:: ആരാണ് രക്ഷപ്പെട്ട കക്ഷി?

بسم الله الرحمن الرحيم 

ആരാണ് രക്ഷപ്പെട്ട കക്ഷി?

മുസ്‌ലിം സമുദായം എഴുപതില്‍പരം കക്ഷികളായി പിരിയും. ഒന്നൊഴികെ എല്ലാ കക്ഷികളും നരകത്തിലായിരിക്കും. ഇങ്ങനെ നബിവചനങ്ങളില്‍ വന്നിട്ടുണ്ടല്ലോ. നമ്മുടെ സംഘടന ആ രക്ഷപ്പെട്ട കക്ഷിയാണ്. അല്ലാതെ ഇസ്‌ലാം വിലക്കിയ വെറുക്കപ്പെട്ട കക്ഷിയല്ല.

ഇത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന പലരുടെയും ഒരു സംശയമാണ്. ഇതിനുള്ള മറുപടി സംക്ഷിപ്തമായി വിശദീകരിക്കുകയാണിവിടെ:

ഇമാമും ജമാഅത്തും ഇല്ലാതായാല്‍ മുസ്‌ലിം സമുദായത്തില്‍ ധ്രുവീകരണവും ചേരിതിരിവുമുണ്ടാകും. ആ സമയത്ത് ചേരിതിരിവും കക്ഷിത്വവുമുണ്ടാക്കാതെ ഇസ്‌ലാമിന്റെ ശരിയായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന വളരെ ചെറിയൊരു വിഭാഗം ബാക്കിയുണ്ടാകും. അവര്‍ നബി സല്ലല്ലാഹു അലൈഹി വസല്ലമയും സ്വഹാബത്തും നിലകൊണ്ട അതേ മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നിലകൊള്ളും. തിരുമേനിയുടെയും സ്വഹാബത്തിന്റെയും നിലപാടില്‍ സംഘടനയില്ല. മുസ്‌ലിംകളില്‍ ചിലര്‍ക്ക് അംഗത്വം നല്‍കി, അവരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച്, ഒരു പ്രത്യേക സംഘടനയിലേക്ക് ചേര്‍ത്തുപറഞ്ഞ്, അപ്പേരില്‍ അവര്‍ അറിയപ്പെട്ട്, ഇസ്‌ലാമിക സാഹോദര്യത്തിനുപകരം സംഘടനാസാഹോദര്യം നിലനിര്‍ത്തിപ്പോരുന്ന സംഘടനാസംവിധാനം അവരുടെ നിലപാടില്‍ ഇല്ലേയില്ല. അഥവാ ഇസ്‌ലാമിക സമൂഹത്തെ പല തുണ്ടുകളാക്കി അവക്ക് ചുറ്റും വേലികെട്ടിത്തിരിച്ച് നിര്‍ത്തുന്ന സംഘടനാരീതി രക്ഷപ്പെട്ട വിഭാഗത്തിന്റെ നടപടിക്ക് പുറത്താണ്. 

രക്ഷപ്പെട്ട ഈ വിഭാഗം ആരാണെന്ന് സ്വഹാബികള്‍ ചോദിച്ചപ്പോള്‍ നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞത് ഇപ്രകാരമാണ്.

«مَا أَنَا عَلَيْهِ وَأَصْحَابِي» [الترمذي:2641، حسنه الألباني].
"ഞാനും എന്റെ സ്വഹാബത്തും എതോന്നിലാണോ അത്." അഥവാ നബി സല്ലല്ലാഹു അലൈഹി വസല്ലമയും സ്വഹാബത്തും ഏതൊരു നിലപാടിലായിരുന്നുവോ ആ നിലപാടിലുള്ളവര്‍. ഇതില്‍ നിന്നും വിജയിച്ച വിഭാഗം ഒരു നിലപാടാണ്; ഒരു സംഘടനയല്ല എന്ന് മനസ്സിലായല്ലോ. അവരെ ഒരു സംഘടനക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അവര്‍ ഒരു സംഘടനയും ഉള്‍ക്കൊള്ളുകയുമില്ല. സംഘടനകള്‍ക്ക് അതീതമായി അവര്‍ സത്യത്തെ കാണുകയും അംഗീകരിക്കുകയും ചെയ്യും. സംഘനയുടെ കുടക്കീഴില്‍ ഒതുങ്ങിനില്‍ക്കാതെ അവര്‍ നന്മ കല്പിക്കുകയും തിന്മകള്‍ ചൂണ്ടിക്കാണിക്കുകയും ഉപദേശിക്കുകയും തിരുത്തുകയും ചെയ്യും. അവര്‍ വളരെ തുഛമായിരിക്കും. ഒരു നാട്ടില്‍ ഒരാള്‍ മാത്രമായി ചുരുങ്ങുന്ന അവസ്ഥപോലും അവര്‍ക്ക് വരും. ഗോത്രങ്ങളില്‍നിന്ന് നിഷ്കാസിതരായവരെപ്പോലെ അവര്‍ ഒറ്റപ്പെടും. അവര്‍ക്ക് സംഘടനയുടെ പിന്തുണയുണ്ടാവില്ല. സ്ഥാനമാനങ്ങളും പദവികളുമുണ്ടാവില്ല. ജനം അവരെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കില്ല. ആയിരങ്ങള്‍ അവരുടെ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ക്കില്ല. ഒരു പള്ളിമൂലയില്‍ നാലുപേര്‍ കൂടിയിരുന്നിട്ടെന്തു ഫലം? പതിനായിരങ്ങളെ സംഘടിപ്പിക്കാന്‍ കഴിയേണ്ടേ? ജനങ്ങള്‍ക്കിടയില്‍ അംഗീകാരം വേണ്ടേ? അതൊന്നുമില്ലാതെ അവര്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും? ഇങ്ങനെ ചോദിക്കുന്നതിലര്‍ത്ഥമില്ല. പരലോകം കാംക്ഷിക്കുന്നവര്‍ ഇങ്ങനെ ചോദിക്കുകയുമില്ല.

യഥാര്‍ത്ഥത്തില്‍ വിജയിച്ച വിഭാഗം എന്നത് ഒരു നിലപാടാണ്. ഖുര്‍ആനും സുന്നത്തും സലഫുകള്‍ സ്വീകരിച്ചപോലെ സ്വീകരിക്കുക എന്ന നിലപാട്. ആ നിലപാടില്‍ ഒരാള്‍ മാത്രമാണുള്ളതെങ്കിലും അയാള്‍ വിജയിച്ച കക്ഷിയാണ്. അങ്ങനെയാണ് ഇബ്‌നു മസ്ഊദ് റളിയല്ലാഹു അന്‍ഹു വിശദീകരിച്ചത്. ആ നിലപാടില്ലാത്തവര്‍ എത്ര പേരായാലും എങ്ങനെ സംഘടിച്ചാലും വിജയിച്ച വിഭാഗമാവുകയുമില്ല.

ഈ മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ അധികമാരും ധൈര്യപ്പെടില്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ലഭിച്ചവര്‍ക്കേ അതിന് സന്മനസ്സ് വരികയുള്ളൂ. സംഘടന തിന്മയാണെന്നറിയാം. പക്ഷെ, ഇവിടെ എല്ലാവരും സംഘടനയെ അംഗീകരിക്കുന്നവരും പിന്തുണക്കുന്നവരുമാണ്. അപ്പോള്‍ സംഘടന വേണ്ടെന്നു പറഞ്ഞാല്‍ പിന്നെ നമുക്കാരാണുണ്ടാവുക?...

അതെ, നമുക്കല്ലാഹു മതി. ആരൊക്കെ എതിര്‍ത്താലും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാലും നമുക്ക് പ്രശ്നമല്ല. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരേക്കും ഈ ദീനുമായി ധീരമായി മുന്നോട്ട് പോവണം. ചുരുക്കത്തില്‍ സത്യം അതിന്റെ അകക്കാമ്പില്‍ ഉള്‍ക്കൊള്ളാന്‍ ചെറിയ ത്യാഗം പോരാ. അതിന് താങ്കള്‍ തയ്യാറാണെങ്കില്‍ മനസ്സിനെ അതിന് സജ്ജമാക്കുകയും അല്ലാഹുവിന്റെ തൗഫീഖിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. സത്യം സത്യമായി മനസ്സിലാക്കി അതേറ്റവും നല്ല രീതിയില്‍ പിന്‍പറ്റുവാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍.**

www.wayofsahaba.blogspot.com


**  "സംഘടന തിന്മയാണ്" എന്ന സുബൈര്‍ മൗലവി(حفظه الله)യുടെ കൃതിയില്‍ നിന്നും ലളിതമാറ്റങ്ങളോടെ സംക്ഷിപ്തമാക്കിയത്.