:: സലഫിയ്യത്ത് എന്നാല്‍

بسم الله الرحمن الرحيم
സലഫിയ്യത്ത് എന്നാല്‍

ആരാണ് സലഫികള്‍? എന്താണ് സലഫിയ്യത്ത്?
'സലഫി'ലേക്ക് ചേര്‍ത്തുകൊണ്ടാണ് സലഫികള്‍, സലഫിയ്യത്ത് എന്നെല്ലാം പറയുന്നത്.

ആരാണ് 'സലഫ്'? ഏറ്റവും നല്ലവര്‍ എന്ന നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രത്യേക അംഗീകാരം ലഭിച്ച ഈ ഉമ്മത്തിലെ ആദ്യ മൂന്ന്‍ നൂറ്റാണ്ടില്‍ കഴിഞ്ഞുപോയവരാണ് 'സലഫ്'. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:

قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم: «خَيْرُ النَّاسِ قَرْنِى ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ»
[رواه البخاري ومسلم]
"ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്റെ നൂറ്റാണ്ടാണ്‌. പിന്നീട് അതിനുശേഷം വന്നവര്‍, പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍". ഉത്തമരായ ഈ സലഫ് മുറുകെപ്പിടിച്ച ആദര്‍ശമാണ് സലഫിയ്യത്ത്. അവരെ ഏറ്റവും നല്ല രീതിയില്‍ പിന്‍പറ്റുന്നവരെ അവരിലേക്ക് ചേര്‍ത്തുകൊണ്ടാണ് സലഫികള്‍ എന്നുപറയുന്നത്.

മുകളില്‍ പറഞ്ഞതില്‍ നിന്നും രണ്ടു കാര്യം വ്യക്തമാണ്.
ഒന്ന്‍: ഇന്ന് ഇസ്‌ലാമിക ലോകത്ത് നിലവിലുള്ള പല ഗ്രൂപ്പുകളും ചില വ്യക്തികളിലേക്കോ സ്ഥലത്തേക്കോ ചേര്‍ത്തുപറയപ്പെടുന്നതായി കാണാം. അതുപോലുള്ള ഒന്നല്ല സലഫിയ്യത്ത്. മറിച്ച് ഇത് രക്ഷയുടെ ഒരേയൊരു മാര്‍ഗ്ഗമാണ്. കാരണം സലഫ് ഒരിക്കലും വഴികേടില്‍ ഒന്നിച്ചുചേരുന്ന പ്രശ്നമില്ല. എന്നല്ല സലഫിലേക്ക് നന്മ ചേര്‍ത്തിപ്പറഞ്ഞതുപോലെ പില്‍കാലത്ത് വരുന്നവരെക്കുറിച്ച് പ്രമാണങ്ങളില്‍ പറഞ്ഞിട്ടുമില്ല. മറിച്ച് അവരെ ഇകഴ്ത്തിപ്പറയുകയാണ് ശറഅ' ചെയ്തിട്ടുള്ളത്. അഥവാ മൊത്തത്തില്‍ മുസ്‌ലിം ഉമ്മത്തിനെക്കുറിച്ചുള്ള പരാമര്‍ശമാണ് ഇവിടെ ഉദ്ദേശം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:

قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم: «لاَ تَزَالُ طَائِفَةٌ مِنْ أُمَّتِى ظَاهِرِينَ عَلَى الْحَقِّ 
لاَ يَضُرُّهُمْ مَنْ خَالَفَهُمْ»  [رواه مسلم]
"എന്റെ സമുദായത്തില്‍ നിന്നും ഒരു വിഭാഗം ഖിയാമത്തുനാള്‍ വരേക്കും സത്യത്തില്‍ പ്രകടമായി നിലക്കൊള്ളും. അവരെ എതിര്‍ക്കുന്നവരാരും അവര്‍ക്ക് ഉപദ്രവം വരുത്തുകയില്ല".

പില്‍കാലത്ത് വരുന്ന ചെറിയൊരു വിഭാഗത്തെ മാത്രമേ ഉപരിസൂചിത ഹദീസില്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം പുകഴ്ത്തിപ്പറയുന്നുള്ളൂ. അതിന്നര്‍ത്ഥം കാലം കഴിയും തോറും തിന്മ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും അന്ന് അധികമാളുകളും ബിദ്അത്തും ഹവയും പിന്‍പറ്റുന്നവരായിരിക്കുമെന്നും ആണല്ലോ.

ചുരുക്കത്തില്‍ സലഫിയ്യത്ത് എന്നാല്‍ ഏതെങ്കിലും വ്യക്തികളിലേക്കോ പ്രദേശത്തേക്കോ അല്ല മറിച്ച് സച്ചരിതരായ സലഫിലേക്ക് ചേര്‍ത്തുകൊണ്ടാണ് പറയുന്നതെന്നും അവരെ പിന്‍പറ്റല്‍ മാത്രമാണ് രക്ഷയുടെ ഒരേയൊരു മാര്‍ഗ്ഗമെന്നും വ്യക്തമായല്ലോ.

രണ്ട്: മുകളില്‍ വിശദീകരിച്ച കാര്യം മനസ്സിലാക്കിയ ഒരാള്‍ക്ക് ഒരു "സലഫി" ആയിത്തീരുകയല്ലാതെ മറിച്ചൊരു ചോയ് സ് ഇല്ല. നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ താഴെ പറയുന്ന ഹദീസ് ഇതിനുള്ള തെളിവാണ്.
عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم«وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً» قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: «مَا أَنَا عَلَيْهِ وَأَصْحَابِي» [الترمذي:2641، حسنه الألباني].
അബ്ദുല്ലാഹിബ്നു അംമ്റില്‍ നിന്നും നിവേദനം; നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞുഃ തീര്‍ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ട് കക്ഷികളായി പിരിഞ്ഞു. എന്റെ  സമുദായം എഴുപത്തിമൂന്ന് കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് ആ (രക്ഷപ്പെടുന്ന)വര്‍?. അദ്ദേഹം പറഞ്ഞുഃ ഞാനും എന്റെ  സഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍. (തിര്‍മിദി).

മുസ്ലിം ഉമ്മത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സകല പിളര്‍പ്പുകള്‍ക്കും കാരണം സഹാബികളെ പിന്‍പറ്റാത്തതാണെന്നും സഹാബികളെ പിന്‍പറ്റുക മാത്രമാണ് രക്ഷപ്പെടുവാനുള്ള ഒരേയൊരു മാര്‍ഗ്ഗമെന്നും നബി സല്ലല്ലാഹു അലൈഹിവസല്ലയുടെ ഉപരിസൂചിത വാക്കുകളില്‍ നിന്നും വളരെ  വ്യക്തമാണ്. മാത്രമല്ല സഹാബികളുടെ മാര്‍ഗ്ഗത്തിനെതിരായ മറ്റൊരു മാര്‍ഗ്ഗം ആര് പിന്‍പറ്റുന്നുവോ അവരെ അല്ലാഹു വളരെ ശക്തമായി താക്കീത് ചെയ്യുന്നതും കാണുക. അല്ലാഹു പറഞ്ഞു:

﴿وَمَنْ يُشَاقِقِ الرَّسُولَ مِنْ بَعْدِ مَا تَبَيَّنَ لَهُ الْهُدَى وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ 
نُوَلِّهِ مَا تَوَلَّى وَنُصْلِهِ جَهَنَّمَ وَسَاءَتْ مَصِيرًا[النساء:115]
"ആരെങ്കിലും തനിക്ക് സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും റസൂലിനോട് എതിര് നില്‍ക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്‌താല്‍ അവനെ നാം അവന്‍ തിരിഞ്ഞ വഴിക്കുതന്നെ തിരിച്ചു വിടുന്നതും നരകത്തില്‍ പ്രവേശിപ്പിക്കുന്നതുമാണ്. ചെന്നുചേരാനുള്ള ആ (നരകം) എത്രമോശം".

ഈ ആയത്തില്‍ പ്രധാനമായും മനസ്സിലാക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്.
ഒന്ന്: "സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്തവര്‍" എന്നുപറഞ്ഞതിലെ സത്യവിശ്വാസികള്‍ ആരാണ്? നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്തുള്ള സത്യവിശ്വാസികള്‍ സഹാബികളാണല്ലോ. അതിനാല്‍ പ്രഥമമായും ഇതിലുല്‍പ്പെടുക സഹാബികളാണ് - അവരെ പിന്‍പറ്റിയ പില്‍കാലത്ത് വരുന്ന മുഴുവന്‍ സത്യവിശ്വാസികളും ഇതിലുള്‍പ്പെടുമെങ്കിലും.

ചിന്തിക്കുക! നബി സല്ലല്ലാഹു അലൈഹിവസല്ലമയോട് എതിര് നില്‍ക്കുന്നവരോടൊപ്പം സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റിയവര്‍ എന്ന്‍ പ്രത്യേകം പറഞ്ഞതിലെ ഹിക്മത്ത് എന്താണ്? കാരണം സന്മാര്‍ഗ്ഗം വ്യക്തമായ ശേഷവും നബി സല്ലല്ലാഹു അലൈഹിവസല്ലമയെ എതിര്‍ക്കുകയും സത്യം വിട്ട് പിന്തിരിഞ്ഞുകളയുകയും ചെയ്ത ഒരാള്‍ സഹാബികളടക്കമുള്ള സത്യവിശ്വാസികളുടെ മാര്‍ഗ്ഗത്തിലായിരിക്കില്ലെന്നത് വ്യക്തമായ കാര്യമാണല്ലോ. എന്നിട്ടും ഇങ്ങനെ (സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗ്ഗം പിന്‍പറ്റുകയും ചെയ്തവര്‍ എന്ന്) വീണ്ടും ആവര്‍ത്തിച്ചു പറഞ്ഞതില്‍ പ്രത്യേക ആശയമൊന്നുമില്ല എന്നും നമുക്കൊരിക്കലും പറഞ്ഞുകൂടാ. കാരണം വിശുദ്ധഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്. അതിലെ ഓരോ അക്ഷരവും ആശയസമ്പുഷ്ടമാണ്.

അറിയുക! യഥാര്‍ത്ഥത്തില്‍ അല്ലാഹു ഈ പദപ്രയോഗത്തിലൂടെ വളരെ വലിയ ഒരു അസ്ല്‍ (അടിസ്ഥാന തത്വം) നമ്മെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്. പരലോകത്ത് രക്ഷയാഗ്രഹിക്കുന്ന ഒരാള്‍ക്കും സഹാബികളുടെതല്ലാത്ത ഒരു മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ഒരിക്കലും പാടില്ലതന്നെ.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ യഥാര്‍ത്ഥ സലഫിയ്യത്തിന്റെ വെളിച്ചം ലഭിച്ച ഓരോ സലഫിയും പഠിച്ചുറപ്പിക്കുകയും തന്റെ കുട്ടികള്‍ക്കും കുടുംബത്തിനും മറ്റു സാധാരണക്കാര്‍ക്കും ആവര്‍ത്തിച്ച് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യേണ്ട അഹ് ലുസ്സുന്നയുടെ ഒരു അടിസ്ഥാന തത്വമത്രെയിത്.

രണ്ട്: വിശുദ്ധഖുര്‍ആനും അതിന്റെ വിശദീകരണമായ തിരുസുന്നത്തും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുത്തുനിന്നും നേര്‍ക്കുനേരെ കേട്ടുപഠിക്കുകയും അതിന്റെ പ്രാവര്‍ത്തികരൂപം നേരിട്ടുകാണുകയും ചെയ്തുവെന്നതിന്റെ പ്രാധാന്യവും പ്രത്യേകതയുമെന്താണ്?

നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: 
قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّم: «لَيْسَ الْخَبَرُ كَالْمُعَايَنَة»  [صححه الألباني في صحيح الجامع].
 "വിവരമറിയല്‍ നേരിട്ട് ദര്‍ശിക്കുന്നത് പോലെയല്ല". അപ്പോള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലമയെ കാണുകയും തിരുബബിയില്‍ നിന്ന് നേരിട്ട് കേള്‍ക്കുകയും നബിയുടെ അമലുകള്‍ സ്വന്തം കണ്‍മുന്നില്‍ നോക്കിപ്പഠിക്കുകയും ചെയ്ത സഹാബത്ത് അവര്‍ക്കുശേഷം വന്നവരുമായി താരതമ്യം ചെയ്യാന്‍ കഴിയാത്ത വിധം മഹത്വവും ശ്രേഷ്ടതയുമുള്ളവരാണ്. വിശുദ്ധഖുര്‍ആനിലെ ഓരോ ആയത്തും അതിന്റെ വിശദീകരണം എന്ത് എന്ന് സഹാബികള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലമയില്‍ നിന്ന് പഠിച്ചു.
അറിയുക! വിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കുവാന്‍ നമുക്ക് സുന്നത്ത് അനിവാര്യമാണ്. സഹാബികളുടെ ഫഹ് മ് (അവര്‍ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കല്‍) നിര്‍ബ്ബന്ധമാണ്. ഉദാഹരണമായി: സൂറത്തുല്‍ മാഇദയില്‍ അല്ലാഹു പറയുന്നു:
﴿وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالاً مِّنَ اللَّهِ وَاللَّهُ عَزِيزٌ حَكِيمٌ[المائدة:38]
"മോഷ്ടിച്ചവന്റെയും മോഷ്ടിച്ചവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ ചെയ്തതിനുള്ള പ്രതിഫലവും അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു ഏറെ പ്രതാപമുള്ളവനും യുക്തിമാനു(ഓരോ കാര്യവും അതിന്റേതായ രീതിയില്‍ ഹിക് മത്തോടെ ചെയ്യുന്നവനു)മാകുന്നു". (സൂ:മാഇദ-38)

ഈ ആയത്ത് സുന്നത്തിന്റെ വിശദീകരണമില്ലാതെയും സഹാബികള്‍ എങ്ങനെ മനസ്സിലാക്കി എന്ന് പഠിക്കാതെയും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമോ?
ഒരിക്കലുമില്ല. കാരണം ഈ ആയത്ത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ നമുക്കുത്തരം കിട്ടേണ്ട ചില സുപ്രധാന ചോദ്യങ്ങളുണ്ട്.
കൈ മുറിച്ചുകളയുവാനുള്ള കല്പന ആരോടാണ്? എല്ലാവര്‍ക്കും അത് ചെയ്യാമോ? അതല്ല ഇസ്ലാമിക ഭരണാധികാരിക്ക് മാത്രമവകാശപ്പെട്ടതാണോ?
ചെറിയ മോഷണം നടത്തിയവനും വലിയ മോഷണം നടത്തിയവനും ഈ ശിക്ഷ ഒരുപോലെ ബാധകമാണോ? കാരണം ഭാഷയില്‍ ഒരു കോഴിമുട്ട മോഷ്ടിച്ചവനും ഒരു കോടിരൂപ മോഷ്ടിച്ചവനും മോഷ്ടാവ് എന്നാണ് പറയുക. അതിനാല്‍ ഇതിന് ഒരു പ്രത്യേക പരിധി അല്ലാഹു നിശ്ചയിചിട്ടുണ്ടോ? കൈ മുറിക്കുമ്പോള്‍ കൈപടമാണോ അതല്ല കൈമുട്ട് മുതലാണോ അതുമല്ല കൈ മുഴുവനുമാണോ മുറിക്കേണ്ടത്?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ ഉപരിസൂചിത ആയത്ത് പ്രാവര്‍ത്തികമാക്കുവാന്‍ നമുക്ക് സാധിക്കുമോ? ഒരിക്കലുമില്ല. അറബിഭാഷയില്‍ വളരെ നൈപുണ്യം നേടിയ ഒരു ഭാഷാപണ്ഡിതന് ഈ ആയത്ത് ഭാഷകൊണ്ട് വിശദീകരിക്കുവാന്‍ സാധിക്കുമോ? ഒരിക്കലുമില്ല.
അപ്പോള്‍ പിന്നെ ഈ ആയത്തും ഇതുപോലുള്ള ആയത്തുകളും തിരുനബിയുടെ സുന്നത്തില്‍ നിന്നും സഹാബികളുടെ ജീവിതത്തില്‍ നിന്നും മാത്രമേ നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്നും മനസ്സിലായിക്കാണുമല്ലോ. അതുകൊണ്ടാണ് മഹാനായ
ഇമാം അഹ് മദ് ബിനു ഹമ്പല്‍ റഹിമഹുല്ലാഹ് പറഞ്ഞത്:
"وَالسُّنَّةُ تُفَسِّرُ الْقُرْآنَ"  "സുന്നത്താണ് വിശുദ്ധഖുര്‍ആനിനെ വിശദീകരിക്കുന്നത്."

അല്ലാഹു പറയുന്നു:
﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ [النحل:44].
"താങ്കള്‍ക്ക് നാം ഉദ്ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചുതന്നിരിക്കുന്നത് താങ്കളത്‌ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ വേണ്ടിയാണ്". (സൂറ: നഹ്ല്‍ - 44)

അവസാനമായി: സലഫിയ്യത്ത് എന്നാല്‍ സച്ചരിതരായ സലഫിലേക്ക് ചേര്‍ത്തുകൊണ്ടാണ് പറയുന്നതെന്നും അവരെ പിന്‍പറ്റല്‍ മാത്രമാണ് രക്ഷയുടെ ഒരേയൊരു മാര്‍ഗ്ഗമെന്നും പരലോകത്ത് രക്ഷയാഗ്രഹിക്കുന്ന ഒരാള്‍ക്കും സഹാബികളുടെതല്ലാത്ത ഒരു മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ ഒരിക്കലും പാടില്ലെന്നും നാം മനസ്സിലാക്കുക. **

wayofsahaba.blogspot.com


** ശൈഖ് അല്‍ബാനി(رحمه الله وغفر له)യുടെ സില്‍സിലത്തുല്‍ ഹുദ വന്നൂറിലെ (معنى السلفية؟ وإلى من تنست؟) എന്ന വിഷയത്തിലുള്ള ക്ലിപ്പ് അവലംബമാക്കി തയ്യാറാക്കിയത്. ചില ഭാഗങ്ങള്‍ സംക്ഷിപ്തമാക്കുകയും ആവശ്യമായിവന്ന ചില വിശദീകരങ്ങള്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.