:: പിശാചുക്കളെ എറിയുകയോ ?!!

بسم الله الرحمن الرحيم
പിശാചുക്കളെ എറിയുകയോ ?!!

പൊതുജനങ്ങളിലധികമാളുകളും വിശ്വസിക്കുന്നത് ജംറയിൽ എറിയൽ പിശാചുക്കളെ എറിയുകയാണെന്നാണ്. ഞങ്ങൾ പിശാചുക്കളെ എറിയുകയാണെന്ന് അവർ പറയുകയും ചെയ്യുന്നു. ജംറയെ ചീത്ത പറയുന്നവരെയും അട്ടഹസിക്കുന്നവരെയും  കോപിക്കുന്നവരെയും അതിനോട് പാരുഷ്വം കാണിക്കുന്നവരെയും നിങ്ങൾക്ക് കാണാം. (അല്ലാഹു നമ്മെ കാത്തുസംരക്ഷിക്കടെ). എത്രത്തോളമെന്നാൽ ജംറക്കടുത്ത് പാലം നിർമിക്കുന്നതിനു മുമ്പ് ഒരാൾ തൻറെ ഭാര്യയോടൊപ്പം ചരൽകല്ലുകളിൽ കയറി ചെരുപ്പ് കൊണ്ട് ആ തൂണിനെ അടിക്കുന്നതായി ഞാൻ കണ്ടു. അവർക്ക് ഏറു തട്ടിയിട്ടും അത് പരിഗണിക്കാതെ അവരിങ്ങനെ ചെയ്യുന്നുവെന്നതിൽ അത്ഭുതകരം തോന്നി. ഇത് വളരെ വലിയ അജ്ഞത തന്നെ.

യഥാർത്ഥത്തിൽ ജംറകളിൽ എറിയുകയെന്നത് മഹത്തായ ഒരു ഇബാദത്താണ്. അതിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞതു് ഇങ്ങനെയാണ്:

«إِنَّمَا جُعِلَ الطَّوَافُ بِالْبَيْتِ وَبَيْنَ الصَّفَا وَالْمَرْوَةِ وَرَمْيُ الْجِمَارِ لِإِقَامَةِ ذِكْرِ اللَّهِ»
"നിശ്ചയമായും ത്വവാഫും സഫാ മർവയിലെ ഓട്ടവും ജംറയിലെ ഏറുമെല്ലാം അല്ലഹുവിനെക്കുറിച്ചുള്ള സ്മരണ നിലനിർത്തുവാൻ വേണ്ടിയാണ്". ഇതാണ് ജംറയിൽ എറിയുന്നതിൻറെ ഹിക്മത്ത്. അതുകൊണ്ടാണ് ഓരോ എറിലും നാം തക്ബീർ ചൊല്ലുന്നത്. أعوذ بالله من الشيطان الرجيمഎന്ന് ചൊല്ലുന്നില്ലല്ലോ. മറിച്ച് ഈ കല്ലേറ് നിയമമാക്കിയ അല്ലാഹുവിനെ മഹത്വപെടുത്തിക്കൊണ്ട് الله أكبرഎന്നാണ് പറയുന്നത്.

യഥാർത്ഥത്തിൽ ഈ കല്ലേറ് അല്ലാഹുവിന്നുള്ള പൂർണ്ണമായ അനുസരണവും അങ്ങേയറ്റത്തെ കീഴ്പ്പെടലുമാണ്. കാരണം ഈ ജംറകളിൽ എറിയുന്നതിൻറെ യാതൊരു ഹിക്മത്തും മനുഷ്യന്ന് അറിയില്ല. മറിച്ച് അല്ലാഹു പറഞ്ഞതനുസരിക്കുക മാത്രമാണ് അവൻ ഇതിലൂടെ ചെയ്യുന്നത്. ഹിക്മത്ത് അറിയാതിരുന്നിട്ടും അല്ലാഹുവിനെ അനുസരിച്ചുകൊണ്ട് അവന് കീഴ്പെടുകയെന്നത് ആരാധനയുടെ പൂർണ്ണതയാണ്.(1) കാരണം ആരാധനകളിൽ അതിൻറെ യുക്തി നമുക്ക് അറിയാവുന്നതും വളരെ പ്രകടമായവയുമുണ്ട്. അവിടെ മനുഷ്യൻ അല്ലാഹുവിനെ അനുസരിച്ചുകൊണ്ടും പിന്നെ അവന് അതിലുള്ള നന്മകൾ അറിഞ്ഞുകൊണ്ടും അവന് കീഴ്പെടുന്നു. ഇനി ആരാധനകളിൽ അതിൻറെ യുക്തി നമുക്ക് അറിയാത്തവയുമുണ്ട്. പക്ഷെ അല്ലാഹു കൽപ്പിക്കുകയും തൻറെ അടിമകൾക്ക് അത് നിയമമാക്കുകയും ചെയ്തുവെന്നത് തന്നെ ഒരു ഹിക് മത്താണ്. അല്ലാഹു തആലാ പറയുന്നു:

﴿وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ [الأحزاب:36]
"അല്ലാഹുവും അവൻറെ റസൂലും ഒരു കാര്യം വിധിച്ചാൽ സത്യവിശ്വാസിയായ ഒരു പുരുഷന്നാകടെ സ്ത്രീക്കാകടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ ഒരഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല".

ഇത്തരം ആരാധനകളിലൂടെ മനസ്സിലുണ്ടാവുന്ന ഭയഭക്തിയും അല്ലാഹുവിലേക്കുള്ള മടക്കവും അല്ലാഹുവിൻറെ പൂർണ്ണതയും മനുഷ്യൻറെ പരിമിതിയും അംഗീകരിക്കലും മനുഷ്യൻ തൻറെ റബ്ബിലേക്ക് അങ്ങേയറ്റം ആവശ്യക്കാരെനാണെന്ന ബോധമുണ്ടാവലും തന്നെ ഏറ്റവും വലിയ നന്മയാണ്.

                                                                    ശൈഖ് മുഹമ്മദ്‌ ബിൻ സ്വാലിഹ് അൽഉസൈമീൻ                                                                    source: sahab salafi network

(1) ശൈഖിന് അല്ലാഹു റഹ് മത്ത് ചെയ്യടെ. എത്ര അർത്ഥവത്തായ വാചകങ്ങൾ!. ഇക്കാലത്ത് എന്ത് ചെയ്യുമ്പോഴും ആളുകൾക്ക് അതിൻറെ ഹിക്മത്ത് അറിയണം. ദീനിയായ ഒരു വിധി പറയുമ്പോൾ ഉടനെ തിരുച്ചു ചോദിക്കും: അതിൻറെ യുക്തിയെന്താണ്?. യുക്തി അറിഞ്ഞാൽ മാത്രമേ അത്തരക്കാരുടെ മനസ്സ് അല്ലാഹുവിൻറെ ദീനിയായ വിധികൾക്ക് പൂർണ്ണമായി കീഴ്പെടുകയുള്ളൂവെന്ന് കാണാം. എന്നല്ല എല്ലാ വിഷയത്തിലും അതിൻറെ യുക്തി എന്തെന്നറിയുകയെന്നത് ഒരു ക്രെഡിറ്റ് ആയി അത്തരക്കാർ കാണുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ ഇത് ഈമാനിൻറെ കുറവാണ്. സച്ചരിതരായ സ്വഹാബത്ത് ഇങ്ങനെ ചോദിച്ചില്ലല്ലോ?!. യുക്തി അറിഞ്ഞാലും ഇല്ലെങ്കിലും അല്ലാഹുവും റസൂലും പറഞ്ഞതാണോ, എങ്കിൽ ഞാൻ അനുസരിച്ചു എന്നതാവണം ഒരു സത്യവിശ്വാസിയുടെ നിലപാട്. പ്രഥമദൃഷ്ട്യാ നമ്മുടെ യുക്തിക്ക് യോജിക്കാത്തതാണെന്നു തോന്നിയാൽ പോലും നാം നമ്മുടെ മനസ്സിനെ അല്ലാഹുവിൻറെ ദീനിന് കീഴ്പെടുത്തുക. അല്ലാഹു എല്ലാം സൂക്ഷ്മയായി അറിയുന്നവനാണെന്നും യുക്തിയോടു കൂടെയല്ലാതെ അവൻ യാതൊന്നും ചെയ്യില്ലെന്നും നമുക്ക് വളരെ പരിമിതമായ ബുദ്ധി മാത്രമെ നല്കപെട്ടിട്ടുള്ളൂവെന്നും നാം മനസ്സിലാക്കുക. 

wayofsahaba.blogspot.com