:: സ്വര്‍ഗ്ഗമാഗ്രഹിക്കുന്നവളോട്...

بسم الله الرحمن الرحيم 
സ്വര്‍ഗ്ഗമാഗ്രഹിക്കുന്നവളോട്...

നന്മ നിറഞ്ഞ ഒരു ഇസ്‌ലാമിക കുടുംബം രൂപപ്പെടുത്തിയെടുക്കുന്നതില്‍ പുരുഷനും സ്ത്രീക്കും വളരെ വലിയ പങ്കാണുള്ളത്. വിശേഷിച്ചും സ്ത്രീയുടെ പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതുതന്നെ. അവളാണ് യഥാര്‍ത്ഥത്തില്‍ ഒരു ഇസ്‌ലാമിക കുടുംബത്തിന്റെ നെടും തൂണ്‍. സ്വാലിഹത്തായ ഒരു സ്ത്രീയുടെ അഭാവത്തില്‍ നന്മ നിറഞ്ഞ ഒരു കുടുംബം രൂപപ്പെട്ടുവരിക പ്രയാസം.

യഥാര്‍ത്ഥത്തില്‍ ഒരു നല്ല കുടുംബമെന്ന സ്വപ്നം സഫലീകൃതമാകുന്നത് കുടുംബനാഥനും കുടുംബിനിയും ഇസ്‌ലാമികനിയമങ്ങള്‍ പാലിച്ചുജീവിക്കുമ്പോള്‍ മാത്രമാണ്. കുടുംബം നന്മ നിറഞ്ഞതായിത്തീരുവാന്‍ ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ള ഒത്തിരി നിര്‍ദ്ദേശങ്ങളില്‍ ചിലത് വിശദീകരിക്കുകയാണ് ഇതിലൂടെ. അതിനുമുമ്പ് ഇത് വായിക്കുന്ന ഓരോ ഭര്‍ത്താവിന്റെയും ഭാര്യയുടെയും അറിവിലേക്കായി രണ്ട് സുപ്രധാനമായ കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

ഒന്ന്: പെട്ടെന്ന് കഴിഞ്ഞുപോകുന്നതും ഏറെ പരിമിതികളുള്ളതുമായ വെറുമൊരു പരീക്ഷണലോകമാണ് ദുന്‍യാവ്. ആഗ്രഹങ്ങള്‍ മുഴുവന്‍ പൂര്‍ത്തീകരിക്കുവാനോ സ്വപ്‌നങ്ങളെല്ലാം സാക്ഷാല്‍കരിക്കുവാനോ ഇവിടെ ആര്‍ക്കും സാധ്യമല്ല. സുഖമനുഭവപ്പെട്ടാലും പ്രയസമനുഭവിക്കേണ്ടിവന്നാലും രണ്ടും പരീക്ഷണം തന്നെ.

നശ്വരമായ ഈ ദുന്‍യാവില്‍ പുരുഷനും സ്ത്രീക്കും മനസ്സമാധാനം ലഭിക്കണമെങ്കില്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. അല്ലാഹുവിനെ ധാരാളമായി സ്മരിക്കുക. പരലോകബോധം നിലനിര്‍ത്തുക. ജീവിതം മുഴുവന്‍ അല്ലാഹുവിന് സമര്‍പ്പിക്കുക. നമസ്കരിക്കുന്നതും നോമ്പെടുക്കുടുന്നതും മറ്റു ഇബാദത്തുകള്‍ നിര്‍വ്വഹിക്കുന്നതും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതും ഭര്‍ത്താവിനെ അനുസരിക്കുന്നതും ഭാര്യയോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതും വീട്ടുജോലികള്‍ ചെയ്യുന്നതും എന്നല്ല ജീവിതം മുഴുവനും സര്‍വ്വലോകരക്ഷിതാവായ അല്ലാഹുവിന്റെ  തൃപ്തിയും സ്വര്‍ഗ്ഗവും ലഭിക്കുവാന്‍ വേണ്ടി മാത്രമാക്കുക. എന്തു വിഷമം നേരിട്ടാലും ഭംഗിയായി ക്ഷമിക്കുക. എങ്കില്‍ സമാധാനം നിങ്ങളുടെ മനസ്സിനെ വിട്ടുപിരിയുകയില്ല.

ഇങ്ങനെ അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും കാര്യങ്ങളെല്ലാം പരലോകവുമായി ബന്ധപ്പെടുത്തി മാത്രമാലോചിക്കുകയും ചെയ്യുന്ന ഒരു മനസ്സിനെ പാകപ്പെടുത്തിയെടുക്കുകയും ശേഷം ഭര്‍ത്താവും ഭാര്യയും തന്നിലര്‍പ്പിതമായ ബാധ്യതകളും കടമകളും ഏറ്റവും നല്ല രീതിയില്‍ നിര്‍വ്വഹിക്കുവാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുക. ഒരിക്കലും ഭര്‍ത്താവ് തന്റെ ബാധ്യത നിര്‍വ്വഹിക്കുന്നേടത്ത് വീഴ്ച വരുത്തിയാല്‍ ഭാര്യക്കോ ഭാര്യ തന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭര്‍ത്താവിനോ സ്വന്തം ഉത്തരവാദിത്വങ്ങളോ കടമകളോ ശരിയായി നിര്‍വ്വഹിക്കാതിരിക്കുവാന്‍ അത് തെളിവാകുന്നില്ല. കാരണം നമ്മുടെ അവകാശങ്ങള്‍ ആര് തടഞ്ഞുവെച്ചാലും അക്കാരണത്താല്‍ അവരുടെ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കാതിരിക്കുവാനോ അവരോട് അതിക്രമം കാണിക്കുവാനോ നമുക്ക് പാടില്ല. ഒപ്പം യഥാര്‍ത്ഥജീവിതം പരലോകജീവിതമാണെന്നോര്‍ക്കുക. ദുനിയാവില്‍ തന്റെ അവകാശങ്ങള്‍ മുഴുവന്‍ ഹനിക്കപ്പെട്ടാലും അല്ലാഹുവിന്റെ തൃപ്തിക്കും പരലോകരക്ഷക്കും വേണ്ടി എല്ലാം ക്ഷമിക്കുവാനും തന്റെ ബാധ്യതകള്‍ ഭംഗിയായി നിര്‍വ്വഹിക്കുവാനും ഞാന്‍ തയ്യാറാണെന്ന മനസ്സാവണം ഭാര്യക്കും ഭര്‍ത്താവിനും എന്നല്ല മുഴുവന്‍ സത്യവിശ്വാസികള്‍ക്കും ഉണ്ടാവേണ്ടത്.

രണ്ട്: നല്ലൊരു ദാമ്പത്യജീവിതം പൂവണിയുവാനായി ഇസ്‌ലാം ദമ്പതിമാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുകയും പൂര്‍ണ്ണമായി അനുസരിക്കുകയുമാണ് ഓരോ ഭര്‍ത്താവും ഭാര്യയും ചെയ്യേണ്ടത്. ഇസ്‌ലാം ഭര്‍ത്താവിന് നല്‍കിയിട്ടുള്ള പദവിയിലും അധികാരത്തിലും അതൃപ്തയാകുവാനോ അതുകാരണമായി അവളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വരുത്തുവാനോ ഒരു ഭാര്യക്ക് ഒരിക്കലും പാടില്ല. ഭര്‍ത്താവിനെ അനുസരിക്കുവാനും ഭര്‍ത്താവിന് കീഴ്പ്പെടുവാനുമുള്ള ഇസ്‌ലാമിക കല്പനകള്‍ 'ഉപയോഗപ്പെടുത്തി' ഭാര്യയെ കഷ്ടപ്പെടുത്തുവാനോ ഭാര്യമാരോട് പരുഷമായി പെരുമാറുവാനോ  ഒരിക്കലും ഒരു ഭര്‍ത്താവിനും പാടില്ല. അല്ലാഹു പറയുന്നു:
﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ [البقرة:228]
"(സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരോട്) കടമകളുള്ളതുപോലെതന്നെ അവര്‍ക്ക് (ഭര്‍ത്താവിന്റെ മേല്‍) അവകാശങ്ങളുമുണ്ട്" അതിനാല്‍ ഇരുവരും പരസ്പരം മനസ്സിലാക്കിയും പരമാവധി വിട്ടുവീഴ്ച ചെയ്തും ഭാര്യയെ ഒരു സ്വാലിഹത്തായ ഭാര്യയായിത്തീരുവാന്‍ ഭര്‍ത്താവ് സഹായിച്ചും ഭര്‍ത്താവിനെ ഒരു നല്ല ഭര്‍ത്താവായിത്തീരുവാന്‍ ഭാര്യ സഹായിച്ചും ഇതിലെല്ലാം ഇരുവരും റബ്ബിന്റെ പ്രീതി മാത്രം കാംക്ഷിച്ചും വളരെ ഇണക്കത്തിലും സ്നേഹത്തിലുമാവണം കഴിയേണ്ടത്.

മുകളില്‍ പറഞ്ഞ രണ്ടുകാര്യങ്ങളും മനസ്സിലാക്കിയെങ്കില്‍ - അല്ലാഹുവിന്റെ തൗഫീക്കിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് - സ്ത്രീകളുടെ അറിവിലേക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ്.

 :::::::::::::::::::

ഒരു കുടുംബത്തില്‍ മാതാവെന്ന നിലക്കും ഭാര്യയെന്ന നിലയിലും ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന മഹത്വവും സ്ഥാനവും വളരെ വലുതാണ്‌. എന്നാല്‍ അതോടൊപ്പം തന്നെ അവള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങളുമുണ്ട്. ഭര്‍ത്താവിന് താങ്ങും തണലുമായി വര്‍ത്തിക്കുകയെന്നതും കുട്ടികളെ ദീനിയായി വളര്‍ത്തുകയെന്നതും അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.

'വീട്ടില്‍ വെറുതെയിരിക്കുന്നതി'നേക്കാള്‍ നല്ലത് പുറത്ത് ജോലിക്ക് പോവുന്നതാണെന്നു കരുതി ജോലി ചെയ്യുന്ന സ്ത്രീകളും, ജോലിക്ക് പോവാത്തവരെക്കുറിച്ച് നിങ്ങള്‍ വെറുതെ വീട്ടിലിരുന്നിട്ടെന്തുകാര്യം എന്ന് ചോദിക്കുന്നവരുമൊക്കെ യഥാര്‍ത്ഥത്തില്‍ ഒരു മുസ്‌ലിം സ്ത്രീക്ക് ഇസ്‌ലാം നല്‍കുന്ന സ്ഥാനമോ മഹത്വമോ ഉത്തരവാദിത്വമോ യഥാവിധി മനസ്സിലാക്കിയിട്ടില്ലാത്തവരാണ്.

ഒരു മുസ്‌ലിം സ്ത്രീ  അവളുടെ വീട്ടില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയാണ് വേണ്ടത്. അതിലാണ് അവളുടെ സുരക്ഷിതത്വവും നന്മയും. ഒന്നും ചെയ്യാതെ വീട്ടില്‍ വെറുതെയിരിക്കണമെന്ന് ഇപ്പറഞ്ഞതിനര്‍ത്ഥമില്ല. എന്നല്ല ദീനുല്‍ ഇസ്‌ലാമില്‍ അവള്‍ക്ക് ചെയ്യുവാന്‍ ഒത്തിരി കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്.

ഒന്നാമതായി: അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗ്ഗവും കരഗതമാക്കുവാന്‍ വേണ്ടി ഇഖ് ലാസോടെയും സുന്നത്തനുസരിച്ചും ആരാധനാകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. എല്ലാ ജോലിയും കഴിഞ്ഞ് സമയം കിട്ടുകയാണെങ്കില്‍ വല്ലതും ചെയ്യാം എന്നുവിചാരിച്ചാല്‍ ഒന്നും ചെയ്യാതിരിക്കലാവും ഫലം. മറിച്ച് ഫര്‍ളും സുന്നത്തുമായ നമസ്കാരങ്ങള്‍, ദീനീ പഠനം, വിശുദ്ധ ഖുര്‍ആന്‍ പാരായണം, ദിക്റുകള്‍, ദുആകള്‍, സുന്നത്ത്‌ നോമ്പുകള്‍... തുടങ്ങിയ ഇബാദത്തുകള്‍ നിര്‍വ്വഹിക്കുന്നതിനാവണം ജോലിത്തിരക്കിനിടയിലും ഓരോ സ്ത്രീയും പ്രാമുഖ്യം നല്‍കേണ്ടത്. അല്ലാഹു പറയന്നു:

﴿وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلا لِيَعْبُدُونِ [الذاريات:56]
"ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചതുതന്നെ അവര്‍ എന്നെ മാത്രം ആരാധിക്കുവാന്‍ വേണ്ടിയാണ്." വിശുദ്ധഖുര്‍ആനില്‍ അല്ലാഹു നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ഭാര്യമാരോട് അവരുടെ വീട്ടില്‍ ഒതുങ്ങിക്കഴിയുവാന്‍ പറഞ്ഞ അതേ ആയത്തില്‍ തന്നെ ഇബാദത്തുകളില്‍ ശ്രദ്ധയൂന്നാന്‍ കല്‍പ്പിക്കുക കൂടി ചെയ്തത് ഇവിടെ ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു:
﴿وَقَرْنَ فِي بُيُوتِكُنَّ وَلا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الأُولَى وَأَقِمْنَ الصَّلاةَ وَآتِينَ الزَّكَاةَ 
وَأَطِعْنَ اللَّهَ وَرَسُولَهُ [الأحزاب:33]
"...നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക. മുമ്പ് ജാഹിലിയ്യാകാലഘട്ടത്തിലെ സൗന്ദര്യപ്രകടനം പോലെ നിങ്ങള്‍ സൗന്ദര്യപ്രകടനം നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വ്വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക."

ദീനിയായ കാര്യങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കുന്ന ഒരു സ്ത്രീക്ക് മറ്റു ഉത്തരവാദിത്വങ്ങളും വീട്ടുജോലിയുമെല്ലാം ആശ്വാസത്തോടെ  നിര്‍വ്വഹിക്കുവാനും അവളുടെ ജോലികളെല്ലാം ക്രമപ്പെടുത്തുവാനും സാധിക്കും. യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ സ്വാലിഹതായിത്തീരുന്നത് അവളുടെ ഉത്തരവാദിത്വങ്ങളും കടമകളും ശരിയായി നിര്‍വ്വഹിക്കുമ്പോഴാണ്. അങ്ങനെയുള്ള ഒരു സ്ത്രീ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്കുന്നതോടു കൂടെ സ്വന്തം ജീവിതം കൊണ്ടും വീട്ടുകാരിലും കുട്ടികളിലും വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതായിരിക്കും.

രണ്ടാമതായി: ഭര്‍ത്താവിന് താങ്ങും തണലുമായി വര്‍ത്തിക്കുക. അല്ലാഹു പറയുന്നു:
﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لآيَاتٍ لِّقَوْمٍ يَتَفَكَّرُونَ [الروم:21]
"നിങ്ങള്‍ക്ക് ശാന്തിയടയുവാന്‍ നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്കായി ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കിയതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. തീര്‍ച്ചയായും അതിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്."

﴿هُوَ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَجَعَلَ مِنْهَا زَوْجَهَا لِيَسْكُنَ إِلَيْهَا [الأعراف:189]
"ഒരൊറ്റ ശരീരത്തില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചവനും (നിങ്ങള്‍) സമാധനമടയുവാന്‍ വേണ്ടി അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചവനുമാണവന്‍." ഭര്‍ത്താവിന് ശാന്തിയും സമാധാനവും ആശ്വാസവുമായി കഴിയുന്ന ഒരു സ്ത്രീ വളരെ വലിയ രണ്ടുനേട്ടങ്ങളാണ് അതിലൂടെ നേടുന്നത്. ഒന്ന്: അല്ലാഹുവിന്റെ ഇഷ്ടവും പ്രീതിയും സമ്പാദിക്കുക. രണ്ട്: ഭര്‍ത്താവിനെ അനുസരിക്കുന്ന സ്ത്രീക്ക് അല്ലാഹു വാഗ്ദാനം  ചെയ്തിട്ടുള്ള പ്രതിഫലമായ സ്വര്‍ഗ്ഗം കരഗതമാക്കുക.

യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന് കീഴ്പ്പെടുന്നതിലൂടെ അവളുടെ സ്ഥാനമോ മഹത്വമോ കുറയുന്നില്ല. മറിച്ച് ഇതിലൂടെ അവള്‍ സൗഭാഗ്യവതിയാവുകയാണ് ചെയ്യുന്നത്. കാരണം ഒരു ഭര്‍ത്താവിന്റെ തണലില്‍ അദ്ദേഹത്തിന് ഇണയും ഇഷ്ടപ്പെട്ടവളുമായി കഴിയുകയെന്നത് പ്രപഞ്ചനാഥന്റെ പ്രാപഞ്ചികവിധികളില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു:

﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ [النساء:34]
"പുരുഷന്മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാണ്. അവരില്‍ ചിലരെ മറ്റു ചിലരേക്കാള്‍ അല്ലാഹു ശ്രേഷ്ടമാക്കിയതിനാലും അവര്‍ അവരുടെ സമ്പത്തില്‍ നിന്ന് ചിലവഴിക്കുന്നതിനാലുമത്രെ അത്." സൂറത്തുല്‍ ബഖറയില്‍ അല്ലാഹു പറയുന്നു:
﴿وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ [البقرة:228]
"പുരുഷന്മാര്‍ക്ക് അവരേ(സ്ത്രീകളേ)ക്കാള്‍ ഉപരി ഒരു പദവിയുണ്ട്." എന്നാല്‍ അല്ലാഹു നല്‍കിയിട്ടുള്ള ഈ പദവി ഒരിക്കലും അനീതി കാണിക്കുവാന്‍ പുരുഷനെ പ്രേരിപ്പിക്കുവാന്‍ പാടില്ലെന്നപോലെ അത് അംഗീകരിച്ചു കൊടുക്കാതിരിക്കാന്‍ സ്ത്രീകള്‍ക്കും ഒരിക്കലും പാടില്ല. എന്നല്ല ഒരു സ്ത്രീക്ക് അല്ലാഹുവിന്റെ തൃപ്തി ലഭിക്കുന്നത് അവള്‍ ഭര്‍ത്താവിന്റെ പ്രീതി സമ്പാദിക്കുമ്പോഴാണ്. ഒരിക്കല്‍ അല്ലാഹുവില്‍ സത്യം ചെയ്തുകൊണ്ട് നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لاَ تُؤَدِّي الْمَرْأَةُ حَقَّ رَبِّهَا حَتَّى تُؤَدِّيَ حَقَّ زَوْجِهَا»  
 [رواه ابن ماجة وصححه الألباني]
"മുഹമ്മദിന്റെ മനസ്സ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണെ സത്യം! തന്റെ ഭര്‍ത്താവിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുന്നതുവരെ ഒരു സ്ത്രീ തന്റെ റബ്ബിനോടുള്ള ബാധ്യത നിര്‍വ്വഹിക്കുകയില്ല." ഒരിക്കല്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം ഒരു സ്ത്രീയോട് നീ നിന്റെ ഭര്‍ത്താവിനോട് എങ്ങിനെയാണ് പെരുമാറാറുള്ളതെന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: ഭര്‍ത്താവിനെ അനുസരിക്കുന്നതിലും അദ്ദേഹത്തിന് സേവനമനുഷ്ഠിക്കുന്നതിലും ഞാന്‍ യാതൊരു കുറവും വരുത്താറില്ല. ഞാന്‍ അശക്തയായതൊഴികെ. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവരോട് പറഞ്ഞു:

«فَانْظُرِي أَيْنَ أَنْتِ مِنْهُ، فَإِنَّمَا هُوَ جَنَّتُكِ أَوْ نَارُكِ»  
[صححه الألباني]
"നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരുമാറുന്നതെന്ന് ആലോചിച്ചുകൊള്ളുക. തീര്‍ച്ചയായും അദ്ദേഹമാണ് നിന്റെ സ്വര്‍ഗ്ഗവും നരകവും." അബൂഹുറൈറ റളിയല്ലാഹു അന്‍ഹുവില്‍ നിന്ന് ഇമാം തിര്‍മിദി ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«لَوْ كُنْتُ آمِرًا أَحَدًا أَنْ يَسْجُدَ لِأَحَدٍ لَأَمَرْتُ الْمَرْأَةَ أَنْ تَسْجُدَ لِزَوْجِهَا»   
[رواه الترمذي وابن ماجة وأبو داود وصححه الألباني]
"ഞാന്‍ ആരോടെങ്കിലും ആര്‍ക്കെങ്കിലും സുജൂദ് ചെയ്യുവാന്‍ കല്പിക്കുകയാണെങ്കില്‍ സ്ത്രീയോട് അവളുടെ ഭര്‍ത്താവിന് സുജൂദ് ചെയ്യുവാന്‍ കല്പിക്കുമായിരുന്നു". ഈ ഉപരിസൂചിത തിരുവചനങ്ങള്‍ സ്വര്‍ഗ്ഗമാഗ്രഹിക്കുന്ന ഓരോ സ്ത്രീയും അവളുടെ മനസ്സിനുള്ളില്‍ ഒരിക്കലും മറക്കാത്തവിധം ഉറപ്പിച്ചു കൊള്ളട്ടെ. ഇസ്‌ലാം കല്പിച്ച ഈ അനുസരണക്കുള്ള പ്രതിഫലമാകട്ടെ സ്വര്‍ഗ്ഗപ്പൂങ്കാവനത്തിന്റെ എട്ടുവാതിലുകളില്‍ ഇഷ്ടപ്പെട്ടതിലൂടെ അതില്‍ പ്രവേശിക്കുകയെന്നതാണ്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«إِذَا صَلَّتِ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وحصَّنت فَرْجَهَا وَأَطَاعَتْ زَوْجَهَا
قِيلَ لَهَا: ادخُلِي الْجَنَّةِ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ» 
[رواه أحمد والطبراني وقال الألباني: حسن لغيره]
"സ്ത്രീ അഞ്ചുനേരം നമസ്കരിക്കുകയും മാസ-നോമ്പനുഷ്ടിക്കുകയും ഗുഹ്യസ്ഥാനം സൂക്ഷിക്കുകയും ഭര്‍ത്താവിനെ അനുസരിക്കുകയും ചെയ്‌താല്‍ അവളോട്‌ പറയപ്പെടും: സ്വര്‍ഗ്ഗവാതിലുകളില്‍ നീ ഉദ്ദേശിച്ചത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകൊള്ളുക." ഇത്രയും വമ്പിച്ച പ്രതിഫലത്തിന് തന്നെ അര്‍ഹയാക്കുന്ന ഇബാദത്താണ് ഭര്‍ത്താവിനെ അനുസരിക്കുകയെന്നതോര്‍ക്കുമ്പോള്‍ ഏതു സ്ത്രീയാണ് 'അല്‍ഹംദു ലില്ലാഹ്' പറയാത്തത്.

ചുരുക്കത്തില്‍ ഭര്‍ത്താവിനെ അനുസരിക്കുന്നതിലൂടെ സ്ത്രീയുടെ മഹത്വം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നല്ല ഒരു സ്ത്രീക്ക് ആല്ലാഹുവിന് കീഴ്പ്പെട്ടുകൊണ്ട് ഭര്‍ത്താവിന് പൂര്‍ണ്ണ അനുസരണയുള്ളവളാവാന്‍ എപ്പോള്‍ കഴിയുന്നുവോ അപ്പോള്‍ മാത്രമേ ഒരു വീട്ടില്‍ സമാധാനവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം നിലനില്‍ക്കുകയുള്ളൂ. അതിനാല്‍ പരലോകത്ത് നന്മയാഗ്രഹിക്കുന്ന ഓരോ സ്ത്രീയും ഈ നന്മ കൈവരിക്കുവാന്‍ ആദ്യമായി ചെയ്യേണ്ടത് ഇസ്‌ലാമില്‍ ഭര്‍ത്താവിനുള്ള സ്ഥാനവും അവകാശങ്ങളും മനസ്സിലാക്കുകയെന്നതാണ്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമായും സ്ത്രീ ശ്രദ്ധിച്ചിരിക്കേണ്ട ഏതാനും കാര്യങ്ങള്‍ ചുരുക്കി വിശദീകരിക്കാം.

ഭര്‍ത്താവിനെ അനുസരിക്കുക:
ഇസ്‌ലാം പുരുഷനോടാണ് ഒരു കുടുംബത്തിന്റെ മേല്‍നോട്ടം വഹിക്കുവാന്‍ കല്പിച്ചിട്ടുള്ളതെന്ന് നാം സൂചിപ്പിച്ചുവല്ലോ. അത് സാധിതമാവണമെങ്കില്‍ സ്ത്രീ അനുസരണയുള്ളവളാവണം. സ്ത്രീ അനുസരണയില്ലാത്തവളാവുമ്പോള്‍ അത്തരം കുടുംബത്തില്‍ വിള്ളലുണ്ടാവുക സ്വാഭാവികം. അതുകൊണ്ടുതന്നെ ഓരോ മുസ്‌ലിം സ്ത്രീയും ഇതിന്റെ പ്രാധാന്യമുള്‍ക്കൊള്ളുവാന്‍ വേണ്ടിയാണ് അവള്‍ സുന്നത്തായ നോമ്പ് നോല്‍ക്കുന്നതുപോലും  ഭര്‍ത്താവ് സ്ഥലത്തുണ്ടെങ്കില്‍ അദ്ധേഹത്തിന്റെ അനുമതിയോടെയാവണമെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലം പഠിപ്പിച്ചത്. ചിന്തിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ മാത്രം ഈയൊരു ഹദീസുതന്നെ മതി. ഇത്രമാത്രം  അനുസരണയും അനുസരിക്കുന്ന കാര്യത്തില്‍ ശ്രദ്ധയും വേണമെന്ന് ഇസ്‌ലാം പഠിപ്പിചിട്ടുള്ളത് യഥാര്‍ത്ഥത്തില്‍ ഒരു കുടുംബത്തിന്റെ നന്മക്കും നല്ല നിലനില്‍പ്പിന്നും വേണ്ടിയാണ്.

വീട്ടുജോലികള്‍ നിര്‍വ്വഹിക്കുക:
ഒരു മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചിടത്തോളം വീട്ടുജോലികള്‍ നിര്‍വ്വഹിക്കുന്നത് ഭര്‍ത്താവിന് സേവനമനുഷ്ടിച്ചുകൊണ്ടും കുട്ടികളുടെ നന്മക്കും വേണ്ടിയാകുമ്പോള്‍ അത് അല്ലാഹുവിങ്കല്‍ പ്രതിഫലമുള്ള കാര്യമാണെന്നതില്‍ സംശയമില്ലല്ലോ. അതിനാല്‍ അവള്‍ പ്രതിഫലമാഗ്രഹിച്ചുകൊണ്ടും സന്തോഷത്തോടെയുമാവണം വീട്ടുജോലികള്‍ നിര്‍വ്വഹിക്കേണ്ടത്. അങ്ങനെയെങ്കില്‍ വീട്ടുജോലികള്‍ നിരന്തരമായി ചെയ്യേണ്ടി വരുമ്പോഴും അവള്‍ക്കത് ഭാരമായി തോന്നുകയില്ല.

നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രിയപുത്രി ഫാത്വിമ റളിയല്ലാഹു അന്‍ഹാ ഓരോ മുസ്‌ലിം സ്ത്രീക്കും ഈ വിഷയത്തില്‍ ഉന്നതമായൊരു മാതൃക തന്നെയായിരുന്നു. മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ടനായ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ ഓമനപുത്രിയായിരുന്നിട്ടും വീട്ടില്‍ ഒരു സേവകി പോലുമില്ലാതെ സ്വന്തം ഭര്‍ത്താവിനും കുട്ടികള്‍ക്കും സേവനമനുഷ്ഠിക്കുന്നതില്‍ അത്യധികം ത്യാഗം സഹിച്ച മഹതിയായിരുന്നു അവര്‍. വീട്ടുജോലികള്‍ അവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമാണെന്നു കണ്ടപ്പോള്‍ സ്വന്തം ഭര്‍ത്താവായ അലി റളിയല്ലാഹു അന്‍ഹു നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ അടുത്തുചെന്ന് തന്റെ വീട്ടിലേക്ക് ഒരു ഖാദിമിനെ വിട്ടുതരുവാന്‍ ചോദിക്കുവാനായി അവരെ പറഞ്ഞയച്ചു. ഭര്‍ത്താവിന്റെ നിര്‍ദ്ദേശപ്രകാരം അവര്‍ സ്വന്തം പിതാവിനെ കണ്ടുസംസാരിക്കുവാന്‍ ചെന്നെങ്കിലും പിതാവിനെ കാണാതെ തിരിച്ചുപോരേണ്ടിവന്നു. വിവരമറിഞ്ഞ നബി സല്ലല്ലാഹു അലൈഹി വസല്ലം രാത്രി അവരുടെ വീട്ടിലേക്ക് ചെന്നു. പ്രതീക്ഷയോടെ സ്വന്തം പിതാവിനോട് അവര്‍ വിഷയമവതരിപ്പിച്ചു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം അവരോട് ക്ഷമിക്കുവാനും സഹനമവലംബിക്കുവാനും പറയുകയും ഖാദിമിനേക്കാള്‍ നിങ്ങള്‍ക്ക് നന്മയേറിയ ഒരു കാര്യം പഠിപ്പിച്ചു തരാമെന്ന് പറയുകയും രാത്രിയുറങ്ങുവാന്‍ കിടക്കുമ്പോള്‍ 33 പ്രാവശ്യം സുബ്ഹാനല്ലാഹ് എന്നും 33 പ്രാവശ്യം അല്‍ഹംദുലില്ലാഹ് എന്നും 34 പ്രാവശ്യം അല്ലാഹു അക്ബര്‍ എന്നും ചൊല്ലുവാന്‍ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. എല്ലാം കേട്ട് പൂര്‍ണ്ണ അനുസരണയോടെയും സന്തോഷത്തോടെയും ബാക്കികാല ജീവിതം കഴിച്ചുകൂട്ടിയ ആ മഹതിയെയാവണം നമ്മുടെ സഹോദരിമാര്‍ മാതൃകയാക്കേണ്ടത്.

ചിന്തിക്കുവാനും പഠിക്കുവാനും ഒട്ടനവധി കാര്യങ്ങളടങ്ങിയിട്ടുള്ള ഈ സംഭവത്തില്‍ നിന്നും വിഷയവുമായി ബന്ധപ്പെട്ടത് മാത്രം സൂചിപ്പിക്കട്ടെ. വീട്ടുജോലികളില്‍ അല്പമൊക്കെ പ്രയാസമനുഭവപ്പെട്ടാലും അല്ലാഹുവിന്റെ പ്രീതി മനസ്സില്‍ കരുതി ഭര്‍ത്താവിന്റെയും കുട്ടികളുടെയും സന്തോഷത്തിനായി എല്ലാം വളരെ ഭംഗിയായും വൃത്തിയായും കൃത്യതയോടെ അതാതിന്റെ സമയത്ത് ചെയ്തുതീര്‍ക്കുക. നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ പ്രിയപുത്രി ഫാത്വിമ റളിയല്ലാഹു അന്‍ഹാ പോലും ഈ വിഷയത്തില്‍ പ്രയാസങ്ങളേറെ സഹിച്ച്  ജീവിച്ചവരാണെന്നും എന്നിട്ട് നബി സല്ലല്ലാഹു അലൈഹി വസല്ലം അവരുടെ കഠിനാധ്വാനത്തെ അംഗീകരിക്കുകയാണ് ചെയ്തതെന്നും ഇതെല്ലാം അല്ലാഹുവിങ്കല്‍ പ്രതിഫലമുള്ള കാര്യമാണെന്നും മനസ്സിലാക്കുക. ജീവിതത്തില്‍ ദിക്റുകളും ദുആകളുമെല്ലാം പരമാവധി വര്‍ദ്ധിപ്പിച്ച് ഇത്തരം വിഷയങ്ങളിലെല്ലാം അല്ലാഹുവോട് സഹായമര്‍ത്ഥിക്കുകയും ചെയ്യുക.

ഭര്‍ത്താവിന്റെ വിളിക്കുത്തരം നല്‍കുക:
നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«إِذَا دَعَا الرَّجُلُ امْرَأَتَهُ إِلَى فِرَاشِهِ فَأَبَتْ فَلَمْ تَأْتِهِ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا الْمَلاَئِكَةُ حَتَّى تُصْبِحَ»  
[أخرجه البخاري ومسلم وأبو داود واللفظ له]
"ഒരു പുരുഷന്‍ തന്റെ ഭാര്യയെ കിടപ്പറയിലേക്ക് വിളിക്കുകയും എന്നിട്ടവള്‍ വിസമ്മതിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലാതിരിക്കുകയും അങ്ങനെ അയാള്‍ അവളോട് കോപിച്ച് രാത്രി കഴിച്ചുകൂട്ടുകയും ചെയ്‌താല്‍ പ്രഭാതമാകും വരെയും മലക്കുകള്‍ അവളെ ശപിച്ചുകൊണ്ടിരിക്കും".

മേല്‍ ഹദീസില്‍ നിന്നും സ്വന്തം ഭര്‍ത്താവിന്റെ മുന്നില്‍ ഒരു സ്ത്രീ വിസമ്മതം കാണിക്കുന്നത് അല്ലാഹുവിന് ഇഷ്ടമില്ലാത്ത കാര്യമാണെന്നും അതേസമയം അവള്‍ തന്റെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നതും തൃപ്തിപ്പെടുത്തുന്നതും അല്ലാഹുവിന് ഇഷ്ടമുള്ള കാര്യമാണെന്നും മനസ്സിലാക്കാം. അതുപോലെ ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് സന്തോഷപൂര്‍വ്വം പ്രതികരിക്കുന്നതും സ്നേഹപൂര്‍വ്വം പെരുമാറുന്നതും പുറത്തുപോവുമ്പോള്‍ അന്യര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങുന്നതിനുപകരം വീട്ടിലാകുമ്പോള്‍ സ്വന്തം ഭര്‍ത്താവിനുവേണ്ടി അണിഞ്ഞൊരുങ്ങുന്നതും അല്ലാഹുവിങ്കല്‍ പ്രതിഫലമുള്ള കാര്യവും കുടുംബജീവിതത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും അങ്ങേയറ്റം സഹായിക്കുന്ന ഘടകങ്ങളുമാണെന്നോര്‍ക്കുക.

വസ്ത്രധാരണത്തിലും സംസാരത്തിലും മറ്റും അല്ലാഹുവിനെ സൂക്ഷിക്കുക:
ഇസ്‌ലാമികവസ്ത്രം ധരിക്കാതെ പുറത്തുപോവാനോ മഹ്റമല്ലാത്തവരുമായി ഇടകലര്‍ന്ന്‍ പെരുമാറുവാനോ പാടില്ല. വീട്ടില്‍ വരുന്നവര്‍ക്കെല്ലാം സ്വന്തത്തെ പ്രദര്‍ശിപ്പിക്കുന്നതും കണ്ടവരോടൊക്കെ കുശലം പറയുന്നതും ഒരിക്കലും പാടില്ലാത്തതാണ്. അതുപോലെ ഭര്‍ത്താവിന് ഇഷ്ടമില്ലാത്തവരെ - അവര്‍ സ്വന്തം കുടുംബത്തില്‍ പെട്ടവരാണെങ്കിലും ശരി - വീട്ടില്‍ കയറ്റിയിരുത്തുന്നതും ഭര്‍ത്താവിന്റെ റൂമില്‍ കയറാനനുവദിക്കുന്നതുമെല്ലാം പാടേ വിപാടനം ചെയ്യേണ്ട കാര്യങ്ങളാണ്. ഇപ്പറഞ്ഞ വിഷയങ്ങളെല്ലാം അല്ലാഹുവിന് ഇഷ്ടമില്ലാത്തതും ദാമ്പത്യജീവിതത്തില്‍ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളുമാണെന്നോര്‍ക്കുക. സ്വന്തം ഭര്‍ത്താവിന്റെ മുന്നില്‍ സ്നേഹവും അനുസരണയും ഭംഗിയും വേണ്ടുവോളം പ്രകടിപ്പിക്കുകയും ഫിത്‌ന ആഗ്രഹിക്കുന്നവരോടും ഹൃദയത്തില്‍ രോഗമുള്ളവരോടും മുഖം തിരിച്ചുകളയുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ.

ഇത്തരം സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ വിശ്വാസ്യത സമ്പാദിക്കുവാനും സ്വന്തം കുട്ടികള്‍ക്ക് വിശുദ്ധിയുടെ കാര്യത്തിലും മറ്റും മാതൃകയാകുവാനും വീട്ടില്‍ ശാന്തിനിറഞ്ഞ ഒരു ഇസ്‌ലാമിക കുടുംബാന്തരീക്ഷം നിലനിര്‍ത്തുവാനും സാധിക്കും.

നല്ല പെരുമാറ്റം: 
എപ്പോഴും സ്നേഹവും ബഹുമാനവും നിറഞ്ഞതും പുഞ്ചിരി തൂകുന്നതുമായ മുഖത്തോടെ മാത്രം ഭര്‍ത്താവിനെ അഭിസംബോധന ചെയ്യുകയെന്നത് ഒരു സ്വാലിഹത്തായ സ്ത്രീയുടെ പ്രധാന അടയാളങ്ങളില്‍ പെട്ടതാണ്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
عَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ قَالَ: سُئِلَ النَّبِيُّ صَلَّى الله عَلَيْهِ وَسَلَّم أيُّ النِّسَاءِ خَيْرٌ؟ فَقَالَ: «خَيْرُ النِّسَاءِ الَّتِي تَسُرُّهُ إِذَا نَظَرَ وَتُطِيعُهُ إِذَا أَمَرَ وَلاَ تُخَالِفُهُ فِي نَفْسِهَا وَلاَ مَالِهَا بِمَا يَكْرَهُ»
[انظر السلسلة الصحيحة رقم الحديث:3/453]
അബൂഹുറൈറ റളിയല്ലാഹു അന്‍ഹുവില്‍ നിന്ന്: അദ്ദേഹം പറഞ്ഞു: നല്ല സ്ത്രീകള്‍ ആരാണെന്ന് നബി സല്ലല്ലാഹു അലൈഹി വസല്ലമയോട് ചോദിക്കപ്പെട്ടു. അപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: "ഭര്‍ത്താവ് നോക്കിയാല്‍ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും കല്പിച്ചാല്‍ അനുസരിക്കുകയും ചെയ്യുകയും തന്റെ ശരീരത്തിലും ധനത്തിലും (ഒരിക്കലും ഭര്‍ത്താവിന്) ഇഷ്ടപ്പെടാത്തത് ചെയ്തുകൊണ്ട് അദ്ദേഹത്തോട് എതിരാവാതിരിക്കുകയും ചെയ്യുന്നവളാണ് നല്ല സ്ത്രീ." നിഷ്കളങ്കമായ പുഞ്ചിരിയും സ്നേഹമൂറുന്ന സംസാരവും ദാമ്പത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റുക. അറിയുക! ഇസ്‌ലാമില്‍ ഒരു പുഞ്ചിരിപോലും പ്രതിഫലമുള്ളതാണ്. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ»  [رواه الترمذي وصححه الألباني]
"നിന്റെ സഹോദരനോട് പുഞ്ചിരിക്കല്‍ നിനക്കൊരു സ്വദഖയാണ്." അപ്പോള്‍ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുവാനായി ഭാര്യയുടെ മുഖത്ത് വിടരുന്ന പുഞ്ചിരിയുടെ പ്രതിഫലം പറയേണ്ടതില്ലല്ലോ.

വീട് വെടിപ്പോടെ സൂക്ഷിക്കുക:
അതീവ ഭംഗിയും വെടിപ്പുമുള്ള മനോഹാരിതമായ ഒരു പൂന്തോട്ടം കണ്ടാസ്വദിക്കുമ്പോള്‍ മനസ്സിന് നല്ലൊരു സന്തോഷം തോന്നാറില്ലേ. അതേപോലെ വൃത്തിയും വെടിപ്പും ഭംഗിയും നിറഞ്ഞ കണ്ടാല്‍ കണ്ണിന് കുളിര്‍മയേകുന്ന ഒരു പൂന്തോട്ടമാക്കി വീടിനെ മാറ്റാന്‍ വീട്ടുകാരി നിര്‍ബ്ബന്ധം കാണിക്കണം. ഭംഗിയാര്‍ന്നൊരു വീട് ഒരു നല്ല വീട്ടുകാരിയെ സൂചിപ്പിക്കുന്നു. ജോലി കഴിഞ്ഞ് തിരിച്ചുവരുന്ന ഭര്‍ത്താവിനും പഠനം കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികള്‍ക്കും എല്ലാം അടക്കിയൊതുക്കിവെച്ച ഭംഗിയാര്‍ന്നൊരു വീട് കാണുമ്പോള്‍ വളരെ നല്ലൊരു അനുഭൂതിയായിരിക്കും അകതാരില്‍ അനുഭവപ്പെടുകയെന്നത് തീര്‍ച്ച.

വീട്ടുപകരണങ്ങള്‍ കേടുവരാതെ സൂക്ഷിക്കുക:
നിസ്സാരമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങളില്‍ വരുന്ന അശ്രദ്ധ പലപ്പോഴും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:
«وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ وَهِىَ مَسْئُولَةٌ عَنْهُمْ»  [أخرجه البخاري ومسلم واللفظ لمسلم]
"സ്ത്രീ തന്റെ ഭര്‍ത്താവിന്റെ വീടിന്റെയും കുട്ടികളുടെയും ഉത്തരവാദിത്വമുള്ളവളാണ്. അവരെക്കുറിച്ച് അവള്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്." അതിനാല്‍ വീട്ടുപകരണങ്ങള്‍ കേടുവരാതെ സൂക്ഷിക്കുക,  ഒന്നിലും അമിതവ്യയം വരുത്താതിരിക്കുക, കഴിവിനപ്പുറം  ഭര്‍ത്താവിനെക്കൊണ്ട് ചിലവഴിപ്പിക്കാതിരിക്കുക, കുട്ടികളെ നല്ലവരായി വളര്‍ത്തുക... എന്നുതുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഒരു നല്ല ഭാര്യ ശ്രദ്ധിക്കേണ്ടതുണ്ട്. 

പ്രശ്നങ്ങളില്‍ പ്രതികരിക്കുമ്പോള്‍:
വീഴ്ചകളും പോരായ്മകളുമില്ലാത്ത മനുഷ്യരില്ല. ജീവിതയാത്രക്കിടയില്‍ മുന്‍ധാരണയും മുന്‍പരിചയവുമില്ലാതെ അല്ലാഹു നിയമമാക്കിയ വിവാഹത്തിലൂടെ ഒത്തുചേര്‍ന്ന രണ്ടു വ്യക്തിത്വങ്ങളാണല്ലോ ഭര്‍ത്താവും ഭാര്യയും. നിരന്തരവും നീണ്ടുനില്‍ക്കുന്നതുമായ ജീവിതചുറ്റുപാടുകള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടാവുക സ്വാഭാവികം. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാനമായിട്ടുള്ളത് പ്രശ്നങ്ങളോടെങ്ങനെ നാം പ്രതികരിക്കുന്നുവെന്നതാണ്.

ദാമ്പത്യജീവിതത്തില്‍ വല്ല പ്രശ്നവുമുണ്ടായാല്‍ അത് മുളയില്‍ തന്നെ നുള്ളിക്കളയണം. പലപ്പോഴും ചില ധാരണകളിലും തോന്നലുകളിലും തുടങ്ങുന്ന പ്രശ്നങ്ങള്‍ അവസാനം ത്വലാഖില്‍ വരെയെത്തിപ്പെട്ടേക്കാം. കാരണം, മനുഷ്യര്‍ക്കിടയില്‍ ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കി പിന്നീടത് ഊതിവീര്‍പ്പിച്ച് അവരെ പരസ്പരം തെറ്റിപ്പിക്കുകയെന്നത് ഇബ് ലീസിന് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. അതിനാല്‍ പരമാവധി ക്ഷമിച്ചും സഹിച്ചും വിട്ടുവീഴ്ച ചെയ്തും പ്രശ്നങ്ങളെ ഊതിക്കെടുത്താനാവണം നാം ശ്രമിക്കേണ്ടത്. ഇത്തരം വിഷയങ്ങളിലെല്ലാം ഒരു സ്ത്രീയുടെ പങ്ക് വളരെ വലുതാണ്‌. പ്രശ്നങ്ങളോട് പ്രതികരിക്കുമ്പോള്‍ എതിര്‍ത്ത് സംസാരിക്കാതെ പരമാവധി നിശബ്ദത പാലിച്ച് ഭര്‍ത്താവിന് പറയാനുള്ളത് ശ്രദ്ധിച്ചുകേള്‍ക്കുക - വിശേഷിച്ചും ദേഷ്യം വരുന്ന സന്ദര്‍ഭങ്ങളില്‍. രണ്ടുപേര്‍ക്കും ഉള്ളില്‍ ഇഷ്ടമേയുള്ളൂവെന്നും പ്രശ്നം ഏറ്റവും നല്ല രീതിയില്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും ഭര്‍ത്താവിനെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ദാമ്പത്യജീവിതത്തില്‍ വിട്ടുവീഴ്ചയുടെ പ്രാധാന്യം മനസ്സിലാക്കി തര്‍ക്കങ്ങളില്‍ പരമാവധി വിട്ടുവീഴ്ച ചെയ്യുക. കാരണം രണ്ടിലൊരാള്‍ വിട്ടുവീഴ്ചക്ക് തയ്യാറാവുന്നില്ലെങ്കില്‍ പ്രശ്നം സങ്കീര്‍ണ്ണമാകാനും ഇഷ്ടകരമല്ലാത്ത വല്ലതും സംഭവിക്കാനും അതിടവരുത്തിയേക്കാം.

ഭര്‍ത്താവിന് ആശ്വാസമേകുക:
പ്രശ്നങ്ങളും പ്രയാസങ്ങളും നിറഞ്ഞതാണ്‌ ജീവിതം എന്ന് സൂചിപ്പിച്ചുവല്ലോ. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭംഗിയായി ക്ഷമിക്കുവാനും ആശ്വാസത്തിന്റെ  വാക്കുകളുമായി ഭര്‍ത്താവിന്റെ മനസ്സിന് സമാധാനമരുളാനും സാധിക്കുന്നവളാണ് സ്വാലിഹത്തായ സഹധര്‍മിണി. ജീവിതത്തില്‍ എന്തു പ്രതിസന്ധി നേരിട്ടാലും ഉടനെ വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിക്കുന്നവിധത്തില്‍ വീടൊരു സമാധാനഗേഹമാക്കി മാറ്റാന്‍ തന്റെ സല്‍പെരുമാറ്റങ്ങളിലൂടെ ഭാര്യക്ക് സാധിക്കണം.

അവസാനമായി:
മഹാനായ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കുടുംബജീവിതം ഓരോ ഭര്‍ത്താവും ഭാര്യയും പഠിച്ചിരിക്കല്‍ നിര്‍ബ്ബന്ധമാണ്. എത്ര മഹത്തരവും സമാധാനം നിറഞ്ഞതുമായിരുന്നു ആ മഹനീയജീവിതം. തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും ഓരോ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും ക്ഷമിച്ചും സഹിച്ചും എങ്ങനെ സമാധാനകരവും സന്തോഷകരവുമായി ജീവിക്കണമെന്ന് തിരുനബി നമുക്ക് പഠിപ്പിച്ചുതന്നു. നന്മനിറഞ്ഞ ഒരു ജീവിതത്തിന്നാവശ്യമായിട്ടുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നിറഞ്ഞ ആ തിരുവചനങ്ങളില്‍ നിന്നും ചില ഭാഗങ്ങളാണ് മുകളില്‍ വിശദീകരിച്ചത്. ദുന്‍യാവിലും ആഖിറത്തിലും ജീവിതം സന്തോഷകരവും സുഖകരവുമാക്കി മാറ്റാന്‍ കൂടുതല്‍ പഠിക്കുക, അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.**

www.wayofsahaba.blogspot.com


**പ്രധാനമായും ശൈഖ് സ്വാലിഹുല്‍ ഫൗസാ(حفظه الله)ന്റെ (دور المرأة في تربية الأسرة) എന്ന രിസാലയും ശൈഖ് അല്‍ബാനി (رحمه الله) യുടെ (آداب الزفاف) എന്ന ഗ്രന്ഥവും അവലംബമാക്കിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.