:: ഉലമാക്കളുടെ വാക്ക് സ്വീകരിക്കുക

ഉലമാക്കളുടെ വാക്ക് സ്വീകരിക്കുക

ചില ആളുകൾ ചില പ്രത്യേക മദ്ഹബുകളോടോ അല്ലെങ്കിൽ പണ്ഡിതന്മാരോടോ പക്ഷപാതിത്വം കാണിക്കുന്നു. മറ്റുചിലർ ഇത് പറ്റെ അവഗണിക്കുകയും പണ്ഡിതമാരുടെ ഉപദേശനിർദ്ദേശങ്ങൾ കണ്ടില്ലെന്നുനടിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ എന്താണ് താങ്കൾ ഉപദേശിക്കുന്നത്?

അതെ, ഇത് പരസ്പരവിരുദ്ധമായ രണ്ടു വശങ്ങളാണ്. ഒരു കൂട്ടർ തെളിവിന്ന് എതിരായി വന്നാൽ പോലും വ്യക്തികളുടെ അഭിപ്രായങ്ങളോട് പക്ഷപാതിത്വം കാണിച്ചുകൊണ്ട് അനുകരണത്തിൽ അതിര് കവിയുന്നു. ഇത് (ദീനിൽ) ആക്ഷേപാർഹമായ കാര്യമാണ്. ചിലപ്പോൾ ഇത് കുഫ്റിലേക്ക്  വരെ എത്തിച്ചേക്കാം. അല്ലാഹു കാത്തുസംരക്ഷിക്കട്ടെ. (ആമീൻ)

എന്നാൽ രണ്ടാമത്തെ വിഭാഗം ഖുർആനിനോടും സുന്നത്തിനോടും യോജിച്ചതാണെങ്കിൽ പോലും ഉലമാക്കളുടെ വാക്കുകൾ അപ്പാടെ തള്ളുകയും അവയിൽ നിന്നും പ്രയോജനമെടുക്കാതിരിക്കുകയും ചെയ്യുന്നവരാണ്. ഇത് വീഴ്ച വരുത്തലും ഒന്നാമത്തേത് അതിരുകവിയലുമാണ്.

യഥാർത്ഥത്തിൽ ഉലമാക്കളുടെ വാക്കുകളിലാണ് നന്മയുള്ളത്. വിശേഷിച്ചും സലഫിന്റെ അറിവ്, സഹാബികളുടെയും താബിഉകളുടെയും നാല് ഇമാമുമാരുടെയും ദീനിൽ അറിവുള്ളവരെന്ന് ഉമ്മത്ത്‌ സക്ഷ്യപ്പെടുത്തിയിട്ടുള്ള പണ്ഡിതന്മാരുടെയും അറിവ് (അതിലാണ് നന്മയെന്നർത്ഥം). അവരുടെ വാക്കുകളിൽ നിന്നാണ് ഉപകാരമെടുക്കേണ്ടതും കാര്യങ്ങൾ മനസ്സിലാക്കേണ്ടതും. എന്നാൽ അതൊരു സർവ്വാംഗീകൃത തത്വമായി എടുക്കണമെന്നുമില്ല. എന്നല്ല ഒരു അഭിപ്രായം തെളിവിന്ന് എതിരാണെന്ന് നാമറിഞ്ഞാൽ അപ്പോൾ തെളിവ് സ്വീകരിക്കുവാനാണ് നാം കല്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഒരു അഭിപ്രായം ഖുർആനിലോ സുന്നത്തിലോ ഉള്ള തെളിവിന്‌ എതിരല്ലാത്തേടത്തോളം നമുക്കത് സ്വീകരിക്കാം. ഇത് പക്ഷപാതിത്വമെന്ന നിലക്കല്ല. സച്ചരിതരായ സലഫിന്റെ അറിവുകൊണ്ടുപകാരമെടുക്കുകയും അതിൽ നിന്നും (കാര്യങ്ങൾ) പഠിക്കുകയും ചെയ്യുക എന്ന നിലക്കാണ്. അതാണ്‌ അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥത്തിന്റെയും അവന്റെ റസൂലിന്റെ സുന്നത്തിന്റെയും ആശയങ്ങൾ മനസ്സിലാക്കുവാനുള്ള (ഏക)മാർഗ്ഗം.

ഉലമാക്കളുടെ വാക്കുകളിൽ നിന്നും ഖുർആനിനോടും സുന്നത്തിനോടും യോജിച്ചത് നാം സ്വീകരിക്കുകയും അതിനോടെതിരായത് ഉപേക്ഷിക്കുകയും ചെയ്യുക. ഉലമാക്കൾക്ക് സംഭവിക്കുന്ന തെറ്റുകളിൽ അവർക്ക് ഒഴികഴിവ് കണ്ടെത്തുകയും അവരുടെ മഹത്വം മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതിരിക്കുകയും ചെയ്യുക എന്നതാണ് മധ്യമനിലപാടും സത്യവുമായിട്ടുള്ളത്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«إذَا حَكَم الحَاكِمُ فَاجْتَهَدَ ثُمَّ أَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ وَاحِدٌ»
"ഒരു വിധികർത്താവ്‌ വിധിക്കുമ്പോൾ ഇജ്തിഹാദ് നടത്തുകയും എന്നിട്ടത് ശരിയാവുകയും ചെയ്‌താൽ അയാൾക്ക് രണ്ട് പ്രതിഫലവും ഇനിയത് തെറ്റിയാൽ അയാൾക്കൊരു പ്രതിഫലവുമുണ്ട്‌".

ഇജ്തിഹാദിന്റെ നിബന്ധനകൾ പൂർത്തിയായിട്ടുള്ള ആളുകളാണെങ്കിൽ അത്തരമാളുകളിൽ നിന്നുള്ള തെറ്റ് പൊറുക്കപ്പെടുന്നതാണ്. എന്നാൽ അറിവില്ലാത്തവനോ അറിവിന്റെ കാര്യത്തിൽ വളരെ തുടക്കക്കാരനോ ആയ ഒരാളാണെങ്കിൽ അവന് ഇജ്തിഹാദ് ചെയ്യാനേ പാടില്ല. അയാൾ ഇജ്തിഹാദ് നടത്തിയാൽ - അത് തെറ്റായിരുന്നാലും ശരിയായിരുന്നാലും ശരി - അവൻ തെറ്റുകാരനായിരിക്കും. കാരണം ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ് അവൻ ചെയ്തത്.

                                                                                   ശൈഖ് സ്വാലിഹുൽ ഫൗസാൻ

source:
"الأجوبة المفيدة عن أسئلة المناهج الجديدة"
للشيخ صالح الفوزان حفظه الله
 

www.wayofsahaba.blogspot.com