:: ദുൽഹിജ്ജ പത്തിന്റെ ശ്രേഷ്ഠത


 بسم الله الرحمن الرحيم

ദുൽഹിജ്ജ പത്തിന്റെ ശ്രേഷ്ഠത

നന്മകളില്‍ മുന്നിടുവാനാഗ്രഹിക്കുന്ന വിശ്വാസികള്‍ക്കിതാ വിശുദ്ധിക്കൊരവസരം. സത്യവിശ്വാസികള്‍ക്ക് സന്തോഷമേകി ദുല്‍ഹിജ്ജ മാസം സമാഗതമായി. പുണ്യങ്ങള്‍ സമ്പാദിക്കുവാന്‍ ഇതിനോളം ശ്രേഷ്ഠമായ സുദിനങ്ങള്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ വേറെയില്ല. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
عن جابر بن عبد الله رضي الله عنه، أن رَسُولُ اللَّهِ صلى الله عليه وسلم قَالَ: «أفضل أيام الدنيا أيام العشر»[ صححه الألباني في صحيح الجامع الصغير، 1133 ]
ജാബിര്‍ (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ദിനങ്ങളില്‍ വെചേറ്റവും ശ്രേഷ്ഠമായത് (ദുല്‍ഹിജ്ജ) പത്തു ദിനങ്ങളാകുന്നു".

വിശുദ്ധ ഖുര്‍ആനില്‍ സൂറത്തുല്‍ "ഹജ്ജി"ല്‍ അല്ലാഹു പറഞ്ഞു:
[وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ]   [سورة الحج:28].
"അറിയപെട്ട ദിനങ്ങളില്‍ അവര്‍ അല്ലാഹുവിനെ സ്മരിക്കുവാനും വേണ്ടി"
ഇബ്നു അബ്ബാസ്  റളിയല്ലാഹു അന്‍ഹു പറഞ്ഞു:  "അറിയപ്പെട്ട ദിനങ്ങള്‍ എന്നത് ദുല്‍ഹിജ്ജ പത്തു ദിനങ്ങളാകുന്നു".  (ബുഖാരി).

കൂടാതെ സൂറത്തുല്‍ "ഫജ്റി"ല്‍ അല്ലാഹു ദുല്‍ഹിജ്ജ പത്തിനെ പ്രത്യേകം സത്യം ചെയ്തു പറഞ്ഞുവെന്നതും ഈ ദിനങ്ങളുടെ മഹത്വമറിയിക്കുന്നു.  കാരണം അല്ലാഹു അവന്റെ സൃഷ്ടികളില്‍ പ്രധാന്യമര്‍ഹിക്കുന്നവയെക്കൊണ്ടാണ് സത്യം ചെയ്തുപറയുക.

ദുല്‍ഹിജ്ജ മാസത്തിലെ ആദ്യ പത്തും റമദാന്‍ മാസത്തിലെ അവസാനപത്തും ഏതാണ് ഏറ്റവും ശ്രേഷ്ഠമായത് എന്ന് ചോദിക്കപെട്ടപോള്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ റഹിമഹുല്ലാഹ്  പറഞ്ഞു:  റമദാനിലെ അവസാന പത്തുരാത്രികള്‍ ദുല്‍ഹിജ്ജയിലെ ആദ്യ പത്തുരാത്രികളേക്കാള്‍ ശ്രേഷ്ഠമാണ്. എന്നാല്‍ ദുല്‍ഹിജ്ജയിലെ ആദ്യ ത്തുപകലുകള്‍ റമദാനിലെ അവസാന ത്തുപകലുകളെക്കാളും ശ്രേഷ്ഠമായതാണ്.

ഈ ദിനങ്ങളുടെ മറ്റൊരു ശ്രേഷ്ഠത അറഫാദിനം ഇതിലുള്‍പെടുന്നു എന്നതാണ്. അറഫാ നോമ്പിനെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞത്:  കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാന്‍ പോകുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കപെടും എന്നാണല്ലോ.  മാത്രമല്ല, ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ വിശുദ്ധഹജ്ജിന്റെ ഏതാണ്ടെല്ലാ കര്‍മ്മങ്ങളും ഈ ദിനങ്ങളിലാണ് നിര്‍വഹിക്കപെടുന്നത്.  മുസ്‌ലിം ലോകം ബലിപെരുന്നാള്‍  ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന ഏറെ ശ്രേഷ്ഠമായ ബലികര്‍മ്മവും ഈ ദിനങ്ങളില്‍ തന്നെ.

ഇമാം ഇബ്നുഹജര്‍ റഹിമഹുല്ലാഹ്  പറഞ്ഞു:  ദുല്‍ഹിജ്ജയിലെ പത്തുദിനങ്ങൾ ഇത്രയും ശ്രേഷ്ഠമാകാനുള്ള കാരണം അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ദാനധര്‍മ്മം, ഹജ്ജ് മുതലായവ ഈ ദിനങ്ങളില്‍ ഒന്നിച്ചുവരുന്നു എന്നതാണ്.  മറ്റു യാതൊരു ദിനങ്ങളിലും ഇവയൊന്നിച്ച് വരില്ലതന്നെ. (ഫത്ഹുല്‍ ബാരി)

ചില ദിവസങ്ങളെയും മാസങ്ങളെയും മറ്റുള്ളവയെക്കാള്‍ ശ്രേഷ്ഠമാക്കിയെന്നത് യഥാർത്ഥത്തിൽ അല്ലാഹു നമുക്ക് നല്കിയ വലിയൊരനുഗ്രഹമാണ്. ഇത്രയും ശ്രേഷ്ഠത നിറഞ്ഞ ദുൽഹിജ്ജ മാസത്തിലെ ഈ സുദിനങ്ങള്‍ നമുക്ക് വന്നുകിട്ടിയെങ്കില്‍ അതിന്നർത്ഥം അല്ലാഹു നമ്മെ അതിയായി അനുഗ്രഹിച്ചുവെന്നാണല്ലോ. ഈ അനുഗ്രഹത്തിന്റെ മഹത്വം തിരിച്ചറിയുവാനും വേണ്ടവിധം ഉപയോഗപെടുത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കടെ.

ഈ സുദിനങ്ങളില്‍ സത്യവിശ്വാസികൾ സല്‍കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന്ന് അതിയായി ഇഷ്ടപെട്ടതാണെന്ന് അബൂദാവൂദ് റിപോര്ട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് കാണാം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  
عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر،  فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء»  [رواه أبو داود: 2438، وصححه الألباني].

ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്‍ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു:  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സല്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?!  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപെട്ട് മടങ്ങിവരാത്തയാളൊഴികെ".

ഇത്രയും ശ്രേഷ്ഠവും സല്കര്‍മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന് അതിയായി ഇഷ്ടപെട്ടതുമായ ദിനങ്ങളാണ് നമ്മിലേക്ക് കടന്നുവന്നിരിക്കുന്നത് എന്നറിയുമ്പോള്‍ ഒരു സത്യവിശ്വാസിയുടെ അകതാരില്‍ അലതല്ലുന്ന ആഹ്ലാദം അതീവമായിരിക്കും.നന്മ സമ്പാദിക്കുവാന്‍ ഈ സുദിനങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന സല്‍കര്‍മ്മങ്ങള്‍ ഒരുപാടാണ്‌. സുന്നത്ത് നോമ്പ്, ദാനധര്‍മ്മം, സുന്നത്ത് നമസ്കാരങ്ങള്‍, വിശുദ്ധ ഖുര്‍ആന്‍ പാരായണം, തക്ബീര്‍, ഉളുഹിയ്യത്ത്, പ്രാര്‍ത്ഥന, ദിക്‌ര്‍, ഇസ്തിഗ് ഫാര്‍, തുടങ്ങിയവയെല്ലാം ഈ നാളുകളില്‍ നന്മ സമ്പാദിക്കുവാന്‍ സഹായകരമായ സല്കര്‍മ്മങ്ങളില്‍ പെടുന്നു. അതിനാൽ  ഈ സുവര്‍ണ്ണാവസരം നഷ്ടപെടാതിരിക്കാൻ മാനസികമായി ഒരുങ്ങുക... കഴിയുന്നത്ര കര്‍മ്മനിരതനാവുക... അല്ലാഹു നമ്മെ അനുഗ്രഹിക്കടെ, ആമീന്‍.