:: നമുക്കേറ്റവും വലുത് നമ്മുടെ ദീന്‍

بسم الله الرحمن الرحيم 

ബഹുമാന്യ സുഹൃത്ത് ബശീര്‍ പുത്തൂര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് "ശറഹു ഉസ്വൂലി അഹ് ലിസ്സുന്നത്തി വല്‍ജമാഅ" എന്ന പേരില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ലേഖനം എഴുതുകയുണ്ടായി. (അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍). നമ്മിലെ അറിവുള്ള സഹോദരങ്ങളും സാധാരണക്കാരും സഹോദരിമാരുമെല്ലാം അനിവാര്യമായും വായിച്ചുപഠിച്ചിരിക്കേണ്ട സുപ്രധാന വിഷയങ്ങളടങ്ങിയ ഈ ലേഖനം ഇനിയും കൂടുതല്‍ സഹോദരങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ലേഖനപരമ്പര തയ്യാറാക്കിയിട്ടുള്ളത്. അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അടിസ്ഥാനതത്വങ്ങളടങ്ങിയ പ്രസ്തുത ലേഖനം ലളിതമാറ്റങ്ങളോടെ സംക്ഷിപ്തമായ രീതിയിലും സുലളിതമായ ശൈലിയിലും   തയ്യാറാക്കിയിട്ടുള്ളതിന്റെ മൂന്നാം ഭാഗമാണ് "നമുക്കേറ്റവും വലുത് നമ്മുടെ ദീന്‍" എന്ന തലക്കെട്ടില്‍ വായനക്കാര്‍ക്കുമുന്നില്‍.


നമുക്കേറ്റവും വലുത് നമ്മുടെ ദീന്‍ 

വിശുദ്ധഖുര്‍ആനിന്റെയും ഹദീസിന്റെയും നസ്വുകളെ സ്വന്തം ബുദ്ധിയുടെയും യുക്തിയുടെയും അടിസ്ഥാനത്തില്‍ വ്യാഖ്യാനിക്കുകയും ദീനില്‍ മുന്‍ മാതൃകയില്ലാത്ത പുതിയ കാര്യങ്ങ(ബിദ്അത്തുക)ള്‍ക്ക് രൂപം നല്‍കുകയും പ്രമാണങ്ങള്‍ വിട്ട് സ്വന്തം താല്പര്യങ്ങള്‍ക്കും ഇച്ഹകള്‍ക്കുമനുസൃതമായി ശറഇയ്യായ വിഷയങ്ങളില്‍ തീരുമാനമെടുക്കുകയും ചെയ്യുന്നവര്‍ക്കാണ് അഹ് ലുല്‍ അഹ് വാഇ വല്‍ ബിദഅ' എന്ന് പറയുന്നത്.

ഇങ്ങനെ ദീനില്‍ മുന്‍ മാതൃകയില്ലാത്ത പുതിയ കാര്യങ്ങളുണ്ടാക്കുകയും അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്യുന്നവരെ അഹ് ലുസ്സുന്നത്തിന്റെ പണ്ഡിതന്മാര്‍ എക്കാലത്തും പേരെടുത്ത് വിമര്‍ശിക്കുകയും ജനങ്ങള്‍ക്ക് അവരെക്കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുപോന്നിട്ടുണ്ട്. അഥവാ ഇത്തരമാളുകള്‍ക്ക് മുന്‍കാല സലഫ് യാതൊരു മാന്യതയും കല്പിക്കാറുണ്ടായിരുന്നില്ല എന്നര്‍ത്ഥം.

ഖവാരിജ്, ഖദരിയ്യ, ജഹ് മിയ്യ, മുഅ'തസില, അശ്അരിയ്യ, മാതുരീദിയ്യ തുടങ്ങിയ പൗരാണിക കക്ഷികളും ഇഖ് വാനികള്‍, സുറൂരികള്‍, ഖുത്വുബികള്‍, ഖുബൂരികള്‍, സൂഫികള്‍, ത്വരീക്കതുകാര്‍, തബലീഗ് ജമാഅത്ത്, സംഘടനാവാദികള്‍ തുടങ്ങിയ ആധുനിക കക്ഷികളും ഇവയില്‍ ചിലതുമാത്രം.

അഹ് ലുസ്സുന്നയില്‍ നിന്ന് വേറിട്ടുവെന്നതിന്റെ പേരില്‍ ഇവര്‍ മുസ്‌ലിംകളെന്ന പോതുവിശേഷണത്തില്‍ നിന്ന് പുറത്തുപോവുകയോ ഇവരോട് ഒരിക്കലും അവിശ്വാസികളോടുള്ള നിലപാട് സ്വീകരിക്കാവതോ അല്ല. മറിച്ച് ഭാഗികമായ ബന്ധവും ഭാഗികമായ ബന്ധവിചേദവുമാണ്‌ സ്വീകരിക്കപ്പെടുക.

ഇത്തരമാളുകളുമായി കൂടിയിരിക്കുകയും സഹവസിക്കുകയും അവരുടെ പിഴച്ച വാദഗതികള്‍ കേള്‍ക്കാന്‍ നില്‍ക്കുകയും ചെയ്യുന്നത് ഒരു മുസ്‌ലിമിന് ഒരിക്കലും ഭൂഷണമല്ല. എല്ലാം കേള്‍ക്കുകയും എന്നിട്ടതില്‍ നിന്ന് നല്ലത് സ്വീകരിക്കുകയും ചെയ്യുവാന്‍ വിശുദ്ധഖുര്‍ആന്‍ പറയുന്നുണ്ടല്ലോ എന്ന് പറയുന്നവര്‍ സൂറത്തുസ്സുമറിലെ [ആയത്ത് 18] ആ പരിശുദ്ധവചനത്തെ നബി സല്ലല്ലാഹു അലൈഹി വസല്ലമയും സഹാബത്തും എങ്ങനെ മനസ്സിലാക്കി; വിശദീകരിച്ചു എന്നെല്ലാം ഒന്ന് പഠിക്കുന്നത് നന്നായിരിക്കും. കാരണം അങ്ങനെ ഒരര്‍ത്ഥമേ ആ ആയത്തിനില്ല. മറിച്ച് ഒരു മുസ്‌ലിം കേള്‍ക്കേണ്ടതും വായിക്കേണ്ടതും പഠിക്കേണ്ടതും പരലോകത്ത് ഗുണം ലഭിക്കുന്നതാകണം. അഥവാ നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെയും സഹാബത്തിന്റെയും മാര്‍ഗ്ഗം പിന്തുടരുകയും ബിദ്അത്തിനെ ശക്തമായെതിര്‍ക്കുകയും ചെയ്യുന്ന വിശ്വസ്തരായ പണ്ഡിതന്മാര്‍ പറയുന്നത് കേള്‍ക്കുക; അവര്‍ എഴുതിയത് മാത്രം വായിക്കുക; അവരുടെ ദര്‍സുകളില്‍ നിന്ന് ദീന്‍ പഠിക്കുക. 

ദീനിയായ മുഴുവന്‍ വിഷയങ്ങളിലും സലഫിനെ പിന്‍പറ്റുവാന്‍ കല്പിക്കപ്പെട്ടവരാണല്ലോ നാം. ഇവ്വിഷയകമായി സലഫ് എന്താണ് പറഞ്ഞിട്ടുള്ളതെന്നു നോക്കാം. മഹാനായ ഇബ്‌നു അബ്ബാസ് റളിയല്ലാഹു അന്‍ഹു പറഞ്ഞു:
«لا تُجالس أهل الأهواء فإن مجالستهم مُمْرِضة للقلوب» [الإبانة لابن بطة - 2/438]
നീ അഹ് ലുല്‍ അഹ് വാഇന്റെ കൂടെയിരിക്കരുത്. കാരണം അവരോടോത്തുള്ള ഇരുത്തം ഹൃദയങ്ങളില്‍ രോഗമുണ്ടാക്കും.

قال رجل لأيوب السختياني: يا أبا بكر أسألك عن كلمة. قال: فرأيته يشير بيده ويقول: «ولا نصف كلمة ولا نصف كلمة» [الإبانة لابن بطة - 2/472]
അയ്യൂബ് സഖ് തിയാനിയോട് ഒരാള്‍ പറഞ്ഞു: അല്ലയോ അബാ ബക്ര്‍ , ഞാന്‍ നിങ്ങളോട് ഒരു വാക്ക് ചോദിക്കട്ടെ? അപ്പോള്‍ അദ്ദേഹം തന്റെ കൈ കൊണ്ട് ആഗ്യം കാണിച്ചുകൊണ്ട് അര വാക്കും വേണ്ട, അര വാക്കും വേണ്ട എന്ന് ആവര്‍ത്തിച്ചുപറഞ്ഞു.

قال معمر كان ابن طاووس جالسا فجاء رجل من المعتزلة فجعل يتكلم قال فأدخل ابن طاووس إصبعيه في أذنيه وقال لابنه: «أي بني أدخل إصبعيك في أذنيك و اشدد ولا تسمع من كلامه شيئا» [الإبانة لابن بطة - 2/446]
മഅ'മര്‍ പറഞ്ഞു: ഇബ്‌നു ത്വാഊസ് ഇരിക്കുന്നേടത്തേക്ക് മുഅ'തസിലയില്‍പെട്ട ഒരാള്‍ വന്ന് സംസാരം തുടങ്ങി. അപ്പോള്‍ ഇബ്‌നു ത്വാഊസ് തന്റെ കൈവിരലുകള്‍ ചെവിയില്‍ തിരുകുകയും മകനോട് ഇങ്ങനെ പറയുകയും ചെയ്തു: മകനേ, നീ നിന്റെ ഇരുവിരലുകളും ചെവിയില്‍ ഉറപ്പിച്ചുവെക്കുക. അവന്റെ സംസാരം ഒട്ടും കേള്‍ക്കരുത്. [അല്‍ ഇബാന]

وقال الإمام أحمد رحمه الله تعالى: «قبور أهل السنة من أهل الكبائر روضة، وقبور أهل البدعة من الزهاد حفرة، فسّـاق أهل السنــة أوليـاء الله، وزهــاد أهل البدع أعداء» [طبقات الحنابلة - 1/184]
ഇമാം അഹ് മദ് ബിന്‍ ഹമ്പല്‍ റഹിമഹുല്ലാഹ് പറഞ്ഞു: അഹ് ലുസ്സുന്നയില്‍ പെട്ട വന്‍പാപികളുടെ ഖബറുകള്‍ പൂന്തോട്ടമാണ്. അഹ് ലുല്‍ ബിദഅഇല്‍ പെട്ട വിരക്തികാണിക്കുന്നവരുടെ ഖബറുകള്‍ കുഴിമാടങ്ങളാണ്. അഹ് ലുസ്സുന്നത്തിലെ ഫുസ്സാക്കുകള്‍ (അല്ലാഹുവിന്റെ) ഔലിയാക്കളാണെങ്കില്‍ അഹ് ലുല്‍ ബിദഅഇലെ വിരക്തര്‍ അല്ലാഹുവിന്റെ ശത്രുക്കളാണ്. [ത്വബകാതുല്‍ ഹനാബില]

قال أبو حاتم الرازي: «علامة أهل البدع: الوقيعة في أهل الأثر» [اللالكائي - 1/179]
അബൂ ഹാതിം പറഞ്ഞു: അഹ് ലുല്‍ അഥറിനെ ആക്ഷേപിക്കല്‍ അഹ് ലുല്‍ ബിദഅഇന്റെ ഒരു അടയാളം തന്നെയാണ്. [ലാലകാഈ]

قال ابن عمر عن القدرية: «إذا لقيت أولئك فأخبرهم أني بريء منهم، وأنهم برآء مني» [مسلم]
ഖദരിയാക്കളെക്കുറിച്ച് മഹാനായ സഹാബി ഇബ്‌നു ഉമര്‍ രളിയല്ലാഹു അന്‍ഹു പറഞ്ഞു: നീ അവരെ കണ്ടാല്‍ ഞാന്‍ അവരില്‍ നിന്നും അവര്‍ എന്നില്‍ നിന്നും പൂര്‍ണ്ണ അകല്‍ച്ചയിലാണെന്ന് (അഥവാ യാതൊരു ബന്ധവുമില്ലെന്ന്) അവരെ അറിയിക്കുക. [മുസ്‌ലിം]

അഹ് ലുസ്സുന്നത്തിന്റെ ഇമാമുകളും പണ്ഡിതന്മാരും എത്ര ശക്തമായ ഭാഷയിലാണ് അഹ് ലുല്‍ അഹ് വാഇനെ വിമര്‍ശിച്ചതെന്ന് മനസ്സിലാക്കാന്‍ മുകളിലെ ഉദ്ധരണികള്‍ ധാരാളം മതി. അല്ലാഹുവിന്റെ പരിശുദ്ധ ദീനില്‍ ബിദ്അത്തിന്റെ ആളുകള്‍ ഉണ്ടാക്കിതീര്‍ക്കുന്ന തിന്മകളും വ്യതിയാനങ്ങളും അഹ് ലുസ്സുന്നത്തിന്റെ പണ്ഡിതന്മാര്‍ മുന്‍കൂട്ടികാണുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തതിന്റെ ഉദാഹരണങ്ങളാണിതെല്ലാം.

ബിദ്അത്തിന്റെയും ഹവയുടെയും ആളുകളുടെ കൂടെയിരിക്കരുത്, കൂടെ നടക്കരുത്, അവരുടെ സംസാരത്തിന് ചെവി കൊടുക്കരുത്, അവരോട് തര്‍ക്കത്തിന് മുതിരരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ സുന്നത്ത് സംരക്ഷിക്കപ്പെടാനും മുസ്‌ലിംകളുടെ ദീന്‍ വിലപേശലുകള്‍ക്ക് വിധേയമാക്കപ്പെടരുതെന്ന നിര്‍ബ്ബന്ധമുള്ളതുകൊണ്ടുമാണെന്ന് നാം മനസ്സിലാക്കുക. നമുക്കേറ്റവും വലുത് നമ്മുടെ ദീനാണ്. നശ്വരമായ ദുന്‍യവിന്റെ കാര്യങ്ങളില്‍പോലും ഉപദ്രവം വരുത്തുന്നവരെ നാം സൂക്ഷിക്കാറുണ്ടെങ്കില്‍ നമ്മുടെ ദീനിന് ഉപദ്രവം വരുത്തുന്നവരെ നാമെത്രമാത്രം സൂക്ഷിക്കണം.

ഈയൊരു അടിസ്ഥാന തത്വം മനസ്സിലാക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്തിട്ടില്ലാത്തവരാണിന്ന് കൂടുതല്‍ പേരും!! അഭിപ്രായവ്യത്യാസങ്ങളെന്തായാലും ശരി ഐക്യമാണ് പ്രധാനമെന്ന് മുറവിളികൂട്ടുന്നവരും പൊതുകാര്യങ്ങളില്‍ ശഖാപരമായ തര്‍ക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ഉപദേശിക്കുന്നവരുമൊരു ഭാഗത്തും മതസംവാദങ്ങളും മതതാരതമ്യ ചര്‍ച്ചകളും ഒഴിവാക്കിയാല്‍ ദഅ'വത്ത് തന്നെയില്ലായെന്ന് കരുതുന്നവരും അഹ് ലുല്‍ അഹ് വാഇന്റെ തോളില്‍കയ്യിട്ട് നടന്നാല്‍ മാത്രമേ ദഅ'വത്ത് വിജയപ്രദമായി നടക്കുകയുള്ളൂവെന്നും കരുതുന്നവര്‍ മറുഭാഗത്തും അണിനിരന്ന ഇന്നത്തെ ചുറ്റുപാട് എത്രമാത്രം ഭീകരമല്ല?! പലരും ദഅ'വത്ത് രംഗത്ത് തങ്ങളുടേതായ മേല്‍വിലാസവും മേച്ചില്‍പുറങ്ങളുമുണ്ടാക്കിയത് ഉപരിസൂചിത അസ് ലിന്റെ അടിക്കല്ലിളക്കിയാണെന്ന സത്യം എത്ര പേര്‍ക്കറിയാം. ഈയാളുകള്‍ അകപ്പെട്ട അജ്ഞതയില്‍ നിന്നും അതിലൂടെ അവരെത്തിപ്പെട്ട ദുരവസ്ഥയില്‍ നിന്നും അല്ലാഹുവില്‍ നമുക്കഭയം തേടാം.


 www.wayofsahaba.blogspot.com