:: തെരഞ്ഞെടുത്ത പ്രാര്‍ത്ഥനകള്‍

بسم الله الرحمن الرحيم
തെരഞ്ഞെടുത്ത പ്രാര്‍ത്ഥനകള്‍ 

«رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ»
ഞങ്ങളുടെ റബ്ബേ, ദുനിയാവിലും ആഖിറത്തിലും ഞങ്ങള്‍ക്ക് നീ നന്മ നല്‍കേണമേ. നരകശിക്ഷയില്‍ നിന്നും ഞങ്ങളെ നീ കാത്തുസംരക്ഷിക്കുകയും ചെയ്യേണമേ.
((അനസ് റളിയല്ലാഹു അന്‍ഹു പറഞ്ഞു:  നബി സല്ലല്ലാഹു അലൈഹിവസല്ലം ഏറ്റവും കൂടുതല്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന പ്രാര്‍ത്ഥനയായിരുന്നു ഇത്.))

*******

«اللَّهُمَّ إنِّي أَسْأَلُكَ الْجَنَّةَ»
അല്ലാഹുവേ, ഞാന്‍ നിന്നോട് സ്വര്‍ഗ്ഗം ചോദിക്കുന്നു.  ( 3 പ്രാവശ്യം )
«اللَّهُمَّ أجِرْنِي مِنَ النَّارِ»
അല്ലാഹുവേ, നരകശിക്ഷയില്‍ നിന്ന് ഞാന്‍ നിന്നോട് രക്ഷ തേടുന്നു.  ( 3 പ്രാവശ്യം )
((നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  ഒരാള്‍ അല്ലാഹുവിനോട് മൂന്ന്‍ പ്രാവശ്യം സ്വര്‍ഗ്ഗത്തിനായി ചോദിച്ചാല്‍ സ്വര്‍ഗ്ഗം (അയാള്‍ക്കുവേണ്ടി) പറയും:  അല്ലാഹുവേ, ഇയാളെ നീ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കണേ.  ആരെങ്കിലും അല്ലാഹുവിനോട് മൂന്ന്‍ പ്രാവശ്യം നരകത്തില്‍ നിന്നും രക്ഷ തേടിയാല്‍ നരകം പറയും:  അല്ലാഹുവേ, ഇയാളെ നീ 
നരകത്തില്‍ നിന്നും രക്ഷിക്കണേ.))
صححه الألباني 

*******
  «اللَّهُمَّ إنِّي أَسْأَلُكَ الْفِرْدَوْسَ الأَعْلَى مِنَ الْجَنَّة»
അല്ലാഹുവേ,  സ്വര്‍ഗ്ഗത്തിലെ ഉന്നതമായ ഫിര്‍ദൗസ് ഞാന്‍ നിന്നോട് ചോദിക്കുന്നു.

*******

«اللَّهُمَّ إِنِّي أَسْأَلُكَ الْعَافِيَةَ فِي الدُّنْيَا وَالآخِرَةِ»
അല്ലാഹുവേ,  ഞാന്‍ നിന്നോട് ദുനിയാവിലും ആഖിറത്തിലും സൗഖ്യം ചോദിക്കുന്നു.
((അബ്ബാസ് റളിയല്ലാഹു അന്‍ഹു പറഞ്ഞു:  ഞാന്‍ നബി സല്ലല്ലാഹു അലൈഹിവസല്ലമയോട് പറഞ്ഞു:  അല്ലാഹുവിന്റെ റസൂലേ, എനിക്ക് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുവാന്‍ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തരൂ.  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  അല്ലാഹുവിന്റെ റസൂലിന്റെ പിതൃവ്യാ, താങ്കള്‍ അല്ലാഹുവിനോട് ആഫിയത്തിന്നായി ചോദിച്ചോളൂ.  ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും ചെന്ന് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എനിക്ക് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുവാന്‍ ഒരു പ്രാര്‍ത്ഥന പഠിപ്പിച്ചു തരൂ.  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  അല്ലാഹുവിന്റെ റസൂലിന്റെ പിതൃവ്യാ, താങ്കള്‍ അല്ലാഹുവിനോട് ദുനിയാവിലും ആഖിറത്തിലും ആഫിയത്തിന്നായി ചോദിച്ചോളൂ.))
 

*******

«إهْدِنَا الصِّرَاطَ المسْتَقِيمَ»
(അല്ലാഹുവേ), ഞങ്ങളെ നേരായ മാര്‍ഗത്തിലാക്കേണമേ.
((പ്രാര്‍ത്ഥനകളില്‍ വെച്ചേറ്റവും ശ്രേഷ്ഠമായാത് ഹിദായത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്.  അവയില്‍ തന്നെ ഏറ്റവും ശ്രേഷ്ഠമായ പ്രാര്‍ത്ഥനയാണിത്‌.  തിന്മയും കുറവും മനുഷ്യസഹജമാണ്. അതിനാല്‍ മനുഷ്യന്ന്‍ ഓരോ നിമിഷവും ഹിദായത്ത് ആവശ്യമാണ്‌.  ശൈഖുല്‍ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറഞ്ഞു: "പ്രാര്‍ത്ഥനകളില്‍ വെച്ചേറ്റവും മഹത്തരമായ പ്രാര്‍ത്ഥനയാണ് സൂറത്തുല്‍ ഫാതിഹയിലേത്.  അല്ലാഹു ഒരാളെ നേരായ മാര്‍ഗത്തിലേക്ക് മാര്‍ഗദര്‍ശനം നല്‍കിയാല്‍ പിന്നീട് നന്മ ചെയ്യുവാനും തിന്മ വെടിയുവാനും അല്ലാഹു അയാളെ 
സഹായിച്ചുകൊണ്ടിരിക്കും.  ചുരുക്കത്തില്‍ ഭക്ഷണപാനീയങ്ങളേക്കാള്‍ മനുഷ്യന്ന്‍ 
അത്യാവശ്യമത്രെ ഹിദായത്ത്."  ചിന്തിക്കുക! ഇങ്ങനെയൊരു പ്രാര്‍ത്ഥന 
സൂറത്തുല്‍ ഫാതിഹയിലുണ്ടെന്ന് അറിയാത്തവരല്ലേ അധികപേരും!!))
 

*******

«اللَّهُمَّ إِنِّي أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ»
അല്ലാഹുവേ, ഞാന്‍ നിന്നോട് പാപമോചനം തേടുകയും നിന്നിലേക്ക്‌ തൗബ ചെയ്തുമടങ്ങുകയും ചെയ്യുന്നു.
((നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:  ജനങ്ങളേ, അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുവിന്‍.  നിശ്ചയമായും ഞാന്‍ ദിനേന നൂറുപ്രാവശ്യം അല്ലാഹുവിലേക്ക് 
തൗബ ചെയ്ത് മടങ്ങുന്നു.))
 

*******

«رَبِّ زِدْنِي عِلْمًا نَافِعًا»
എന്‍റെ രക്ഷിതാവേ, ഉപകാരപ്രദമായ അറിവ് നീയെനിക്ക് വര്‍ധിപ്പിച്ചുതരേണമേ.

*******

«اللَّهُمَّ إِنِّي أَسْأَلُكَ عِلْماً نَافِعاً، وَرِزْقاً طَيِّباً، وَعَمَلاً مُتَقَبَّلاً»
അല്ലാഹുവേ,  ഉപകാരപ്രദമായ അറിവും നല്ല സമ്പാദ്യവും സ്വീകാര്യമായ പ്രവര്‍ത്തനവും ഞാന്‍ നിന്നോട് ചോദിക്കുന്നു.
((നബി സല്ലല്ലാഹു അലൈഹിവസല്ലം സ്വുബ് ഹ് നമസ്കാരാനന്തരം ചൊല്ലാറുണ്ടായിരുന്ന പ്രാര്‍ത്ഥനയായിരുന്നു ഇത്.  ഒരു മനുഷ്യന്റെ ജീവിതലക്ഷ്യം തന്നെ മഹത്തരമായ ഈ മൂന്ന്‍ കാര്യങ്ങള്‍ കരഗതമാക്കുകയെന്നതാണ്.  ദിനംതോറും ഇതോര്‍ക്കുകയും ഇതിന്റെ സാക്ഷാല്‍കാരത്തിനായി അല്ലാഹുവിന്റെ സഹായം തേടുകയും ചെയ്യുകയെന്നതിനേക്കാള്‍ മഹത്തരമായിട്ടെന്താണുള്ളത്.))
 

*******

«اللَّهُمَّ آتِ نَفْسِي تَقْوَاهَا وَزَكِّهَا أنتَ خَيْرُ مَنْ زَكَّاهَا أنتَ وَلِيُّهَا وَمَوْلاَهَا»
അല്ലാഹുവേ, എന്‍റെ മനസ്സിന് നീ തഖ്‌വ നല്‍കേണമേ.  അതിനെ നീ ശുദ്ധീകരിക്കുകയും ചെയ്യേണമേ.  നീയാണ് ഏറ്റവും നന്നായി അതിനെ ശുദ്ധീകരിക്കുന്നവന്‍.  നീയാണ് അതിന്റെ രക്ഷാധികാരിയും സംരക്ഷകനും.


*******

«يَا مُقَلِّبَ الْقُلُوب، ثَبِّتْ قَلْبـِي عَلَى دِينِك»
ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചുനിര്‍ത്തേണമേ.


*******

«اللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ»
അല്ലാഹുവേ, നിന്നെ  ഓര്‍ക്കുവാനും നിനക്ക് നന്ദി കാണിക്കുവാനും ഏറ്റവും നല്ല രീതിയില്‍ നിന്നെ ആരാധിക്കുവാനും നീ എന്നെ സഹായിക്കണേ.
((അഞ്ചുനേര നമസ്കാരശേഷം ഇത് പ്രാര്‍ത്ഥിക്കല്‍ പ്രത്യേകം സുന്നത്താണ്.))


*******

«رَبِّ اغْفِر لِي وَلِوَالِدَيَّ»
എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ പൊറുത്തുതരേണമേ.
*******

«رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرَا»
എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ എന്നോട് അവര്‍ രണ്ടുപേരും (മാതാവും പിതാവും) കരുണ കാണിച്ചതുപോലെ നീ അവരോട് കരുണ കാണിക്കണേ.


*******

«اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى»
അല്ലാഹുവേ, ഞാന്‍ നിന്നോട് സന്മാര്‍ഗ്ഗവും ഭയഭക്തിയും സദാചാരനിഷ്ഠയും
ഐശ്വര്യവും ചോദിക്കുന്നു.


*******


«اللَّهُمَّ اكْفِنِي بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِي بِفَضْلِكَ عَمَّنْ سِوَاكّ»
അല്ലാഹുവേ, ഹറാമിന്ന്‍ പകരം ഹലാല്‍കൊണ്ട് എനിക്ക് മതിവരുത്തേണമേ.  നീയൊഴികെയുള്ളവരില്‍ നിന്ന് നിന്റെ ഔദാര്യം കൊണ്ട് എന്നെ നീ നിരാശ്രയനാക്കണേ.


*******


«اللَّهُمَّ أَلْهِمْنِي رُشْدِي وَأَعِذْنِي مِنْ شَرِّ نَفْسِي»
അല്ലാഹുവേ, എനിക്ക് നീ നന്മ തോന്നിക്കേണമേ.  എന്റെ മനസ്സിന്റെ തിന്മയില്‍ നിന്നും എനിക്ക് നീ രക്ഷ നല്‍കണേ.


*******


«اللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ،
وَأَعُوذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ، مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ،
اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ،
اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا 
مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا»
അല്ലാഹുവേ, എനിക്കറിവുള്ളതും അറിയാത്തതുമായ നന്മകളില്‍ നിന്നും ഞാന്‍ നിന്നോട് ചോദിക്കുകയും സകലതിന്മകളില്‍ നിന്നും രക്ഷ തേടുകയും ചെയ്യുന്നു.  അല്ലാഹുവേ, നിന്റെ നബിയും അടിമയുമായ (മുഹമ്മദ്‌ നബി) സല്ലല്ലാഹു അലൈഹിവസല്ലം നിന്നോട് ചോദിച്ച നന്മകളില്‍ നിന്നും ഞാന്‍ നിന്നോട് ചോദിക്കുകയും അദ്ദേഹം രക്ഷ തേടിയ മുഴുവന്‍ തിന്മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുകയും ചെയ്യുന്നു.  അല്ലാഹുവേ,  ഞാന്‍ നിന്നോട് സ്വര്‍ഗ്ഗത്തെയും അതിലേക്കടുപ്പിക്കുന്ന വാക്കുകളെയും കര്‍മ്മങ്ങളെയും ചോദിക്കുകയും നരകത്തില്‍ നിന്നും അതിലേക്കടുപ്പിക്കുന്ന വാക്കുകളില്‍ നിന്നും കര്‍മ്മങ്ങളില്‍ നിന്നും രക്ഷതേടുകയും നീയെനിക്ക് വിധിച്ച എല്ലാ വിധികളും നന്മയാക്കിതരാന്‍ നിന്നോട് ചോദിക്കുകയും ചെയ്യുന്നു. 
((ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം ആയിഷ റളിയല്ലാഹു അന്‍ഹായോട് പറഞ്ഞു:  ആയിഷാ, "ജവാമി"ആയ (പദങ്ങള്‍ ചുരുങ്ങിയതും ആശയങ്ങള്‍ നിറഞ്ഞതുമായ) പ്രാര്‍ത്ഥനകളാണ് പ്രാര്‍ത്ഥിക്കേണ്ടത്.  അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ജവാമിആയ പ്രാര്‍ത്ഥന? അപ്പോള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം അവര്‍ക്ക് ഈ പ്രാര്‍ത്ഥന പഠിപ്പിച്ചുകൊടുത്തുനബി സല്ലല്ലാഹു അലൈഹിവസല്ലമക്ക് جوامع الكلم നല്കപ്പെട്ടിരുന്നതിനാല്‍ അവിടുത്തെ വാക്കുകള്‍ ചുരുങ്ങിയ പദങ്ങളില്‍ വിശാലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിരുന്നു എന്നത് അറിയപ്പെട്ട കാര്യമാണല്ലോ.  അതിനേറ്റവും വലിയ ഒരുദാഹരണം കൂടിയായ ഈ പ്രാര്‍ത്ഥന ഏറെ ആശയസമ്പുഷ്ടവും 
നന്മനിറഞ്ഞതുമാണെന്നതില്‍ സംശയമില്ല.))

*******

wayofsahaba.blogspot.com