:: ശിര്‍ക്ക് വരുന്ന വഴികള്‍

 بسم الله الرحمن الرحيم
ശിര്‍ക്ക് വരുന്ന വഴികള്‍

ശിര്‍ക്ക് മനുഷ്യ ജീവിതത്തിലേക്ക് കടന്നു വരുന്ന വഴികള്‍  വ്യത്യസ്തവും വിവിധവുമാണ്. ഒരിക്കലും നിനച്ചിരിക്കാത്തതും കണക്ക് കൂട്ടാത്തതുമായ വഴികളിലുടെ അത് കടന്നു വരുമ്പോള്‍  നമ്മുടെ ഇബാദത്തുകള്‍  നിഷ്ഫലമായിത്തീരുന്നു. അതിനാല്‍ തന്നെ, നബി സ്വല്ലല്ലാഹു  അലൈഹി വസല്ലം ശിര്‍ക്കിനെക്കുറിച്ച് ശക്തമായി താക്കീത് ചെയ്തു. ശിര്‍ക്ക് കടന്നു വരാന്‍ സാധ്യതയുള്ള  മുഴുവന്‍ പഴുതുകളും ഭദ്രമായി അടച്ചു.

ശിര്‍ക്ക് കടന്നു വരാന്‍ വളരെ കുടുതല്‍  സാധ്യതയുള്ള  ഒരു വഴിയാണ് ഖബറുകളുമായി ബന്ധപ്പെട്ടുള്ളത്‌. ഒരു സത്യവിശ്വാസിയുടെ ഇബാദത്തുകള്‍  ഖബറുകളുമായി  സമ്മേളിക്കാനുള്ള ഒരവസരവും ഇഇസ്‌ലാം നിലനിര്‍ത്തി‍യിട്ടില്ല. മരണാസന്നനായ   റസൂല്‍  സല്ലല്ലാഹു  അലൈഹി വസല്ലം പറഞ്ഞു:

«لَعَنَ اللهُ الْيَهُودَ وَالنَّصَارَى اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِد» [رواه البخاري ومسلم]

"ജൂതന്മാരെയും നസ്വാറാക്കളെയും അല്ലാഹു ശപിക്കട്ടെ, കാരണം അവര്‍ അവരുടെ നബിമാരുടെ ഖബറിടങ്ങള്‍  ആരാധനാസ്ഥലങ്ങളായി സ്വീകരിച്ചു" (ബുഖാരിമുസ്‌ലിം).
 
ഖബറുകള്‍ ആരാധനാ കേന്ദ്രങ്ങളാക്കാന്‍ പാടില്ല. അതിന്റെ അടുത്തുവെച്ച്  ഇബാദത്തുകള്‍  അനുഷ്ഠിക്കാന്‍ പാടില്ല. ഇത് ശിര്‍ക്ക് കടന്നു വരാനുള്ള വഴികള്‍ അടക്കുവാന്‍ വേണ്ടിയുള്ള ശറഇന്റെ കല്പനയാണ്. 

ഖബറുകള്‍ ഒരു ചാണില്‍  കുടുതല്‍ ഉയര്‍ത്താന്‍ പാടില്ലെന്നാണ് പ്രവാചക കല്പന. അതു ആരുടേതായാലും; എത്ര വലിയ മഹാന്റെതായാലും.  അതുപോലെ വിലക്കപ്പെട്ടതാണ്‌ ഖബ്റിന്റെ മുകളില്‍ എടുക്കുന്നതും

മരണപ്പെട്ടു  പോയ പുണ്യ പുരുഷന്മാരുടെയും മഹാത്മാക്കളുടെയും രൂപം കൊത്തി വെക്കുകയും, അവരുടെ ശവകുടീരങ്ങള്‍ കെട്ടിപ്പൊക്കുകയും ആരാധനകളും അര്‍ച്ചനകളും നടത്തുകയും ചെയ്യുന്ന രീതി പണ്ടുകാലം തൊട്ടു തന്നെയുണ്ട്. ഇത് ഇസ്‌ലാം കര്‍ശനമായി വിലക്കി. നൂഹ് നബി (അലൈഹിസ്സലാം) യുടെ ജനതയില്‍ ശിര്‍ക്ക് വന്നത് അവരിലെ പുണ്യ പുരുഷന്മാരിലൂടെയായിരുന്നുവെന്നത്  ഇവിടെ പ്രത്യേകം സ്മര്യമാണ്. അവരെ ഓര്‍ക്കാന്‍ വേണ്ടി എന്ന നിലയിലല്ലാതെ, ആരാധിക്കണം എന്ന ഉദ്ദേശം അവര്‍ക്കുണ്ടായിരുന്നില്ല. പക്ഷെ, പിശാച് വെറുതെയിരുന്നില്ല. ആദ്യ തലമുറ കഴിയുകയും പുതിയ തലമുറ വരികയും ചെയ്തപ്പോള്‍ അവരെ അവര്‍ ഇബാദത്ത് ചെയ്യുവാന്‍ തുടങ്ങി

عن جابر بن عبد الله الأنصاري رضي الله عنه: «نَهَى رَسُولُ الله صلَّى الله عَلَيْهِ وَسَلَّم أَنْ يُجَصِّصَ الْقَبْرَ، وَأَنْ يَقْعَدَ عَلَيْهِ، وَأَنْ يَبْنِيَ عَلَيْهِ»  [رواه الإمام مسلم في صحيحه]

ജാബിര്‍ രളിയല്ലാഹു അന്‍ഹു പറയുന്നു: "ഖബര്‍ കുമ്മായം തേക്കുന്നതും, അതിന്മേല്‍ ഇരിക്കുന്നതും, അതിന്റെ മുകളില്‍ കെട്ടിടമുണ്ടാക്കുന്നതും നബി സ്വല്ലല്ലാഹു  അലൈഹി വസല്ലം വിലക്കിയിട്ടുണ്ട്. (മുസ്‌ലിം).

ഖബ്റിന് കുമ്മായം തേക്കുക, അതിനു മുകളില്‍ ഇരിക്കുക, ഖബ്ര്‍ കെട്ടിപ്പൊക്കുക തുടങ്ങിയവ വിലക്കപ്പെട്ടതാണ്‌. ഈ മൂന്ന് കാര്യങ്ങള്‍ ഇതില്‍ നിന്ന് വ്യക്തമായി. അതുപോലെ ഖബ്റിലേക്ക് തിരിഞ്ഞു നമസ്കരിക്കാനും പാടില്ല. നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു:

«لاَ تُصَلُّوا إِلَى قَبْرٍ وَلاَ تُصَلُّوا عَلَى قَبْرٍ»

"നിങ്ങള്‍ ഖബ്റിന്റെ മുകളില്‍ വെച്ചോ ഖബറിലേക്ക് തിരിഞ്ഞു കൊണ്ടോ  നമസ്കരിക്കരുത് ". ഖബ്റിന് മുകളില്‍ പള്ളിയുണ്ടാക്കിയോ പള്ളിയില്‍ മറമാടിയോ ഇതില്‍  ഏതു രുപ്രത്തിലായാലും ശരി, ഇസ്ലാം ദീനില്‍ പള്ളിയും മഖ്‌ബറയും ഒരുമിച്ചുചേരുന്ന പ്രശ്നമില്ല. ഇബ്നുല്‍ ഖയ്യിം രഹ്മതുല്ലാഹി അലൈഹി പറയുന്നു:

"ഇസ്‌ലാം ദീനില്‍ പള്ളിയും ഖബ്റും ഒരുമിച്ചു ചേരുകയില്ല. ഇതിലേതാണോ രണ്ടാമതുണ്ടായത് അത് നീക്കപ്പെടണം. ആദ്യമുണ്ടായതിനെ നിലനിര്‍ത്തണം. ഇനി അത് രണ്ടും ഒരുമിച്ചുണ്ടായതാണെങ്കിലും അനുവദനീയമല്ല. അത് നിലനിര്‍ത്താന്‍ പറ്റുകയുമില്ല. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ വിലക്കുള്ളതിനാല്‍ ഈ പള്ളിയില്‍ വെച്ച് നമസ്കാരം നിര്‍വഹിക്കാനും പാടുള്ളതല്ല... അല്ലാഹു നബിമാരിലൂടെ നിയോഗിച്ച ഇസ്‌ലാം ദീന്‍ ഇതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്കന്ന്യമായിക്കഴിഞ്ഞിട്ടുണ്ട്. (സാദുല്‍ മആദ്). 

അപ്പോള്‍ ഇസ്‌ലാം ദീനില്‍ പള്ളി വേറെയും മഖ്‌ബറകള്‍  വേറെയുമാണ്. എന്നാല്‍ ദുഖകരമെന്നു പറയട്ടെ, കേരളത്തിലെ അവസ്ഥ ഏറെ വേദനിപ്പിക്കുന്നതാണ്. പല പഴയ മഹല്ലിലെയും പള്ളികള്‍ക്ക് ചുറ്റും ഖബറുകള്‍  ഉണ്ട്. അതില്‍ സുന്നി മുജാഹിദ് വിത്യാസമൊന്നുമില്ല. ചില പള്ളികളെങ്കിലും പുനര്‍നിര്‍മ്മിക്കുകയും സൗകര്യം കൂട്ടുകയും ചെയ്തപ്പോള്‍ പഴയ ഖബ്റുകള്‍ പള്ളിക്കുള്ളില്‍ വരുന്ന അവസ്ഥ പോലുമുണ്ട്.
ഒരു പരിധി വരെ അജ്ഞതയാണ് ഇതിനു കാരണമെങ്കിലും, ചൂണ്ടിക്കാണിച്ചാല്‍   അതിന്റെ അപകടം മനസ്സിലാക്കാനോ തിരുത്താനോ ഉള്ള മാനസികാവസ്ഥ പോലും 'നവോദ്ധാനത്തിന്റെ നൂറ്റാണ്ട് ' ആഘോഷിക്കുന്നവര്‍ക്കുപോലും ഇല്ലായെന്നറിയുമ്പോള്‍ എന്ത് നവോദ്ധാനത്തെക്കുറിച്ചാണ്  ഇവര്‍ വാചാലരാവുന്നത് എന്ന് സംശയിച്ചു പോവുകയാണ്.
  
മറമാടപ്പെട്ട മഹാന്മാരോട് യാതൊരു വിധത്തിലുള്ള മഹത്വല്‍ക്കരണവും ഇല്ലെങ്കില്‍ പോലും ദീന്‍ വിലക്കിയതെന്ന നിലയില്‍ ജാഗ്രത പുലര്‍ത്തുകയും ഇബാദത്തുകളില്‍ വിശിഷ്യാ നമ്മുടെ നമസ്കാരങ്ങളില്‍ ശിര്‍ക്കിന്റെ ഒരു ലാഞ്ചന പോലും ഉണ്ടാവുന്നത് സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് ഖിബ് ലക്ക് നേരെ ഖബ്റുകളുള്ള പള്ളികളില്‍ പള്ളിയുടെ ചുമര് കുടാതെ മറ്റൊരു ചുമരോ മതിലോ നിര്‍മിച്ചു കൊണ്ട് പ്രത്യേകമായി ഖബ്റും പള്ളിയും വേര്‍തിരിക്കണമെന്ന്‍ ഉലമാക്കള്‍ പറഞ്ഞിട്ടുള്ളത്
 
                                                               ബശീര്‍ പുത്തൂര്‍
                                                                         source: http://sahab-salafiyyah.blogspot.com/ 


 wayofsahaba.blogspot.com