:: മുഹമ്മദു റസൂലുല്ലാഹ്

بسم الله الرحمن الرحيم
 "മുഹമ്മദു സൂലുല്ലാഹ്"

ആരാധനക്കര്‍ഹന്‍ അള്ളാഹു മാത്രമാണെന്നും മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിച്ചാല്‍ അഥവാ അത് ജീവിതം കൊണ്ട് സാക്ഷീകരിച്ചാല്‍ മാത്രമെ ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയാവുകയുള്ളൂ.

മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലം അല്ലാഹുവിന്‍റെ  ദൂതനാകുന്നു എന്ന്‍ സാക്ഷ്യം വഹിക്കുമ്പോള്‍ എന്താണ് അതുകൊണ്ടുദേശിക്കുന്നത്?

നാല് സുപ്രധാനമായ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ പരിപൂര്‍ണ്ണമായും ഒരുക്കമാണ്‌  എന്നാണ് ഒരാള്‍ "അശ് ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്  എന്നതിലൂടെ സാക്ഷ്യപ്പെടുത്തുന്നത്.  എന്താണീ നാല് കാര്യങ്ങള്‍?

1.  മുഹമ്മദ്  നബി സല്ലല്ലാഹു അലൈഹിവസല്ലം കല്പിച്ച കാര്യങ്ങള്‍  അനുസരിക്കുക.
2.  നിരോധിച്ച കാര്യങ്ങള്‍ തീര്‍ത്തും വെടിയുക.
3.  നബി സല്ലല്ലാഹു അലൈഹിവസല്ലം അറിയിച്ചുതന്ന മുഴുവന്‍ കാര്യങ്ങളും യാതൊരു സംശയവുമില്ലാതെ സത്യപ്പെടുത്തുക.
4.  മുഹമ്മദ്  നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചു തന്ന രൂപത്തില്‍ മാത്രം അല്ലാഹുവിന്ന്‍  ഇബാദത്ത് ചെയ്യുക.

ഈ നാല് കാര്യങ്ങളിലൂടെ മാത്രമെ ഒരാള്‍ക്ക് "മുഹമ്മദു സൂലുല്ലാഹ്" എന്നത് തഹ്കീക്ക് ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.  ഈ കാര്യങ്ങളില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ആരെങ്കിലും സംശയിക്കുകയോ എനിക്കതറിയില്ല എന്ന നിലപാട് സ്വീകരിക്കുകയോ ചെയ്‌താല്‍ അയാള്‍ "മുഹമ്മദു സൂലുല്ലാഹ്" എന്നത് വാക്കാലല്ലാതെ ആശയത്താല്‍ അംഗീകരിച്ചിട്ടില്ല എന്നാണതിന്നര്‍ത്ഥം.
അതുപോലെ നബി സല്ലല്ലാഹു അലൈഹിവസല്ലം കല്പിക്കുകയോ അറിയിക്കുകയോ ചെയ്ത കാര്യങ്ങളില്‍ ആധുനിക കാലത്തിന് പറ്റാത്തതെന്നോ ബുദ്ധിക്ക് നിരക്കാത്തതെന്നോ ഏതെങ്കിലുമൊരു വിഷയത്തില്‍ ഒരാള്‍ക്ക് തോന്നിയാല്‍ അത് "മുഹമ്മദു സൂലുല്ലാഹ്" എന്ന സാക്ഷ്യത്തിന് എതിരാണ്.

അതേ പ്രകാരം നബി സല്ലല്ലാഹു അലൈഹിവസല്ലം കല്പിച്ച ഏതെങ്കിലും ഒരു കാര്യം ഒഴിവാക്കാനോ പഠിപ്പിക്കാത്ത എന്തെങ്കിലുമൊരു കാര്യം പുതുതായി ചെയ്യാനോ നമുക്ക് ഒരിക്കലും പാടില്ല.

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഹദീസിന്‍റെ  മുന്നില്‍ നമ്മുടെ താല്പര്യത്തിനോ ശാസ്ത്രകണ്ടുപിടിത്തങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല.  അഥവാ നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ഒരു കാര്യം സ്വീകരിക്കാന്‍ കൊള്ളാത്തതെന്നോ പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്തതെന്നോ നമ്മുടെ ബുദ്ധിയില്‍ തോന്നുകയോ, നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ച ഒരു കാര്യത്തിന് വിപരീതമായി ശാസ്ത്രം പറയുകയോ ചെയ്താല്‍ നമ്മുടെ ബുദ്ധിയെയും ശാസ്ത്രത്തെയും മാറ്റി നിര്‍ത്തി  നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ വാക്കിനെ പൂര്‍ണ്ണമായി സത്യപ്പെടുത്തി അതില്‍ ഉറച്ചു വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്.

മതത്തില്‍ ഒരു കാര്യം സ്ഥിരപ്പെടണമെങ്കില്‍ ശാസ്ത്രത്തിന്‍റെ  ഒരു താങ്ങ് വേണം എന്ന നിലപാട് ഒരിക്കലും ശരിയല്ല.  അങ്ങനെ തോന്നുന്നുവെങ്കില്‍ അയാളുടെ "മുഹമ്മദു സൂലുല്ലാഹ്" ശരിയായിട്ടില്ല എന്നാണതിന്നര്‍ത്ഥം.

അറിയുക! ഏതൊരു സല്‍കര്‍മ്മം ചെയ്യുമ്പോഴും അതിന്റെ അടിസ്ഥാനവും അത് ചെയ്യുന്ന രീതിയും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ മാതൃകയനുസരിച്ചാവണം.  ദീനില്‍ അടിസ്ഥാനപരമായി സ്ഥിരപെട്ടിട്ടില്ലാത്ത യാതൊരു ആരധനാകര്‍മ്മവും നമുക്ക് ചെയ്യുവാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്താല്‍ അത് ബിദ്അത്താണ്.  ഇനി അടിസ്ഥാനപരമായി ഒരു കാര്യം സ്ഥിരപ്പെട്ടാല്‍ തന്നെ നമുക്ക് മനസ്സിലായ രീതിയിലോ, നല്ലതെന്ന് തോന്നിയ രൂപത്തിലോ അത് ചെയ്യാന്‍ പറ്റുമോ?  ഒരിക്കലുമില്ല.  മറിച്ച്‌ നബി സല്ലല്ലാഹു അലൈഹിവസല്ലമയെ പിന്‍പറ്റുക എന്നത് ശരിയാവണമെങ്കില്‍ താഴെ പറയുന്ന ആറ്‌ കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

1.  തോത്:  ഉദാഹരണമായി ഫര്‍ള് നമസ്കാരമെടുക്കാം.  ഓരോ നമസ്കാരത്തിന്റെയും റക്അത്തിന്റെ തോത് നബി സല്ലല്ലാഹു അലൈഹിവസല്ലം  നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.  ഏതെങ്കിലുമൊരു നമസ്കാരത്തില്‍  റക്അത്തിന്‍റെ  എണ്ണം കൂട്ടുവാനോ കുറക്കുവാനോ നമുക്ക് പാടില്ല.  ആരെങ്കിലും അങ്ങനെ ചെയ്താല്‍ അത് ദീനില്‍ ഒരു പുതിയ സംഗതി അഥവാ ബിദ്അത്ത് ആയി മാറും.

2.  കാലം:  അല്ലാഹു നമുക്ക് റമളാനില്‍ നോമ്പ് നിര്‍ബ്ബന്ധമാക്കി. ഇത് മറ്റൊരു മാസത്തിലേക്ക് മാറ്റുവാന്‍ നമുക്ക് പാടില്ല.  അതുപോലെ ഒരു പ്രത്യേക കാലമില്ലാതെ  (അടിസ്ഥാനപരമായി) സ്ഥിരപ്പെട്ട ഒരു സുന്നത്ത് ഒരു പ്രത്യേക കാലം നിശ്ചയിച്ച് അനുഷ്ഠിക്കലും നമുക്ക് പാടില്ല. ഉദാഹരണമായി: ഇസ്റാഅ മിഇറാജിന്റെ ദിനത്തില്‍ പ്രത്യേകമായി സുന്നത്ത് നോമ്പനുഷ്ഠിക്കല്‍. പ്രസ്തുത സംഭവം നടന്നതിന് ശേഷം വര്‍ഷങ്ങളോളം നബി സല്ലല്ലാഹു അലൈഹിവസല്ലം ജീവിച്ചിരുന്നിട്ടും ഇങ്ങനെയൊരു നോമ്പ് സുന്നത്തായി നമുക്ക് കാണിച്ചു തന്നിട്ടില്ല.  തിരുനബിക്ക് ശേഷം സച്ചരിതരായ സഹാബികളാരും ഇസ്റാഅ മിഇറാജുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു നോമ്പ് നോറ്റിട്ടില്ല.  അതുകൊണ്ട് ഈ ദിനത്തില്‍ പ്രത്യേകമായി നോമ്പനുഷ്ഠിക്കല്‍  
ബിദ്അത്താണ്.

3.  കാരണം:  റബീഉല്‍ അവ്വല്‍ 12ന് നബി സല്ലല്ലാഹു അലൈഹിവസല്ലം ജനിച്ചു എന്ന കാരണത്താല്‍ പ്രത്യേകമായി ആഘോഷങ്ങളും ആരാധനകളും നബിയോടുള്ള സ്നേഹമെന്ന പേരില്‍ ചെയ്യുക. ഇത്  ബിദ്അത്താണ്.  കാരണം, നബി സല്ലല്ലാഹു അലൈഹിവസല്ലമയോ അവിടുത്തെ അനുചരന്മാരോ ഉത്തമാനൂറ്റാണ്ടിലുള്ളവരാരെങ്കിലുമോ അങ്ങനെ നമുക്ക് മാതൃക കാണിച്ചുതന്നിട്ടില്ല.

4.  സ്ഥലം:  ആരെങ്കിലും പള്ളിയല്ലാത്ത ഒരിടത്ത് ഇഅതികാഫ് ഇരിക്കുകയോ ഹജ്ജ് വേളയില്‍ അറഫക്ക് പകരം മുസ്ദലിഫയില്‍ നില്‍ക്കുകയോ ചെയ്താല്‍ അത് അയാളില്‍ നിന്നും സ്വീകരിക്കപ്പെടുകയില്ല.

5.  വര്‍ഗ്ഗം:  ഉളുഹിയ്യതിനുവേണ്ടി നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ വര്‍ഗ്ഗത്തെ തന്നെ അറുക്കണം.  ആരെങ്കിലും  ഒരു കുതിരയെ ഉളുഹിയ്യതിന്നായ്‌ അറുത്താല്‍ അത്  സ്വീകരിക്കപ്പെടുകയില്ല.  

6.  രൂപം:  ഒരു ഇബാദത്ത് മുകളില്‍ പറയപ്പെട്ട വിശേഷങ്ങളെല്ലാം ഒത്തു വന്നാല്‍ പോലും അത് ചെയ്യുന്ന രീതിയില്‍ നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചുതന്നതിന്നെതിരായി വന്നാല്‍ അത് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല.  ഉദാഹരണമായി: മയ്യിത്തിനെ മമാടിയത്തിനു ശേഷം ചൊല്ലേണ്ട തസ്ബീതിന്റെ രൂപമെടുക്കാം.  മയ്യിത്തിനുവേണ്ടി മഗ്ഫിറത്തിനും തസ്ബീതിനും പ്രാര്‍ത്ഥിക്കുവാനാണ് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടുള്ളത്.  ഇത് ഓരോ വ്യക്തിയും സ്വന്തമായി ശബ്ദമില്ലാതെ ചൊല്ലലാണ് സുന്നത്ത്.  ഈ വിഷയത്തില്‍ സുന്നത്തിന്റെ   വാഹകരെന്ന്‍ അവകാശപ്പെടുകയും ഞങ്ങള്‍ സലഫികളാണെന്ന്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്യുന്ന മുജാഹിദുകള്‍ പോലും എത്ര ബിദ്അത്തുകളാണെന്നൊ നൂതനമായി ഉണ്ടാക്കിയത്!!


  • മഗ്ഫിറത്തിനും തസ്ബീതിനും പ്രാര്‍ത്ഥിക്കേണ്ടതിന്നുപകരം മറ്റു മൂന്ന് കാര്യങ്ങള്‍ കൂടി ഈ പ്രാര്‍ത്ഥനയിലേക്ക് കൂട്ടിച്ചേര്‍ക്കുകയും അങ്ങനെ പ്രത്യേകമായ പദങ്ങളില്‍ ഒരു പുതിയ  പ്രാര്‍ത്ഥനയുണ്ടാക്കുകയും ചെയ്തു. 
  • ഓരോ വ്യക്തിയും സ്വയം പ്രാര്‍ത്ഥിക്കുന്നതിന്നുപകരം ഒന്നിച്ച്‌ ഒരേ ശബ്ദത്തില്‍ അഥവാ എല്ലാവരും ഒന്നിച്ച്‌ തുടങ്ങി ഒന്നിച്ചവസാനിപ്പിക്കുന്ന രീതിയില്‍  പ്രാര്‍ത്ഥിക്കുന്നു.
  • ശബ്ദമില്ലാതെ ചൊല്ലേണ്ടതിന്നു പകരം ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നു.


ഇത്രയും പറഞ്ഞതില്‍ നിന്നും ഇത് ബിദ്അതാണെന്ന്‍ വ്യക്തമായല്ലോ.  
ശൈഖ് സ്വാലിഹുല്‍ ഫൗസാന്‍ (ഹഫിളഹുല്ലാഹ്) ഈ വിഷയത്തില്‍ ചോദിക്കപ്പെട്ടപ്പോള്‍ പറഞ്ഞ മറുപടി ഇവിടെ പ്രസക്തമാണ്.

ചോദ്യം:  ഞങ്ങളുടെ നാട്ടില്‍ മയ്യിത്തിനെ മറമാടിക്കഴിഞ്ഞാലുള്ള പ്രാര്‍ത്ഥന അറിവുള്ള ഒരാള്‍ ഉറക്കെ ചൊല്ലുകയും മറ്റുള്ളവര്‍ അതിനു ആമീന്‍ ചൊല്ലുകയുമാണ് ചെയ്യാറുള്ളത്.  ഈ രീതി അനുവദനീയമാണോ അതല്ല ഓരോരുത്തരും പതുക്കെ ചോല്ലുകയാണോ വേണ്ടത്?

മറുപടി:  ഈ രീതി ഒരിക്കലും ശരിയല്ല.  ഒരാള്‍ ചൊല്ലിക്കൊടുത്ത് മറ്റുള്ളവര്‍ ആമീന്‍ ചൊല്ലുന്നതും ശബ്ദമുയര്‍ത്തി ജമാഅത്തായി ചൊല്ലുന്നതുമെല്ലാം ബിദ്അത്താണ്.  ഓരോ വ്യക്തിയും മയ്യിത്തിനുവേണ്ടി മഗ്ഫിറത്തിനും തസ്ബീതിനും സ്വയം പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.  എന്നാല്‍ ഒന്നിച്ച് ഒരേ ശബ്ദത്തില്‍ ചൊല്ലുന്നതോ ഒരാള്‍ ചൊല്ലി മറ്റുള്ളവര്‍ ആമീന്‍ ചൊല്ലുന്നതോ ദീനില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്ത കാര്യമാണ്.

ഈ ബിദ്അതിനെ സുന്നത്താണെന്ന് സമര്‍ത്ഥിക്കുന്ന മുജാഹിദ് പണ്ഡിതന്മാരും അങ്ങനെ കരുതിപ്പോരുന്ന സാധാരണക്കാരും ഉത്തരം നല്‍കേണ്ട ചില ചോദ്യങ്ങളുണ്ടിവിടെ?

നബി സല്ലല്ലാഹു അലൈഹിവസല്ലമയോ സഹാബികളോ ഉത്തമാനൂറ്റാണ്ടിലെ സലഫുകളോ മഗ്ഫിറത്തിനും തസ്ബീതിനും പ്രാര്‍ത്ഥിക്കുകയല്ലാതെ ഇങ്ങനെ ഒരു പ്രാര്‍ത്ഥന പ്രാര്‍ത്ഥിച്ചതായി തെളിയിക്കാമോ?  

പ്രാര്‍ത്ഥനയുടെ അടിസ്ഥാനം ശബ്ദമുയര്‍ത്താതെ ചൊല്ലുക എന്നതാണ്. ശബ്ദമുയര്‍ത്തണമെങ്കില്‍  നബി സല്ലല്ലാഹു അലൈഹിവസല്ലമയോ സഹാബികളോ ശബ്ദമുയര്‍ത്തിചൊല്ലി എന്നതിന് തെളിവ് വേണം.  ഈ പ്രാര്‍ത്ഥന ശബ്ദമുയര്‍ത്തി ചൊല്ലുവാന്‍ നിങ്ങള്‍ക്കെന്താണ് തെളിവ്?

ഈ പ്രാര്‍ത്ഥന കൂട്ടമായി ഒരേ ശബ്ദത്തില്‍ ചോല്ലുന്നതിന് സ്വഹീഹായ വല്ല തെളിവും ഉദ്ധരിക്കാമോ?

ഞങ്ങള്‍ സലഫികളാണെന്ന് അവകാശപ്പെടുന്ന മുജഹിദുകാരാ, ഈ വിഷയത്തില്‍ ആരാണ് നിങ്ങളുടെ സലഫുകള്‍?!

ഇതിനൊന്നും ഉത്തരമില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു പ്രാര്‍ത്ഥന എങ്ങനെയുണ്ടായി?!!  അത് മുജാഹിദ് പണ്ഡിതസഭ 1960 കളില്‍ രൂപം നല്‍കിയതാണെന്നാണ്  നിങ്ങളുടെ മറുപടിയെങ്കില്‍ അതിന്റെ പേരാണ് ബിദ്അത്ത്.  
നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:

"...وَشَرُّ الْأُمُورِ مُحْدَثَاتُهَا وَكُلُّ مُحْدَثَةٍ بِدْعَةٌ وَكُلُّ بِدْعَةٍ ضَلَالَةٌ وَكُلُّ ضَلَالَةٍ فِي النَّارِ"

കാര്യങ്ങളില്‍ വെച്ചേറ്റവും മോശപ്പെട്ടത് (ദീനില്‍) പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളാണ്.  എല്ലാ പുതിയതും ബിദ്അത്താണ്.  എല്ലാ ബിദ്അത്തും വഴികേടിലാണ്.  എല്ലാ വഴികേടും നരകത്തിലാണ്.

സത്യം സത്യമായി മനസ്സിലാക്കുവാനും എന്നിട്ടത് പിന്‍പറ്റുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ, ആമീന്‍.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين



wayofsahaba.blogspot.com