:: ബന്ധവും ബന്ധവിഛെദവും




بسم الله الرحمن الرحيم
الولاء والبراء
ബന്ധവും ബന്ധവിഛെദവും


വലാഉം ബറാഉം ഇസ്‌ലാമിന്റെ  അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണ്. ബന്ധവും ബന്ധവിഛെദവും എന്നാണ് ഈ പദങ്ങളുടെ അര്‍ത്ഥം. ആദര്‍ശത്തിന്റെയും മതത്തിന്റെയും പേരിലുള്ള ബന്ധമാണ് വലാഅ'. ആരോട് വലാഅ' പുലര്‍ത്തുന്നുവോ  അയാള്‍ വലിയ്യാണ്.  ഒരു ഏകദൈവവിശ്വാസിയായ മനുഷ്യന്‍ ആരോട് വലാഅ' കാണിക്കണം, ആരോട് ബറാ' കാണിക്കണം എന്ന് ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്. അവന്റെ വലിയ്യ്‌ ഒന്നാമതായി അല്ലാഹു; പിന്നെ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം; പിന്നെ സത്യവിശ്വാസികള്‍. അവിശ്വാസികളോടും വേദക്കാരോടും നമുക്ക് വലാഅ' പാടില്ല. വിശ്വാസത്തെ വിട്ട് അവിശ്വാസത്തെ തെരഞ്ഞെടുത്തവര്‍, മാതാപിതാക്കളോ മക്കളോ അടുത്ത ബന്ധുക്കളോ ആരായിരുന്നാലും അവരോട് വലാAv പാടില്ല. സത്യവിശ്വാസികള്‍ അന്യോന്യം വലാഅ' കാണിക്കണം. അവര്‍ പരസ്പരം വലിയ്യുകളാണ്.

ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ അക്രമിക്കാവതല്ല. കയ്യൊഴിക്കാവതല്ല. അന്യോന്യം സൗഭാത്രം പുലര്‍ത്തണം. ഒരേ ശരീരത്തിലെ അവയവങ്ങള്‍ പോലെ പ്രതിവര്‍ത്തിക്കണം. ഇത് ഇസ്‌ലാമിന്റെ  കല്പപനയാണ്.  ഒരു മുസ്‌ലിമിന്ന്‍  മറ്റൊരു മുസ്‌ലിമില്‍ നിന്ന് ലഭിക്കേണ്ട ഈ വലാഅ' തെറ്റായ സംഘടനാവത്ക്കരണം കാരണം പുനര്‍നിര്‍ണ്ണയം ചെയ്യപ്പെട്ടു. മുസ്‌ലിംകള്‍ പരസ്പരം വലാഅ' കാണിക്കേണ്ടതിനുപകരം  ഒരേ സംഘടനയുടെ ആളുകള്‍ക്കിടയില്‍ മാത്രം വലാഅ' കാണിച്ചാല്‍ മതിയെന്നുവെച്ചു. സംഘടനകള്‍ രംഗത്ത് വന്നതോടെ ഇസ്‌ലാമിക സാഹോദര്യം സംഘടനാസാഹോദര്യത്തിനു വഴിമാറി.

മുസ്‌ലിംകളില്‍പെട്ട ആരോടും ഒരു അക്രമവും സംഘടനകള്‍ കാണിക്കുന്നില്ല എന്നത് വലാഇനുള്ള തെളിവല്ലേ എന്നു ചോദിക്കാം.  അല്ല. ഒന്നാമതായി, വിവിധ സംഘടക്കാര്‍ തമ്മില്‍ അക്രമം കാണിക്കാറുണ്ട്. രണ്ടാമതായി, അക്രമം കാണിക്കാതിരുന്നാല്‍ വലാഅ' ആവില്ല. നീതിയും നന്മയും ചെയ്‌താല്‍ പോലും വലാഅ' ആവില്ല. അത് അവിശ്വാസികള്‍ക്ക്‌ പോലും ചെയ്തുകൊടുക്കുന്നതിന്ന്‍ വിരോധമില്ലെന്നാണ് വിശുദ്ധഖുര്‍ആന്‍ പറയുന്നത്. അല്ലാഹു പറയുന്നു:


﴿لاَ يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ﴾  [الممتحنة:8]

മതത്തിന്റെ പേരില്‍ നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്തവരും നിങ്ങളുടെ വസതികളില്‍ നിന്ന് നിങ്ങളെ പുറത്താക്കിയിട്ടില്ലാതവരുമായ (അവിശ്വാസികള്‍ക്ക്‌) നന്മ ചെയ്തുകൊടുക്കുന്നതും അവരോട് നീതിയില്‍ വര്‍ത്തിക്കുന്നതും അല്ലാഹു നിങ്ങളോട് വിലക്കുന്നില്ല.  തീര്‍ച്ചയായും അല്ലാഹു നീതിമാന്മാരെയാണ് സ്നേഹിക്കുന്നത്.  (സൂ:മുംതഹിന:8).

അവിശ്വാസികളോട് പുലര്‍ത്താന്‍ അല്ലാഹു കല്പിച്ച നല്ലബന്ധം (അഥവാ, അവരോട്  നന്മയും നീതിയും പുലര്‍ത്തുകയെന്നത്) പോലും സംഘടനകളായിത്തീരുമ്പോള്‍ മുസ്‌ലിംകള്‍ക്ക് പരസ്പരം കാണിക്കാന്‍ സാധിക്കുന്നില്ല എന്നത് എത്ര ദൗര്‍ര്‍ഭാഗ്യകരമാണ്. സംഘടനയുടെ ആശയാദര്‍ശങ്ങള്‍ സ്വീകരിച്ചാല്‍ മാത്രം പോരാ; അംഗത്വമെടുക്കുകതന്നെ വേണം. അല്ലെങ്കില്‍, അത്തരക്കാരോട്‌ വലാഅ' കാണിക്കുന്നതിനു പകരം ശത്രുതയാണ് കാണിക്കാറുള്ളത്. സ്ഥിതിഗതികള്‍ എത്ര ഭീകരമാണെന്ന് ആലോചിച്ചു നോക്കൂ. തെറ്റായ സംഘടനാവത്ക്കരണത്തിന് മുസ്‌ലിംകള്‍ നല്‍കേണ്ടിവന്ന വില വളരെ വലുതാണ്. ഇസ്‌ലാമിക സാഹോദര്യം തന്നെയാണ് സംഘടനക്കുവേണ്ടി ബലി നല്‍കേണ്ടി വന്നത്. ഇന്ന് സംഘടനാ സാഹോദര്യം മാത്രമാണുള്ളതെന്ന ഭീകരസത്യതെക്കുറിച്ച് നിങ്ങള്‍ വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ?!**



wayofsahaba.blogspot.com



**  സുബൈര്‍ മൗലവിയുടെ "സംഘടന തിന്മയാണ്" എന്ന കൃതിയില്‍ നിന്ന്.