بسم الله الرحمن الرحيم
യുവതയെ കശാപ്പുചെയ്ത തൂലികകള്‍
ശൈഖ് മുഹമ്മദ് ഉസ്മാന്‍ അഞ്ചരി
വിവ: ബഷീര്‍ പുത്തൂര്‍
തൂലിക, രണ്ടു നാവുകളിലൊന്ന്‍, നിശബ്ദ നാവ്, ദന്തനിരകള്‍ക്കിടയില്‍ പതിയിരിക്കുന്ന ബുദ്ധികേന്ദ്രം. അല്ലാഹു സത്യം ചെയ്തു പറഞ്ഞു:
"നൂന്‍, പേനയും അവര്‍ എഴുതുന്നതും തന്നെ സത്യം"
അല്ലാഹുവിന്‍റെ പ്രഥമ സൃഷ്ടി. നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: "അല്ലാഹു തആല ആദ്യമായി സൃഷ്ടിച്ചത് പേനയാണ്".
പേന, അതിന്റെ വാഹകന്റെ ആശയങ്ങളുടെ സേവകനാണ്. അവന്‍ കുറിച്ചുവെക്കുന്നത് അത് മാനവര്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നു. അതിന്റെ സ്വാധീനം ഹൃദയ തലങ്ങളില്‍ കൊത്തിവെക്കുന്നു. അതിന്റെ വാഹകന്‍ സത്യത്തിന്റെ സഹചാരിയാണെങ്കില്‍, ജനോപകാരപ്രദമായ കാര്യങ്ങളാല്‍ കുറിമാനങ്ങള്‍ പുഞ്ചിരി തൂകും. ഇനി അതിന്റെ വാഹകന്‍ ബാത്വിലിന്റെയും ഹവയുടെയും ബിദ്അത്തിന്റെയും ഫിത്‌നയുടെയും ആളാണെങ്കില്‍, കടലാസുകള്‍ അവന്റെ ആശയത്തിന്റെ വിഷം തുപ്പും.
തൂലികകളില്‍ ഉത്തമം ഇമാം ഇബ്നുല്‍ഖയ്യിം പറഞ്ഞ രൂപത്തിലുള്ള സമഗ്രമായതാണ്. "മിഥ്യാവാദികളെ ഖണ്ഡിക്കുന്നതും, സത്യത്തിന്റെ ആളുകളെ ഉയര്‍ത്തുന്നതും, സത്യത്തിന്റെ പാന്ഥാവില്‍ നിന്നു തെറ്റി, പിഴച്ച വഴിയില്‍ പ്രവേശിച്ച വ്യത്യസ്തങ്ങളും വിവിധങ്ങളുമായ മിഥ്യാവാദങ്ങളെ പൊളിക്കുന്നതുമായ തൂലിക. ഇത്തരം തൂലികകള്‍ക്ക്, ജനങ്ങളില്‍ രാജാവിനുള്ള സ്ഥാനമാണുള്ളത്. അതിന്റെ വാഹകര്‍ എല്ലാ മിഥ്യാവാദികളുമായി സമരത്തിലാണ്".
അതിന്നെതിരായി, ബാത്വിലിന്ന്‍ ഒരുപാട് തൂലികകളുണ്ട്. അതിലേറ്റവും അപകടകരവും ഉപദ്രവകരവുമായിട്ടുള്ളത് ആളുകള്‍ കാര്യങ്ങളെ തങ്ങളുടെ ഇച്ചക്കും ചിന്താപരമായ മന്ഹജിനും പക്ഷപാതപരമായും വിലയിരുത്തുന്നതാണ്. എന്നിട്ടതിന്ന്‍ മതപരമായ പരിവേഷം നല്കുകയും ചെയ്യുക. അത്തരം തൂലികകളാണ് യുവാക്കളുടെ ധിഷണകള്‍ മലിനപ്പെടുത്തിയത്; മുസ്‌ലിംകളുടെ രക്തമൊഴുക്കിയത്; ഇന്ന്‍ സംഭവലോകത്ത് അവര്‍ വിതച്ചതാണ് നാമനുദിനം കൊയ്തുകൊണ്ടിരിക്കുന്നത്.
എത്രയെത്ര ഗ്രന്ഥങ്ങളാണ് അവരെ പിഴപ്പിച്ചത്? ആയത്തുകളുടെയും ഹദീസുകളുടെയും അകമ്പടിയോടെ എത്രയെത്ര ലേഖനങ്ങളാണ് അവരെ അന്ധരാക്കിക്കളഞ്ഞത്? അവ യഥാര്‍ഥത്തില്‍ യുവതയെ രക്തം ചിന്തുന്നതിനും നാശത്തിനും തീരാ നഷ്ടത്തിനും പ്രേരിപ്പിക്കുന്നവയായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അല്ലാഹു നമ്മെ താക്കീത് നല്‍കിയിട്ടുണ്ട്.
അല്ലാഹു പറഞ്ഞു: "നിങ്ങള്‍ അറിഞ്ഞുകൊണ്ട് സത്യത്തെ അസത്യവുമായി കൂട്ടിക്കുഴക്കരുത്"
പ്രസ്തുത ലേഖനങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാരെ നന്മയില്‍ നിന്ന്‍ വഴികേടിലേക്കും സുന്നത്തില്‍ നിന്ന്‍ ബിദ്അത്തിലേക്കും തള്ളിവിടുന്നവയാണ്. ഒരു ജമാഅത്തില്‍ നിന്ന്‍ ഒരുപാട് ജമാഅത്തുകളിലേക്കും ഒരു അമീറില്‍ നിന്നു ഒരുപാടു അമീറുകളിലേക്കും, മുസ്ലിമിനോട് സ്നേഹത്തില്‍ വര്‍ത്തിക്കുന്നതില്‍ നിന്ന്‍ അവനില്‍ കുഫ്ര്‍ ആരോപിക്കുന്നതിലേക്കും നിര്‍ഭയത്വത്തില്‍ നിന്ന്‍ ഭയവിഹ്വലതയിലേക്കും സമാധാനത്തില്‍ നിന്ന്‍ കുഴപ്പത്തിലേക്കും ഹഖില്‍ നിന്ന്‍ ബാത്വിലിലേക്കും അതെത്തിക്കുന്നു.
ഈ ഫിത്‌നയില്‍ നിന്ന്‍ രക്ഷപ്പെടാനുള്ള മാര്‍ഗം സത്യത്തിന്റെ ഉലമാക്കളുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കലാണ്. "നിശ്ചയം, ഈ അറിവ് ദീനാണ്. അതിനാല്‍ അത് ആരില്‍ നിന്നാണ് സ്വീകരിക്കേണ്ടത് എന്ന് നിങ്ങള്‍ നോക്കിക്കൊള്ളുക. "അതായത്, ഈ ദീന്‍ സ്വീകരിക്കേണ്ടത് വിശ്വസ്തരും നീതിമാന്മാരുമായ ആളുകളില്‍ നിന്നാണ്. നബി തിരുമേനി പറഞ്ഞതു പോലെ "ഈ ദീനിനെ എല്ലാ പിന്‍ഗാമികളില്‍ നിന്നും നീതിമാന്മാര്‍ വഹിക്കും"
അതിനാല്‍ നമ്മുടെ അടിസ്ഥാനവിശ്വാസപ്രമാണങ്ങളും ശറഈ ആശയങ്ങളും ഇസ്ലാമിക സംഘടനാനേതാക്കളില്‍ നിന്നും രാഷ്ട്രീയ-മത നേതാക്കളില്‍ നിന്നും തങ്ങളുടെ ലക്ഷ്യസാക്ഷാല്‍കാരത്തിന് മതത്തെ ഉപയോഗിക്കുന്നവരില്‍ നിന്നും സ്വീകരിച്ചാല്‍ അവര്‍ നമ്മെ വഴികേടിലാക്കും. സംഘടനകളുടെ തീന്മേശയില്‍ നിന്ന്‍ ഭക്ഷിച്ചാല്‍ അവരുടെ ഉചിഷ്ഠത്തിന്റെ തടവറയിലാവും. അപ്പോള്‍ സംഘടനയുടെ വാക്കും നേതൃത്വത്തിന്റെ കല്പനയുമായിരിക്കും അവന്ന്‍ സ്വീകാര്യം.
നമ്മിലെ സ്വതന്ത്രര്‍ സമുദായത്തിന്റെ ജാഗരണം ആഗ്രഹിക്കുന്നുവെങ്കില്‍ നന്മക്കുവേണ്ടിയെന്ന്‍ ആണയിട്ടുകൊണ്ടിരിക്കുന്ന ഈ പാര്‍ട്ടികളുമായി ബന്ധമില്ലാത്ത ആളുകളെ കണ്ടെത്തേണ്ടതുണ്ട്. എന്നല്ല ഇത്തരം കക്ഷികളുടെ ബിദ്അത്ത്, ഉപദ്രവങ്ങള്‍, അവരുണ്ടാക്കുന്ന ദോഷങ്ങങ്ങള് എന്നിവയെക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതില്‍ ഒരിക്കലും മത-രാഷ്ട്ര സംഘടനകളുടെ ചിന്തകള്‍ക്കും പിഴച്ച ആശയങ്ങള്‍ക്കും ബന്ധിയാവാന്‍ ആഗ്രഹിക്കാത്ത, ജനങ്ങളില്‍ നിന്നും ഒന്നും ആഗ്രഹിക്കാത്ത ശൈഖ് മുഹമ്മദ് ബിന്‍ അല്‍ജറാഹ് റഹിമഹുല്ലാഹ് നമുക്ക് മാതൃകയാണ്. ഈ വഴി; - അതായത് വഴി തെറ്റിയൊഴുകുന്ന സംഘടനകളുടെ ഒഴുക്കിന്നഭിമുഖമായ വഴി - ഒരിക്കലും റോസാപ്പൂക്കള്‍ വിതറിയ പരവതാനിയായിരിക്കില്ല; മറിച്ച് അത് ശത്രുത പ്രകടമാക്കുന്നതാണ് എന്ന് നാം അനിവാര്യമായും മനസ്സിലാക്കണം. അതിനാല്‍ അവര്‍ അല്ലാഹുവിനെ സുക്ഷിക്കുകയും, ക്ഷമയവലംബിക്കുകയും ചെയ്യട്ടെ. തീര്‍ച്ചയായും, ഇത് സമുദായസഹായവും സത്യമാര്‍ഗത്തെ പുനരുജ്ജീവിപ്പിക്കലുമാണ്. അല്ലാഹു പറഞ്ഞു: "എന്റെ കുഞ്ഞുമകനേ, നീ നമസ്കാരം നിലനിര്‍ത്തുകയും നന്മകല്പിക്കുകയും തിന്മവിലക്കുകയും നിനക്കു ബാധിച്ച വിഷമങ്ങളില്‍ ക്ഷമയവലംബിക്കുകയും ചെയ്യുക. തീര്‍ച്ചയായും അത് ദൃഡമായ കാര്യങ്ങളില്‍ പെട്ടതത്രെ". (സുറത്തു ലുഖ്‌മാന്‍ -17)
ശൈഖുല്‍ഇസ്‌ലാം ഇമാം അബൂഇസ്മയില്‍ അബ്ദുല്ല അല്‍ഹറവി പറയുന്നു: - അദ്ദേഹം ഹഖിനെ സഹായിക്കുകയും ബിദ്അതിനെയും അതിന്റെ ആളുകളെയും എതിര്‍ക്കുകയും ചെയ്ത ഇമാമായിരുന്നു - "ഞാന്‍ അഞ്ചുതവണ (വധ ഭീഷണി മുഴക്കിക്കൊണ്ട്) വാള്‍ കാണിക്കപ്പെട്ടു. എന്റെ ആശയത്തില്‍ നിന്ന്‍ പിന്‍മാറണമെന്നല്ല എന്നോട് പറയപ്പെട്ടത്, മറിച്ച് ആശയവൈരുദ്ധ്യങ്ങള്‍ക്ക് നേരെ മിണ്ടിപ്പോകരുതെന്നാണ്. ഞാന്‍ പറഞ്ഞതാകട്ടെ: ഒരിക്കലും മിണ്ടാതിരിക്കില്ലെന്നും!!
wayofsahaba.blogspot.com