بسم الله الرحمن الرحيم
സംഘടനകള്‍ ജന്മം നല്‍കുന്ന തിന്മകള്‍ !!
ഔദ്യോഗിക രേഖകളിലും മറ്റും തിരിച്ചറിയാനുള്ള ഒരു പേര് എന്ന നിലക്കായിരിക്കും പലപ്പോഴും സംഘടനകളുടെ തുടക്കം. ഒടുവില്‍ സംഘടന തന്നെ ഒരു മതമായി മാറുകയും ചെയ്യും. സംഘടന വികസിക്കുമ്പോള്‍ സ്വാഭാവികമായും താല്‍പര്യങ്ങളും താല്‍പര്യക്കാരും വര്‍ദ്ധിക്കും. അതോടെ, സംഘടനാ രംഗത്ത് ഭിന്നതകളും ഈഗോ പ്രശ്നങ്ങളും നേതൃമോഹവും അധികാര വടംവലികളും സ്വത്തുകളും സ്ഥാപനങ്ങളും കൊണ്ടുനടക്കാനുള്ള കിടമാല്‍സര്യങ്ങളും വ്യക്തിതാല്‍പര്യങ്ങളും കുടുംബ പക്ഷപാതിത്വങ്ങളുമൊക്കെയായിരിക്കും അരങ്ങേറുക. ഇതൊക്കെ വ്യക്തികളുടെ ദോഷം എന്നുമാത്രം പറഞ്ഞ് ഒതുക്കാവുന്ന കാര്യങ്ങളല്ല. വിശാലമായ സംവിധാനങ്ങളും സൌകര്യങ്ങളുമുള്ള ഒരു സംഘടനയില്‍ ഏത് ഉന്നതനായ വ്യക്തി വന്നാലും ക്രമേണ അയാളെയും ഇത്തരം തിന്മകള്‍ ഗ്രസിക്കും. സംഘടനയില്‍ ചേര്‍ന്നില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് തന്‍റെ ദീനിനും ആത്മാഭിമാനത്തിനും ക്ഷതമേല്‍ക്കാതെ രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു. പൊതുവെ പറയാറുള്ളത്, ദുര്‍ജനങ്ങളെക്കൊണ്ട് സംഘടന ദുഷിക്കുന്നു എന്നാണ്. സംഘടനകൊണ്ട് സജ്ജനങ്ങള്‍ ദുഷിച്ചുപോകുന്നു എന്ന വസ്തുത നാം സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു.
സ്ഥാപിത താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്നുവേണ്ടി സംഘടനക്കകത്ത് നടക്കുന്നത് എന്തൊക്കെയാണ്?! ദുര്‍ന്യായീകരണം, വഞ്ചന, കബളിപ്പിക്കല്‍, പ്രകോപനം, പ്രലോഭനം, ഭീഷണി, ബ്ലാക്മെയില്‍, സ്വഭാവഹത്യ, കള്ളപ്രചാരണങ്ങള്‍, പീഡനങ്ങള്‍, നേതൃത്വത്തിലിരിക്കുന്നവരുടെ അഹങ്കാരങ്ങള്‍, നേതൃത്വം ലഭിക്കാത്തവരുടെ അസൂയ... ഇങ്ങനെ പലതും. കൂടാതെ, സംഘടനകള്‍ പരസ്പരം വെച്ചുപുലര്‍ത്തുന്ന വൈരവും വിദ്വേഷവും പകയും ശത്രുതയും എന്തുമാത്രമാണെന്ന് പറയാനും കഴിയില്ല. സംഘടനകള്‍ ഇതുപോലുള്ള പലതരം തിന്മകള്‍ക്ക് ജന്മം നല്‍കിക്കൊണ്ടിരിക്കുന്നു. അങ്ങനെ തിന്മയുടെ തറവാട്ടില്‍ അസംഖ്യം തിന്മകളെ പെറ്റ ഒരു മുതുമുത്തശ്ശിയായി സംഘടന മാറുന്നു. അതുകൊണ്ടാണ് തിന്മ ബാധിക്കാതിരിക്കാന്‍ കക്ഷികളെയെല്ലാം വെടിയണമെന്ന് നബിതിരുമേനി ഉപദേശിച്ചത്. വിവേകവും സൂക്ഷ്മതയുമുള്ളവര്‍ ചിന്തിക്കട്ടെ.*
wayofsahaba.blogspot.com
* സുബൈര്‍ മൗലവിയുടെ "സംഘടന തിന്മയാണ്" എന്ന പുസ്തകത്തില്‍ നിന്ന്.