:: സലഫീ ദഅ'വത്ത്




بسم الله الرحمن الرحيم 

ബഹുമാന്യ സുഹൃത്ത് ബശീര്‍ പുത്തൂര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് "ശറഹു ഉസ്വൂലി അഹ് ലുസ്സുന്നത്തി വല്‍ജമാഅ" എന്ന പേരില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ലേഖനം എഴുതുകയുണ്ടായി. (അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍). നമ്മിലെ അറിവുള്ള സഹോദരങ്ങളും സാധാരണക്കാരും സഹോദരിമാരുമെല്ലാം അനിവാര്യമായും വായിച്ചുപഠിച്ചിരിക്കേണ്ട സുപ്രധാന വിഷയങ്ങളടങ്ങിയ ഈ ലേഖനം ഇനിയും കൂടുതല്‍ സഹോദരങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളടങ്ങിയ പ്രസ്തുത ലേഖനം ലളിതവും സംക്ഷിപ്തവുമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ളതിന്‍റെ രണ്ടാം  ഭാഗമാണ് "സലഫീ ദഅ'വത്ത്" എന്ന തലക്കെട്ടില്‍ വായനക്കാര്‍ക്ക് മുന്നില്‍

സലഫീ ദഅ'വത്ത് 

അല്ലാഹുവിന്‍റെ തൃപ്തിയും പരലോകരക്ഷയുമാഗ്രഹിക്കുന്ന ഓരോ സത്യവിശ്വാസിയും ദീനിയായ ഏതൊരു കാര്യം ചെയ്യുമ്പോഴും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സുന്നത്തിന്റെ അടിസ്ഥാനത്തിലാണോ; സഹാബികള്‍ മനസ്സിലാക്കിയതനുസരിച്ചാണോ അത് ചെയ്യുന്നത് എന്നുറപ്പ് വരുത്തേണ്ടതുണ്ട്.

മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വസല്ലമയെ അതിസൂക്ഷ്മമായ രീതിയില്‍ പിന്‍പറ്റിയവരാണല്ലോ സഹാബത്ത്. യാത്രയിലും അല്ലാത്തപ്പോഴും സുഖത്തിലും ദുഃഖത്തിലും യുദ്ധത്തിലും സമാധാനത്തിലും എന്നുവേണ്ട ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും അവര്‍ നബിതിരുമേനിയോട് സഹവസിക്കുകയും നബിചര്യ അനുധാവനം ചെയ്യുകയും ചെയ്തു.

സഹാബികള്‍ക്ക് ശേഷം വന്ന ഓരോ മുസ്‌ലിമിനും സഹാബികളെ പിന്‍പറ്റല്‍ നിര്‍ബ്ബന്ധമാണ്. വിശ്വാസ-കര്‍മ്മങ്ങളിലെന്നപോലെ ദഅ'വത്തിന്‍റെ കാര്യത്തിലും സഹാബികളായിരിക്കണം നമ്മുടെ മാതൃക. ഇസ്‌ലാമിക ദഅ'വത്ത് അവരെന്തൊന്നു കൊണ്ട് മതിയാക്കിയോ അതുകൊണ്ട് നാമും മതിയാക്കണം. കാരണം ദഅ'വത്ത് ഇബാദത്താണ്. അതിന്‍റെ മാര്‍ഗ്ഗവും ഇബാദത്താണ്. ഇബാദത്തുകള്‍ ഓരോരുത്തരും അവരുടെ കഴിവും ബുദ്ധിയുമുപയോഗിച്ച് കണ്ടെത്തേണ്ടതല്ല. അതിനാല്‍ റസൂലും സഹാബത്തും മാതൃക കാണിക്കാത്ത ഒരു മാര്‍ഗ്ഗവും പുതുതായി ദഅ'വത്തിനുവേണ്ടി നമുക്ക് കണ്ടുപിടിക്കാനുള്ള അവകാശമില്ല; ആവശ്യവുമില്ല.

ഇന്ന് ഇസ്‌ലാമിക ദഅ'വാ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പലരും ദഅ'വത്തില്‍ സലഫുകളുടെ മന്‍ഹജ് മനസ്സിലാക്കുകയോ അതുള്‍ക്കൊള്ളുകയോ ചെയ്യാത്തവരാണെന്ന് കാണാന്‍ സാധിക്കും. അതിനുള്ള കാരണങ്ങള്‍ എന്തായാലും ന്യായീകരണങ്ങള്‍ എത്ര ശക്തമായാലും അഹ് ലുസ്സുന്നത്തിന്‍റെ ഉസ്വൂലുകളില്‍ നിന്നുള്ള വ്യതിയാനമായി മാത്രമേ അതിനെ കാണാനൊക്കുകയുള്ളൂ.

ഉദാഹരണമായി, ബൈബിളും ഭഗവത്ഗീതയുമുപയോഗിച്ച് 'ഫലപ്രദ'വും 'ശാസ്ത്രീയ'വുമായ രീതിയില്‍ ദഅ'വത്ത് നടത്തുന്നവരുണ്ട്. സംഗീതവും വാദ്യമേളങ്ങളുമുപയോഗിച്ച് ദഅ'വത്ത് നടത്തുന്നവര്‍ മുമ്പുമുണ്ടായിട്ടുണ്ട്; എന്നല്ല ഇപ്പോഴുമുണ്ട്. നാളെ നാടകവും സിനിമയും ദഅ'വത്തിന്‍റെ മാര്‍ഗ്ഗങ്ങളാണെന്ന് വാദിക്കപ്പെടാം. അതുമൂലമുള്ള നേട്ടങ്ങളെക്കുറിച്ച്‌ ഉപന്യസിക്കപ്പെടാം.

അറിയുക! ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ ഇസ്‌ലാമിക ദഅ'വത്ത് നടത്താന്‍ തിടുക്കം കാട്ടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദഅ'വത്തിന്‍റെ കാര്യത്തില്‍ സലഫിന്‍റെ  മന്‍ഹജ് എന്താണെന്നറിയാത്തവരാണ്. കൂടുതല്‍ ജനങ്ങള്‍ ദീനിലേക്ക് ആകര്‍ഷിക്കപ്പെടുന്നു, ഇസ്‌ലാം അതുമൂലം ജനകീയമായിത്തീരുന്നു തുടങ്ങിയ ന്യായങ്ങള്‍ ദഅ'വത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള അനുവാദമായി ഒരിക്കലും കാണാന്‍ പാടില്ല.

ഖുര്‍ആന്‍ നമ്മുടെ വഴികാട്ടിയാണ്. നമുക്ക് മുമ്പ് കഴിഞ്ഞുപോയ മുഴുവന്‍ വേദഗ്രന്ഥങ്ങളെയും അത് ദുര്‍ബ്ബലപ്പെടുത്തി. അതിനാല്‍ തന്നെ നാം ജനങ്ങളെ ക്ഷണിക്കേണ്ടത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. അഹ് ലുസ്സുന്നത്തിന്‍റെ അഖീദയോ ഉസ്വൂലുകളോ പഠിക്കാനവസരം ലഭിച്ചിട്ടില്ലാത്ത ആളുകള്‍ ബൈബിള്‍, ഭഗവത്ഗീത പോലുള്ള ഗ്രന്ഥങ്ങള്‍ പഠിക്കുന്നതും അവ ഇസ്‌ലാമിക ദഅ'വത്തിന് ഉപയോഗിക്കുന്നതും ഖേദകരം തന്നെ. ബൈബിളും ഗീതയും ഉപനിഷത്തുക്കളും പഠിക്കുകയും അവകൊണ്ട് ഇസ്ലാമിലേക്ക് ആളെ ക്ഷണിക്കുകയും ചെയ്യുന്നത് സലഫുകളുടെ മന്‍ഹജിന്നെതിരാണെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍!

ചുരുക്കത്തില്‍ നബിതിരുമേനിയുടെ മാതൃകയില്ലാത്ത പുതിയൊരു മാര്‍ഗ്ഗം ദഅ'വത്തിനായി സ്വീകരിക്കാന്‍ നമുക്ക് പാടില്ല. ഖുര്‍ആനും സുന്നത്തുമനുസരിച്ച്  ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ജനങ്ങളെ ക്ഷണിക്കുകയെന്നതാണ് അഹ് ലുസ്സുന്നത്തിവല്‍ ജമാഅത്തിന്‍റെ സര്‍വ്വാംഗീകൃതമായ രീതി. ഈ വിഷയത്തില്‍ സലഫീ പണ്ഡിതന്മാര്‍ക്കിടയില്‍ നേരിയ അഭിപ്രായവ്യത്യാസം പോലുമില്ല.

ഖുര്‍ആനും സുന്നത്തും ഏറ്റവും നന്നായി മനസ്സിലാക്കിയവരാണല്ലോ സലഫുകള്‍. അവര്‍ മനസ്സിലാക്കാത്ത ഒരു കാര്യം ശറഇല്‍ പില്‍ക്കാലക്കാര്‍ക്ക് മനസ്സിലാക്കാനില്ല. അവര്‍ക്ക് കിട്ടാതെ പോയ ഒരു അറിവ് ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ പില്‍ക്കാലക്കാര്‍ക്ക് കിട്ടാനുമില്ല. പ്രതിഫലാര്‍ഹാമായ ഒരു കാര്യവും പില്‍ക്കാലക്കാര്‍ക്ക് വേണ്ടി അവര്‍ വിട്ടേച്ചു പോയിട്ടില്ല. അതിനാല്‍ തന്നെ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ദഅ'വത്ത് നടത്താന്‍ സലഫുകള്‍ പിന്‍പറ്റിയിട്ടില്ലാത്ത ഒരു മാര്‍ഗ്ഗവും നമുക്കാവശ്യമില്ല. കാരണം അങ്ങനെ വന്നാല്‍ അക്കാര്യം അവര്‍ക്കജ്ഞമായി എന്നുപറയേണ്ടി വരും. അത് അസംഭവ്യവും അസംഗതവുമാണ്. ഇനി വല്ലവരും അങ്ങനെ വാദിക്കുന്നെവെങ്കില്‍ അവര്‍ ഒന്നുകില്‍ സലഫിന്‍റെ മന്‍ഹജറിയാത്തവരോ അല്ലെങ്കില്‍ അവരുടെ മന്‍ഹജിന് എതിര് പ്രവര്‍ത്തിക്കുന്നവരോ ആയിരിക്കും. സത്യം സത്യമായി മനസ്സിലാക്കുവാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍.


wayofsahaba.blogspot.com