:: വിശുദ്ധഖുര്‍ആനിലേക്ക് മടങ്ങുക


بسم الله الرحمن الرحيم 
വിശുദ്ധഖുര്‍ആനിലേക്ക് മടങ്ങുക

മനുഷ്യരാശിക്ക് സ്വര്‍ഗ്ഗത്തിലേക്ക് വഴികാണിക്കുന്ന ഒരേയൊരു ഗ്രന്ഥമാണല്ലോ വിശുദ്ധഖുര്‍ആന്‍. ഒരു മനുഷ്യന്ന്‍ വിശുദ്ധഖുര്‍ആനിന്റെ ആശയങ്ങള്‍ കൃത്യമായി മനസ്സിലാക്കി അല്ലാഹുവിങ്കല്‍ തൃപ്തിപൂര്‍ണ്ണമായ രീതിയല്‍ ജീവിച്ചുമരിക്കുക എന്നതിനേക്കാള്‍ വലിയ സൗഭാഗ്യമെന്താണുള്ളത്.

ഈ സൗഭാഗ്യം പൂവണിയണമെങ്കില്‍ ഓരോ മുസ്‌ലിം സ്ത്രീയും പുരുഷനും ആദ്യമായി ചെയ്യേണ്ടത് വിശുദ്ധഖുര്‍ആനിന്റെ അര്‍ത്ഥവും ആശയങ്ങളും അല്ലാഹു ഉദ്ദേശിച്ച രീതിയില്‍ കൃത്യമായി പഠിച്ചുമനസ്സിലാക്കുകയെന്നതാണ്.

ഇങ്ങനെ വിശുദ്ധഖുര്‍ആനിന്റെ ആശയങ്ങള്‍ യഥാവിധി പഠിച്ചുമനസ്സിലാക്കുകയെന്നത് ഓരോ മനുഷ്യനും അല്ലാഹു നിര്‍ബ്ബന്ധമാക്കിയിട്ടുള്ള കാര്യം കൂടിയാണ്. അല്ലാഹു പറയുന്നു:


﴿كِتَابٌ أَنْزَلْنَاهُ إِلَيْكَ مُبَارَكٌ لِيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ﴾  [ص:29].

അനുഗ്രഹീതമായ ഗ്രന്ഥം നാം താങ്കള്‍ക്കവതരിപ്പിച്ചുതന്നത് അവര്‍ അതിലെ ആയത്തുകളുടെ അര്‍ത്ഥതലങ്ങളിലൂടെ ചിന്തപതിപ്പിക്കുവാനും ബുദ്ധിയുള്ളവര്‍ പാഠമുള്‍ക്കൊള്ളുവാനും വേണ്ടിയാണ്.  (സൂറ: സ്വാദ് - 29)

നന്മയിലേക്ക് വഴികാണിക്കുന്ന ഈ വിശുദ്ധഖുര്‍ആനിന്റെ  ആശയങ്ങള്‍ പഠിച്ചു മനസ്സിലാക്കുവാന്‍ ജീവിതതിരക്കുകള്‍ക്കിടയിലും നാം സമയം കണ്ടെത്തേണ്ടതുണ്ട്. ദീനീപഠനവും ഉലമാക്കളുമായുള്ള ബന്ധവുമില്ലാത്ത ജീവിതത്തില്‍ എന്ത് നന്മയാണുള്ളത്?!

വിശുദ്ധഖുര്‍ആന്‍  പഠിക്കുമ്പോള്‍
വിശുദ്ധഖുര്‍ആന്‍ തിരുസുന്നത്തിലൂടെയാണ് നാം പഠിച്ചുമനസ്സിലാക്കേണ്ടത്. കാരണം അല്ലാഹുവിന്റെ കലാമായ വിശുദ്ധഖുര്‍ആനിന്റെ ആശയങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച രീതിയില്‍ നമുക്ക് വിശദീകരിച്ചുതരാന്‍ വേണ്ടിയാണല്ലോ അല്ലാഹു നബി സല്ലല്ലാഹു അലൈഹിവസല്ലമയെ നിയോഗിച്ചയച്ചത്. അല്ലാഹു പറയുന്നത് കാണുക:


﴿وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ [النحل:44].

താങ്കള്‍ക്ക് നാം ഉദ്ബോധനം (ഖുര്‍ആന്‍) അവതരിപ്പിച്ചുതന്നിരിക്കുന്നത് താങ്കളത്‌ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുവാന്‍ വേണ്ടിയാണ്.  (സൂറ: നഹ്ല്‍ - 44)

ഇമാം അഹ് മദ് ബിനു ഹംബല്‍ റഹിമഹുല്ലാഹ് പറഞ്ഞു:
"وَالسُّنَّةُ تُفَسِّرُ الْقُرْآنَ"
"സുന്നത്താണ് ഖുര്‍ആനിനെ വിശദീകരിക്കുന്നത്."

സഹാബികള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലമയില്‍ നിന്നും നേര്‍ക്കുനേരെ വിശുദ്ധഖുര്‍ആനിന്റെ അര്‍ത്ഥം പഠിച്ചു. താബിഉകള്‍ സഹാബികളില്‍ നിന്നും മാറ്റമേതുമില്ലാതെ അത് പഠിച്ചുമനസ്സിലാക്കി. താബിഉത്താബിഈങ്ങളും അങ്ങനെ തന്നെ ചെയ്തു. മഹാനായ താബിഈ അബൂ അബ്ദിറഹ്മാന്‍ അസ്സുലമി പറഞ്ഞു: ഞങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുതന്ന ഉസ്മാന്‍ ബ്‌നു അഫ്ഫാന്‍, അബ്ദുല്ലാഹിബ്നു മസ്ഊദ് തുടങ്ങിയ സഹാബികള്‍ നബി സല്ലല്ലാഹു അലൈഹിവസല്ലമയില്‍ നിന്ന് പത്ത് ആയത്തുകള്‍ പഠിച്ചാല്‍ അതിലെ അറിവും അമലുമെല്ലാം പഠിച്ചതിനു ശേഷമേ അടുത്ത ആയത്തുകള്‍ തുടങ്ങുമായിരുന്നുള്ളൂവെന്നും അങ്ങനെ അവര്‍ ഒരേ സമയം വിശുദ്ധഖുര്‍ആനിലെ അറിവ് പഠിക്കുകയും പഠിച്ചത് പ്രാവര്‍ത്തികമാക്കുകയും ചെയ്തുവെന്നും ഞങ്ങളോട് പറയാറുണ്ടായിരുന്നു.

മഹാനായ താബിഈവര്യന്‍ മുജാഹിദ് (റഹിമഹുല്ലാഹ്) പറഞ്ഞു: വിശുദ്ധഖുര്‍ആന്‍ ആദ്യം മുതല്‍ അവസാനം വരെ ഓരോ ആയത്തും ഞാന്‍ ഇബ്നു അബ്ബാസ് റളിയല്ലാഹു അന്‍ഹുവിന്റെ അടുത്തുനിന്നും ചോദിച്ചുപഠിച്ചു.

അറിയുക! വിശുദ്ധഖുര്‍ആന്‍ ഈ രീതിയിലാണ് നാം പഠിക്കേണ്ടതും മനസ്സിലാക്കേണ്ടതും. തലമുറകള്‍ തലമുറകളായി കൈമാറിപ്പോന്ന ഈ അറിവ് പഠിക്കുമ്പോള്‍ ഇന്ന് നമ്മളും ഇതേരീതിയില്‍ വിശ്വസ്തരായ പണ്ഡിതന്മാരില്‍ നിന്നും മാത്രമേ പഠിക്കാവൂ.

ഖേദകരമെന്ന് പറയട്ടെ, ഇന്ന് പ്രബോധനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന 'ദാഇ'മാര്‍ക്ക് ഈ രീതി തീര്‍ത്തും അന്യമാണ്. അതിന്റെ ഫലമോ ഇസ്‌ലാമിന്റെ പേരില്‍ നിലക്കൊള്ളുന്ന ഏതാണ്ടെല്ലാ സംഘടനകളും ഗ്രൂപ്പുകളും അവരവരുടെ ആദര്‍ശത്തിനൊപ്പിച്ച് വിശുദ്ധഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നു. സ്വന്തം ആദര്‍ശത്തിനും സംഘടനയുടെ താല്പര്യത്തിനും എതിരായി വരുന്ന ഏതൊരു കാര്യവും സ്വന്തിഷ്ടപ്രകാരം വ്യാഖ്യാനിക്കുകയോ ബുദ്ധിക്ക് നിരക്കാത്തതാണെന്ന് പറഞ്ഞു തള്ളുകയോ ചെയ്യുന്നു. ഇക്കാര്യത്തില്‍ സലഫിയ്യത്ത് വാദിക്കുന്ന സംഘടനക്കാരും ഒട്ടും പിറകിലല്ല.  ഇതിന്റെ അനന്തരഫലമാകട്ടെ പ്രബോധകരും സാധാരണക്കാരുമടങ്ങുന്ന മുസ്‌ലിം സമൂഹം സഹാബത്തിന്റെ മന്‍ഹജില്‍ നിന്നും അല്പാല്പമായി അകന്നുകൊണ്ടിരിക്കുന്നു. അങ്ങനെ ദീന്‍ മനസ്സിലാക്കുന്നേടത്ത് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയും ക്രമേണ ആ വ്യതിയാനം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ ദീന്‍ മനസ്സിലാക്കുന്നേടത്ത് വ്യതിയാനം സംഭവിക്കുക എന്നതിനേക്കാള്‍ അപകടകരമായിട്ടെന്താണുള്ളത്!! പേരിന്നും പെരുമക്കും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പരസ്പരം പോരടിക്കുന്ന ഇക്കൂട്ടര്‍ ഈ സത്യം മനസ്സിലാക്കിയിരുന്നെങ്കില്‍!!

നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: 
قال رسول الله صلى الله عليه وسلم: «هلاكُ أمَّتِي في الكتابِ واللبن. قالوا: يا رسولَ الله مَا الكتابُ واللبن؟ قال: يتعلمونَ القرآنَ فيتأوَّلُونه على غيرِ مَا أنزلَ الله عز وجل، وُيحبُّون اللبنَ فَيَدَعُونَ الجماعاتِ والجمع، ويبدون»  [السلسلة الصحيحة:2778].
എന്റെ സമുദായം നാശമടയുക "കിതാബ്" കൊണ്ടും "ലബന്‍" കൊണ്ടുമാണ്.  അവര്‍ (സഹാബികള്‍) ചോദിച്ചു:  അല്ലാഹുവിന്റെ റസൂലേ, എന്താണ് കിതാബും ലബനും?!  നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: അവര്‍ ഖുര്‍ആന്‍ പഠിക്കുകയും എന്നിട്ട് ഖുര്‍ആനിനെ അതല്ലാഹു അവതരിപ്പിച്ചതെന്തിനാണോ ആ രൂപത്തിലല്ലാതെ വ്യാഖ്യാനിക്കുകയും ചെയ്യും. കൂടാതെ അവര്‍ പാല്‍ ഇഷ്ടപ്പെടുകയും (അഥവാ ഇഹലോകവിഭവങ്ങളെ അതിയായി ഇഷ്ടപ്പെടുകയും) അങ്ങനെ ജമാഅത്തുകളും ജുമുഅകളും പോലും ഒഴിവാക്കി ഗ്രാമപ്രദേശങ്ങളിലേക്ക് പുറപ്പെടുകയും ചെയ്യും.

ഇന്ന്‍ മുസ്‌ലിംകളെ ബാധിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ക്കും അവരനുഭവിക്കുന്ന ദുര്‍ബ്ബലതക്കുമുള്ള അടിസ്ഥാനകാരണമെന്തെന്ന് ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായല്ലോ. മുസ്‌ലിംകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പലരും പലതും പറയാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരേയൊരു പരിഹാരമേയുള്ളൂ. മുസ്‌ലിം സമൂഹം വിശുദ്ധഖുര്‍ആനിന്റെ തനതായ ആശയങ്ങളിലേക്ക് മടങ്ങുക.
വിശുദ്ധഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നും അകന്ന് ഭൗതികതയുടെ അതിപ്രസരത്തില്‍ അകപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തെക്കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:



قال رسول الله صلى الله عليه وسلم: «إِذَا تَبَايَعْتُمْ بِالْعِينَةِ، وَأَخَذْتُمْ أَذْنَابَ الْبَقَرِ، وَرَضِيتُمْ بِالزَّرْعِ، وَتَرَكْتُمُ الْجِهَادَ سَلَّطَ اللَّهُ عَلَيْكُمْ ذُلًّا لَا يَنْزِعُهُ حَتَّى تَرْجِعُوا إِلَى دِينِكُمْ»  [أبو داود:3462، وصححه الألباني].

നിങ്ങള്‍ പലിശ മുതലിന്നുവേണ്ടി കുതന്ത്രം കാണിക്കുകയും പശുക്കളുടെ വാല്‍ പിടിച്ച് (ഭൗതികതയുടെ പിന്നാലെ പോവുകയും), കൃഷിയില്‍ തൃപ്തിയടഞ്ഞ് (ത്യാഗമനസ്ഥിതി വെടിയുകയും), ജിഹാദ് ഉപേക്ഷിക്കുകയും ചെയ്താല്‍ അല്ലാഹു നിങ്ങളുടെ മേല്‍ നിന്ദ്യത അടിച്ചേല്‍പ്പിക്കും. നിങ്ങള്‍ നിങ്ങളുടെ ദീനിലേക്ക് മടങ്ങുന്നതുവരെ അതില്‍നിന്ന്‍ നിങ്ങള്‍ക്കവന്‍ മോചനം നല്‍കുകയില്ല. (അബൂദാവൂദ്, അല്‍ബാനി സ്വഹീഹാക്കിയത്).

പരലോകത്ത് രക്ഷ പ്രാപിക്കണമെന്ന് താങ്കള്‍ക്കാഗ്രഹമുണ്ടോ? അതിന്നായി വിശുദ്ധഖുര്‍ആനിന്റെ ആശയങ്ങള്‍ ബിദ് അത്തിന്റെയും ഹവകളുടെയും കറകളില്ലാതെ പഠിച്ചുമാനസ്സിലാക്കണമെന്ന് താങ്കള്‍ക്ക് താല്പര്യമുണ്ടോ? എങ്കില്‍ സച്ചരിതരായ സഹാബികളുടെയും അവരെ ഏറ്റവും നല്ല രീതിയില്‍ പിന്‍പറ്റിയ സലഫുസ്സ്വാലിഹീങ്ങളുടെയും തഫ്സീറുകളിലൂടെ മാത്രം വിശുദ്ധഖുര്‍ആനിനെ വിശദീകരിക്കുന്ന നീതിമാന്മാരും വിശ്വസ്തരുമായ സലഫീപണ്ഡിതന്മാരുടെ അടുത്തുനിന്നും മാത്രമത് പഠിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീന്‍.



wayofsahaba.blogspot.com