്താണ്-അത് വ്യത്യസ്ത നാടുകളില്‍ പരന്നുകിടക്കുകയാണെങ്കില്‍ പോലും-നാമാഗ്രഹിക്കുന്നത്. ഇതുമാത്രമാണ് ആവശ്യമായിട്ടുള്ളതും.എന്നാല്‍ ഒരേ ആദര്‍ശത്തിലല്ലാത്ത ഒരുപാട് ജമാഅത്തുകളുണ്ടായാല്‍ അതിന്‍റെ അന്ത്യം ഭിന്നിപ്പായിരിക്കും.

രണ്ടാമതായി: പ്രബോധകന്റെ ആത്മാര്‍ത്ഥത പ്രബോധിതനില്‍ നന്നായി സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. ഒരു പ്രബോധകന് പ്രബോധനം ചെയ്യുന്ന കാര്യങ്ങളില്‍ നല്ല അറിവുണ്ടായിരിക്കുകയും ശരിയായ മന്‍ഹജനുസരിച്ച് വളരെ ആത്മാര്‍ത്ഥതയോടെ ജനങ്ങളെ ക്ഷണിക്കുകയും ചെയ്‌താല്‍ അത്തരം പ്രബോധനത്തിന് നല്ല സ്വാധീനമുണ്ടാവും. എന്നാല്‍ പ്രബോധകന് തന്‍റെ ദഅ'വത്തില്‍ ആത്മാര്‍ത്ഥതയില്ലെങ്കില്‍, അയാള്‍ തന്നിലേക്കോ കക്ഷിത്വത്തിലേക്കോ തന്‍റെ പാര്‍ട്ടിയിലേക്കോ സത്യത്തില്‍ നിന്നും വ്യതിചലിച്ച ഗ്രൂപ്പിലേക്കോ (അത്  ഇസ്‌ലാമിക പേരുകളിലാണെങ്കിലും) ആണ് ക്ഷണിക്കുന്നതെങ്കില്‍ അതൊരിക്കലും ഉപകരിക്കില്ല. അതിന് ഇസ്‌ലാമിക ദഅ'വത്തുമായി യാതൊരു ബന്ധവുമില്ല.

                                                                                                 ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍
        

wayofsahaba.blogspot.com