:: ഇസ്‌ലാമിക പ്രബോധനവും സംഘടനകളും

بسم الله الرحمن الرحيم
ഇസ്‌ലാമിക പ്രബോധനവും സംഘടനകളും

മുസ്‌ലിം സംഘടനകള്‍ ഇസ്‌ലാമിക പ്രബോധനത്തിനുവേണ്ടിയാണ് നിലക്കൊള്ളുന്നത് എന്നാണ് പൊതുവെ പറയപ്പെടാരുള്ളത്. അതിനാല്‍ സംഘടനകളെ ഇസ്‌ലാമിക പ്രബോധനത്തിനുള്ള മാര്‍ഗ്ഗമോ മാധ്യമമോ ആണെന്ന പരിഗണനയില്‍ നമുക്ക് സ്വീകരിക്കാമോ? സംഘടനയും സംഘടനാ പ്രവര്‍ത്തനവും ദഅ'വത്താണെന്ന് പറയാന്‍ പറ്റുമോ?

അല്ലാഹുവിലേക്കുള്ള ദഅ'വത്ത് ഒരു ആരാധനയാണ്. എന്നല്ല അല്ലാഹുവിന്റെ മാത്രം ആരാധ്യത സാക്ഷാല്‍കരിക്കുന്നതിനുള്ള മാര്‍ഗ്ഗവുമാണ്‌. ആരാധനകള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മാതൃകയനുസരിച്ചു മാത്രമേ നിര്‍വ്വഹിക്കാന്‍ പാടുള്ളൂ. നൂതനസൃഷ്ടികള്‍ക്കോ ചിന്തകള്‍ക്കോ അനുമാനങ്ങള്‍ക്കോ അഭിപ്രായങ്ങള്‍ക്കോ ആരാധനാ വിഷയത്തില്‍ യാതൊരു സ്വാധീനവുമില്ല. ആരാധനകളില്‍ അവലംബമാക്കേണ്ടത് വഹ് യിന്റെ അടിസ്ഥാനത്തില്‍ നബിതിരുമേനി കാണിച്ചു തന്ന കാര്യങ്ങളെ മാത്രമാണ്. അതിനാല്‍ ഇസ്‌ലാമിക ഖിലാഫത്ത് ദുര്‍ബ്ബലമാക്കപ്പെടുകയും പിന്നീട് അസാധുവാക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ നൂതനമായി നിര്‍മ്മിക്കപ്പെട്ട ഒരു കാര്യം കൊണ്ട് അല്ലാഹുവിന് ഇബാദത്തെടുക്കുകയോ?! അത് നൂതനമായ ഒരു കാര്യം മാത്രമല്ല; നബിതിരുമേനി വിലക്കിയ നിഷിദ്ധം കൂടിയാണ്.

പില്‍ക്കാലത്ത് മുസ്‌ലിംകളില്‍ ഭിന്നിപ്പ് ഉടലെടുക്കുമെന്നും അന്ന് ഒരു വിഭാഗത്തിലും നില്ക്കാന്‍ പാടില്ലെന്നും എല്ലാ കക്ഷികളെയും വെടിയണമെന്നും നബിതിരുമേനി ഉപദേശിച്ചിരിക്കെ ആ വിഭാഗങ്ങളിലൊന്നില്‍ ചേര്‍ന്ന് അത് ഇബാദത്തും ദഅ'വത്തുമായി ചിത്രീകരിക്കുന്നത് എന്തുമാത്രം വലിയ പാതകമല്ല! ഇബാദത്ത്, പുണ്യകര്‍മ്മങ്ങള്‍, മതപരമായ കാര്യങ്ങള്‍ എന്നൊക്കെ പറഞ്ഞ് ഒരു കാര്യം അനുവര്‍ത്തിക്കുമ്പോള്‍ നാം അബദ്ധത്തില്‍ പെടാതിരിക്കാന്‍ ആദ്യം വേണ്ടത് അതിന് ഇത്തിബാഅ' അഥവാ ഒരു മുന്‍മാതൃക ലഭ്യമാണോ എന്ന് പരിശോധിക്കുകയാണ്. നബി സല്ലല്ലാഹു അലൈഹിവസല്ലമയോ, സ്വഹാബതോ, ഉത്തമരായ മൂന്നു നൂറ്റാണ്ടുകാരോ ചെയ്തതായി തെളിയാത്ത ഒരു കാര്യവും മതത്തില്‍ പെടില്ല. അതിനാല്‍ സംഘടനയുണ്ടാക്കുന്നതും സംഘടനാ പ്രവര്‍ത്തനം നടത്തുന്നതും ദഅ'വത്താണെന്ന് കരുതിയാണ് ഒരാള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് നിഷിദ്ധമായ ഒരു കാര്യം ചെയ്യലും എന്നിട്ടതിനെ ദീനാക്കി ചിത്രീകരിക്കലുമായിരിക്കും.

സംഘടനയുണ്ടെങ്കില്‍ മാത്രമേ ദഅ'വത്ത് നടക്കുകയുള്ളൂ എന്നോ സംഘടനയില്ലെങ്കില്‍ ദഅ'വത്ത് അസാധ്യമാണെന്നോ പറയാവതല്ല. കാരണം സംഘടനയില്ലാതെയാണ് ആദ്യകാലത്ത് നബി സല്ലല്ലാഹു അലൈഹിവസല്ലമയും സച്ചരിതരായ സലഫുകളും ദഅ'വത്ത് നടത്തിയത്. അവര്‍ക്കത് സുസാധ്യമായിരുന്നു. അസാധ്യമായ ഒരു കാര്യം അല്ലാഹു കല്‍പ്പിക്കുകയില്ലല്ലോ. അതേപോലെ, സംഘടനയില്ലാതെയാണ് ആധുനികകാലത്തെ മഹാന്മാരായ പണ്ഡിതന്മാര്‍ ദഅ'വത്ത് നടത്തിയത്; ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതും. ദഅ'വത്ത് നടക്കണമെങ്കില്‍ മതപരമായ ജ്ഞാനമാണ് വേണ്ടത്; സംഘടനയല്ല. സംഘടനയുണ്ടായാല്‍ ഉറപ്പായും ദഅ'വത്ത് നടക്കുമെന്ന് പറയാനും പറ്റില്ല. വര്‍ത്തമാനകാലത്ത് തന്നെ സംഘടനയുണ്ടായിട്ടും ദഅ'വത്ത് നടക്കാത്തതിനും സംഘടനയില്ലാതെ ദഅ'വത്ത് ഭംഗിയായി നടക്കുന്നതിനുമുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. പലപ്പോഴും അറിവ് നേടുന്നതിനും ദഅ'വത്ത് നടത്തുന്നതിനും സംഘടന വിഘാതമായി നില്‍ക്കാറാണുള്ളത്.

സംഘടന ദഅ'വത്തിനുള്ള ഫലപ്രദവും വിജയകരവുമായ ഒരു മാര്‍ഗ്ഗമാണ്; സംഘടനയില്ലാതെ ദഅ'വത്ത് നടത്താന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട് താനും. അതിനാല്‍ സംഘടന ഇസ്‌ലാമികമാണെന്ന് പറയാമോ? പറ്റില്ല. കാരണം നബിതിരുമേനിയുടെ മാതൃകയില്ലാത്ത കാര്യങ്ങള്‍ ഫലപ്രദവും വിജയകരവുമാണെന്ന് പറഞ്ഞ് അനുവര്‍ത്തിക്കുന്നത് നിയാമകനായ അല്ലാഹുവിനെക്കുറിച്ച് നല്ലതല്ലാത്തത് വിചാരിക്കലാണ്. ഏതാണ് ഫലപ്രദവും വിജയകരവുമായ മാര്‍ഗ്ഗമെന്ന് സൂക്ഷ്മമായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അതിനാല്‍ ഇത്തരം ചിന്താഗതികളില്‍ നിന്നും നാം അല്ലാഹുവിനോട് രക്ഷ തേടുക. അല്ലാഹു പറയുന്നു:

﴿قُلْ أَتُعَلِّمُونَ اللَّهَ بِدِينِكُمْ وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ[الحجرات:16]

ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ ദീന്‍ അല്ലാഹുവിന് പഠിപ്പിച്ചുകൊടുക്കുകയാണോ? അല്ലാഹു ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്നവനാണ്. അവന്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും സൂക്ഷ്മജ്ഞാനമുള്ളവനാണ്. (സൂ: ഹുജ് റാത് - 16).

സാഹചര്യങ്ങളുടെയും പ്രായോഗികതയുടെയും പേരില്‍ ഇസ്‌ലാമികനിയമങ്ങളെ വലിച്ചുനീട്ടാനോ നൂതനകാര്യങ്ങള്‍ നിര്‍മ്മിക്കാനോ ആര്‍ക്കും അവകാശമില്ല. സംഘടനയിലൂടെ വളര്‍ന്നവര്‍ക്ക് സംഘടയില്ലാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. സംഘടനയില്‍ നിന്ന് വല്ല ഭൗതികനേട്ടങ്ങളും അനുഭവിക്കുകയോ, അനുഭവിക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇവ്വിഷയകമായി വന്ന തെളിവുകളെ നിഷ്പക്ഷമായി വിലയിരുത്താന്‍ കഴിഞ്ഞുകൊള്ളണമെന്നുമില്ല. സംഘടനാനേതാക്കള്‍ ഇത് അംഗീകരിക്കട്ടെ എന്നാല്‍ നമുക്കും ഇത് സ്വീകരിക്കാമെന്ന് കരുതുന്നത് മൗഡ്യമാണ്. കാരണം താനിരിക്കുന്ന കൊമ്പ് മുറിക്കാന്‍ പലരും തയ്യാറായിക്കൊള്ളണമെന്നില്ല. പകല്‍വെളിച്ചം പോലെ സുവ്യക്തമായ ഈ യാഥാര്‍ത്ഥ്യങ്ങള്‍ സംഘടനാനേതാക്കളും ഗുണഭോക്താക്കളും കണ്ണടച്ച് നിഷേധിക്കാം. അതിനാല്‍ സംഘടനയുടെ ഗുണഭോക്താക്കളല്ലാത്ത നിഷ്പക്ഷരായ പണ്ഡിതന്മാരോടാണ് ഇതിന്റെ സത്യതയെക്കുറിച്ച് അന്വേഷിക്കേണ്ടത്. അല്ലാഹുവിന്റെ ദീന്‍ യഥാവിധി മനസ്സിലാക്കുവാന്‍ അവന്‍ നമുക്ക് തൌഫീക്ക് നല്‍കട്ടെ, ആമീന്‍.**



wayofsahaba.blogspot.com

** "സംഘടന തിന്മയാണ്" എന്ന സുബൈര്‍ മൗലവി(حفظه الله)യുടെ കൃതിയില്‍ നിന്നും സംക്ഷിപ്തമാക്കിയത്.