:: പ്രമാണങ്ങള്‍ തൃപ്തിപൂര്‍വ്വം സ്വീകരിക്കുക

 بسم الله الرحمن الرحيم

ബഹുമാന്യ സുഹൃത്ത് ബശീര്‍ പുത്തൂര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് "ശറഹു ഉസ്വൂലി അഹ് ലുസ്സുന്നത്തി വല്‍ജമാഅ" എന്ന പേരില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ലേഖനം എഴുതുകയുണ്ടായി. (അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ, ആമീന്‍). നമ്മിലെ അറിവുള്ള സഹോദരങ്ങളും സാധാരണക്കാരും സഹോദരിമാരുമെല്ലാം നിര്‍ബ്ബന്ധമായും വായിച്ചുപഠിച്ചിരിക്കേണ്ട സുപ്രധാന വിഷയങ്ങളടങ്ങിയ ഈ ലേഖനം ഇനിയും കൂടുതല്‍ സഹോദരങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. അഹ് ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അടിസ്ഥാനപ്രമാണങ്ങളടങ്ങിയ പ്രസ്തുത ലേഖനം ലളിതവും സംക്ഷിപ്തവുമായ രീതിയില്‍ തയ്യാറാക്കിയിട്ടുള്ളതിന്റെ ഒന്നാം ഭാഗമാണ് "പ്രമാണങ്ങള്‍ ത്രുപ്തിപൂര്‍വ്വം സ്വീകരിക്കുക" എന്ന തലക്കെട്ടില്‍ വായനക്കാര്‍ക്ക് മുന്നില്‍.


പ്രമാണങ്ങള്‍ 
തൃപ്തിപൂര്‍വ്വം സ്വീകരിക്കുക

വിശുദ്ധഖുര്‍ആനും സുന്നത്തും തന്നെയാണ് തങ്ങളുടെ പ്രമാണമെന്ന് പറയുന്നവരാണ് മുസ്‌ലിംകളിലേറിയ പങ്കും. എന്നാല്‍ ഖുര്‍ആനും സുന്നത്തുമാണ് പ്രമാണമെന്ന് അവകാശപ്പെടുന്നവരില്‍ പലരും സൂക്ഷ്മമായ പല വശങ്ങളിലും പ്രസ്തുത അവകാശവാദത്തില്‍ വെള്ളം ചേര്‍ക്കുകയോ സൗകര്യപൂര്‍വ്വം അതിന്റെ നിര്‍ദ്ദേശങ്ങളില്‍ നിന്ന് തെന്നിമാറുകയോ ചെയ്യുന്നതായി കാണാം. 

എന്നല്ല ഖുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ടു വന്നത് അങ്ങിനെത്തന്നെ മനസ്സിലാക്കുന്നതിനുപകരം ബുദ്ധിപരമായ താരതമ്യത്തിന് മുതിരുകയും തങ്ങളുടെ ബുദ്ധിക്കും യുക്തിക്കും നിരക്കുന്നില്ലെങ്കില്‍ പ്രമാണങ്ങളെ തള്ളുകയും ചെയ്യുന്ന രീതി 'ഉല്‍പതിഷ്ണുത്വ'മായാണ് ഇന്ന് പലരും കരുതുന്നത്. 

അല്ലാഹുവിന്റെ അതിയായ അനുഗ്രഹം ലഭിച്ച ചിലരൊഴിച്ച് മറ്റുപലരും തങ്ങളുടെ പാര്‍ട്ടിയുടെയോ നേതാവിന്റെയോ തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. അതല്ലെങ്കില്‍ ഖുര്‍ആനും സുന്നത്തും സ്വന്തം യുക്തിക്കും ബുദ്ധിക്കും വിരുദ്ധമാണെങ്കില്‍ തല്‍ക്കാലം അതിന്റെ വിധി മാറ്റിവെക്കുകയോ അതിനു നേരെ കണ്ണടക്കുകയോ ചെയ്യുന്നു. ഇങ്ങനെ പ്രമാണങ്ങളേക്കാള്‍ ബുദ്ധിക്കും യുക്തിക്കും പ്രാമുഖ്യം നല്‍കുകയും ദീനിയ്യായ പല വിഷയങ്ങളിലും പ്രായോഗികബുദ്ധി നല്‍കുന്ന പരിഹാരങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന്റെ അപകടം ഇക്കൂട്ടര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!

ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ആജ്ഞകള്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുകയും അതിന് കീഴ്പ്പെടുകയും അതിന്റെ താല്‍പര്യമനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്യലാണ് ഖുര്‍ആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നുവെന്നതിന്റെ പൊരുള്‍. യഥാര്‍ത്ഥത്തില്‍ ഒരു മുസ്‌ലിം തന്റെ യുക്തിക്കും ബുദ്ധിക്കും യോജിച്ചാലും ഇല്ലെങ്കിലും തനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാലുമില്ലെങ്കിലും ഖുര്‍ആനും സുന്നത്തും എവിടെ നില്‍ക്കുന്നുവോ അവിടെ നില്‍ക്കുവാന്‍ ബാധ്യസ്ഥനാണ്.

വിശുദ്ധഖുര്‍ആനും തിരുസുന്നത്തും മനസ്സിലാക്കുന്നതിലും വ്യഖ്യാനിക്കുന്നതിലും സലഫിനെയാണ് (സഹാബത്തിനെയാണ്) നാം പിന്‍പറ്റേണ്ടത്. അഹ് ലുസ്സുന്നയുടെ അഖീദ വിശദീകരിക്കുന്നേടത്ത് ഇമാം അഹ് മദ് ബിനു ഹമ്പല്‍ റഹിമഹുല്ലാഹ് തന്റെ ഉസൂലുസ്സുന്നയുടെ പ്രാരംഭത്തില്‍ പറയുകയുണ്ടായി:

«أصولُ السُّـنَّةِ عندَنَا: التَّمَسُّكُ بِمَا كَانَ عَلَيْهِ أَصْحَابُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ والإِقْتِدَاءُ بِهِمْ، وَتَرْكُ البِدَعِ، وَكُلُّ بِدْعَةٍ فَهِيَ ضَلالَةٌ، وَتَرْكُ الخُصُومَاتِ وَ[تَرْكُ] الجُلُوسِ مَعَ أَصْحَابِ الأَهْوَاءِ» [أصول السنة للإمام أحمد رحمه الله].

"സഹാബത്ത് ഏതൊന്നിലായിരുന്നുവോ അത് മുറുകെപ്പിടിക്കുക, അവരെ പിന്‍പറ്റുക, ബിദ്അത്ത് വെടിയുക, (എല്ലാ ബിദ്അത്തും വഴികേടാണ്) തര്‍ക്കവും അഹ് ലുല്‍ അഹ് വാഇന്റെ കൂടെയുള്ള ഇരുത്തവും ഒഴിവാക്കുക എന്നിവയെല്ലാമാണ് നമുക്ക് സുന്നത്തിന്റെ (വിശ്വാസത്തിന്റെ) അടിസ്ഥാനപ്രമാണങ്ങളായിട്ടുള്ള കാര്യങ്ങള്‍".

ദീനിന്റെ വിഷയത്തില്‍ സഹാബത്ത് മനസ്സിലാക്കിയതിനെ മറികടക്കുവാന്‍ ഒരിക്കലും പാടില്ല. വിശ്വാസം, കര്‍മ്മം, സ്വഭാവം, ഇടപാടുകള്‍ തുടങ്ങിയ മുഴുവന്‍ കാര്യങ്ങളിലും സഹാബത്തിനെ പിന്‍പറ്റുകയാണ് നാം ചെയ്യേണ്ടത്. സലഫുകള്‍ മനസ്സിലാക്കിയതില്‍ നിന്ന് വ്യത്യസ്തമോ വിരുദ്ധമോ ആയ നിലപാടുകളും വ്യാഖ്യാനങ്ങളും സ്വീകരിക്കുവാന്‍ നമുക്ക് പാടില്ല. ഇമാം അഹ് മദ് ബിനു ഹമ്പല്‍ റഹിമഹുല്ലാഹ് പറഞ്ഞു:

«إِيَّاكَ أَنْ تَتَكَلَّمَ فيِ مَسْأَلَةٍ لَيْسَ لَكَ فيِهَا إِمَامٌ»

"നിനക്ക് മുമ്പ് ആരും പറയാത്ത ഒരു അഭിപ്രായം (മതത്തില്‍) പറയുന്നത് നീ സൂക്ഷിക്കണം". ഒരാള്‍ ദീനിന്റെ വിഷയത്തില്‍ സംസാരിക്കുമ്പോള്‍ സ്വീകരിക്കേണ്ട രീതി എന്തായിരിക്കണമെന്നാണ് ഈ അഥര്‍ (أثر) നമുക്ക് പഠിപ്പിച്ചുതരുന്നത്. പ്രമാണങ്ങള്‍ മനസ്സിലാക്കാന്‍ കേവല ഭാഷാപരിജ്ഞാനമോ സാഹിതീയ ശൈലിയോ ഒരിക്കലും മതിയാവില്ലതന്നെ.

അറിയുക! ഖവാരിജുകള്‍ പിഴക്കാനുള്ള പ്രധാന കാരണം തന്നെ അവര്‍ പ്രമാണങ്ങളെ ബുദ്ധിക്കനുസൃതമായി വ്യാഖ്യാനിക്കുകയും സഹാബത്തിന്റെ ഫഹ് മിനെ തള്ളുകയും ചെയ്തുവെന്നുള്ളതാണ്. സഹാബത്തിനോട് കടപിടിക്കുന്ന തരത്തിലുള്ള തഖ്‌വയോ ഇബാദത്തുകളോ അവര്‍ക്ക് യാതൊരു ഗുണവും ചെയ്തില്ല.

ദീനിന്റെ കാര്യത്തില്‍ പൂര്‍വ്വീകര്‍ കാണിച്ച സൂക്ഷ്മതയും ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിക്കുന്നതില്‍ അവര്‍ കാണിച്ച ജാഗ്രതയും എത്രമാത്രമായിരുന്നുവെന്നോ?! സഹാബികള്‍ പറയാത്ത ഒരു വീക്ഷണം ദീനിന്റെ പേരില്‍ പറയുകയെന്നത് അവര്‍ വല്ലാതെ ഭയപ്പെട്ടിരുന്നു.
ഇമാം ഔസാഈ റഹിമഹുല്ലാഹ് പറഞ്ഞു:


«عَلَيْكَ بِآثَارِ مَنْ سَلَفَ وَإِنْ رَفَضَكَ النَّاسُ، وَإِيَّاكَ وَآرَاءَ الرِّجَالِ وَإِنْ زَخْرَفُوا لَكَ ِبالْقَوْلِ»

"നീ സലഫിന്റെ അഥറു (أثر) കള്‍ മുറുകെപ്പിടിക്കുക; ജനങ്ങള്‍ നിന്നെ തള്ളിയാലും. ജനങ്ങളുടെ അഭിപ്രായങ്ങളെ നീ സൂക്ഷിക്കുകയും ചെയ്യുക; അവര്‍ നിനക്കത് അലങ്കരിച്ച് തന്നാലും".

സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയും തങ്ങളുടെ തെറ്റായ വീക്ഷണങ്ങള്‍ക്ക് സാധുതയും സ്വീകാര്യതയും നല്‍കുവാന്‍ വേണ്ടിയും ഇന്ന്‍ ഇസ്‌ലാമിന്റെ പേരില്‍ പ്രമാണങ്ങള്‍ക്ക് ബുദ്ധിപരമായ വ്യാഖ്യാനം നല്‍കിക്കൊണ്ടിരിക്കുന്ന സംഘടനകളില്‍ നിന്നും നമ്മെ രക്ഷപ്പെടുത്തിയതിന് അല്ലാഹുവിനെ നമുക്ക് സ്തുതിക്കാം. 
«««الحمد لله الذي هدانا لهذا وما كنا لنهتدي لولا أن هدانا لله»»»

 
wayofsahaba.blogspot.com