:: സലഫിന്റെ വാക്കുകള്‍-2


من آثار السلف
സലഫിന്റെ വാക്കുകള്‍-2
സഈദ്ബ് നു മുസയ്യബ് റഹിമഹുല്ലാഹ് പറഞ്ഞു:

عَنْ سَعِيد بْن المُسَيّب رَحِمَهُ الله تَعَالَى  أَنَّهُ رَأَى رَجُلًا يُصَلِّي بَعْدَ طُلُوعِ الفَجْرِ أَكْثَرَ مِنْ رَكْعَتَيْنِ يُكْثِرُ فِيهَا الركُوعَ وَالسجُودَ، فَنَهَاهُ، فَقَالَ:  يَا أَبَا مُحَمَّد، يُعَذِّبُنِي اللهُ عَلَى الصَّلَاةِ؟ 
قَالَ:  «لَا، وَلَكِنْ يُعَذِّبُكَ عَلَى خِلَافِ السُنَّةِ»
സഈദ്ബ് നു മുസയ്യബില്‍ നിന്ന് നിവേദനം: ഒരിക്കല്‍ അദ്ദേഹം പ്രഭാതോദയത്തിന് ശേഷം ഒരാള്‍ സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചുകൊണ്ട്‌ രണ്ട് റക്അത്തില്‍ അധികമായി നമസ്കരിക്കുന്നത് കണ്ടു. അപ്പോള്‍ അയാളോട് അങ്ങനെ ചെയ്യരുതെന്ന് വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: അബൂ മുഹമ്മദ്‌, നമസ്കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ?!! (അപ്പോള്‍ സഈദ്ബ് നു മുസയ്യബ്) പറഞ്ഞു: ഇല്ല, പക്ഷെ സുന്നത്തിന് എതിരായി നീ ചെയ്തതിന്നാണ് നിന്നെ ശിക്ഷിക്കുക.

(("മഹാനായ ശൈഖ് അല്‍ബാനി റഹിമഹുല്ലാഹ് പറഞ്ഞു: സഈദ് ബ് നു മുസയ്യബിന്റെ മറുപടി എത്ര സമുജ്ജ്വലമാണ്! പല ബിദ് അത്തുകളെയും അത് നമസ്കാരമല്ലേ, ദിക് റല്ലേ എന്ന് പറഞ്ഞ് നല്ലതായി കരുതിപ്പോരുന്ന മുബ്തദിഉകള്‍ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മറുപടി. ഇത്തരം ബിദ് അത്തുകള്‍ക്കെതിരെ ശബ്ദിച്ചാല്‍ ഈയാളുകള്‍ അഹ് ലുസ്സുന്നയെ എതിര്‍ക്കുകയും നിങ്ങള്‍ നമസ്കാരത്തെയും ദിക്റിനെയും എതിര്‍ക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ അഹ് ലുസ്സുന്ന എതിര്‍ക്കുന്നത് നമസ്കാരത്തിലും ദിക്റിലും സുന്നത്തിന്നെതിരായി (പുതുതായി) എന്താണോ അവര്‍ ചെയ്തിട്ടുള്ളത് ആ സംഗതിയെയാണ്". (ഇര്‍വാഅ' : 2/236). ആരാധനകള്‍ ദീനില്‍ സ്ഥിരപ്പെട്ടതാണെങ്കിലും അത്തരം ആരാധനകളില്‍ ആളുകള്‍ സ്വീകരിക്കുന്ന പുതിയ രീതികളും രൂപങ്ങളും ബിദ്അത്തിന്റെ ഗണത്തിലാണ് പെടുകയെന്നത് ഈ അഥറില്‍ നിന്നും സംശയലേശമന്യെ വ്യക്തമായല്ലോ. 

മയ്യിത്ത് ഖബറടക്കം ചെയ്താലുള്ള തസ് ബീത്തും (അഥവാ സുന്നത്തില്‍ സ്ഥിരപ്പെട്ടിട്ടില്ലാത്ത ചില പ്രത്യേക പദങ്ങളില്‍ അത് ചൊല്ലലും, ചൊല്ലുമ്പോള്‍ ശബ്ടമുയര്‍ത്തലും) പെരുന്നാള്‍ സുദിനത്തിലുള്ള തക്ബീറും (അഥവാ അത് എല്ലാവരും ഒരേ ശബ്ദത്തില്‍ തുടങ്ങി ഒരേ ശബ്ദത്തിലവസാനിപ്പിക്കുന്ന രീതിയും) ഇത്തരം ബിദ്അത്തുകളുടെ ഒരുപാടുദാഹരണങ്ങളില്‍ ചിലത് മാത്രമാണ്. ഞങ്ങള്‍ സഹാബത്തിനെ പിന്‍പറ്റുന്നവരും സലഫികളുമാണെന്ന് പ്രത്യേകം അവകാശപ്പെടുന്നവരില്‍ തന്നെ ഇന്ന് ഇത്തരം ബിദ്അത്തുകള്‍ കാണപ്പെടുമ്പോള്‍ മറ്റു സംഘടനകളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ!!))

*******

ഹുദൈഫ റളിയല്ലാഹു അന്‍ഹു പറഞ്ഞു:
«كُلُّ عِبَادَةٍ لَا يَتَعَبَّدُهَا أَصْحَابُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَلَا تَعَبَّدُوهَا، فَإِنَّ الأَوَّلَ لَمْ يَدَعْ لِلآخِرِ مَقَالًا، فَاتَّقُوا اللهَ يَا مَعْشَرَ القُرَّاءِ وَخُذُوا طَرِيقَ مَنْ كَانَ قَبْلَكُم»
നബി സല്ലാഹു അലൈഹിവസല്ലമയുടെ സഹാബത്ത്  ചെയ്യാത്ത യാതൊരു ഇബാദത്തും നിങ്ങള്‍ ചെയ്യരുത്. കാരണം മുന്‍ഗാമികള്‍ പിന്‍ഗാമികള്‍ക്കായി (ദീനിയായ) യാതൊന്നും (പഠിപ്പിച്ചു തരാതെ) ഉപേക്ഷിച്ചിട്ടില്ല. അറിവുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ക്ക് മുന്‍കഴിഞ്ഞുപോയവരുടെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുക.

*******

 ഇബ് നു അബ്ബാസ് റളിയല്ലാഹു അന്‍ഹു പറഞ്ഞു:
«لَا تُجَالِسْ أَهْلَ الأَهْوَاءِ، فَإِنَّ مُجَالَسَتَهُمْ مُمْرِضَةٌ لِلْقُلُوبِ»
നീ അഹ് ലുല്‍ അഹ് വാഇന്റെ കൂടെയിരിക്കരുത്. കാരണം അവരോടൊന്നിച്ചുള്ള ഇരുത്തം ഹൃദയങ്ങളില്‍ രോഗമുണ്ടാക്കും.

*******

ഇമാം ഔസാഈ റഹിമഹുല്ലാഹ് പറഞ്ഞു:
«اصْبِرْ نَفْسَكَ عَلَى السُّنَّةِ وَقِفْ حَيْثُ وَقَفَ الْقَوْمُ وَقُلْ بِمَا قَالُوا، وَكُفَّ عَمَّا كَفُّوا عَنْهُ وَاسْلُكْ سَبِيلَ سَلَفِكَ الصَّالِحِ فَإِنَّهُ يَسَعُكُ مَا وَسِعَهُمْ»
നീ നിന്റെ മനസ്സിനെ സുന്നത്തില്‍ പിടിച്ചു നിര്‍ത്തുക. മുന്‍കഴിഞ്ഞു പോയ ജനത (സഹാബികള്‍) എവിടെനിന്നുവോ അവിടെ നില്ക്കുക. അവര്‍ പറഞ്ഞതുമാത്രം പറയുക. അവര്‍ ചെയ്യാതിരുന്നത് ചെയ്യാതിരിക്കുക. നല്ലവരായ നിന്റെ മുന്‍ഗാമികളുടെ മാര്‍ഗ്ഗം നീ പിന്‍പറ്റുക. തീര്‍ച്ചയായും അവര്‍ക്ക് മതിയായത് തന്നെ നിനക്കും മതി.

*******

ഇമാം സുഹ് രി റഹിമഹുല്ലാഹ് പറഞ്ഞു:

قَالَ الْإِمَامُ الزُّهْرِيّ: «كَانَ مَنْ مَضَى مِنْ عُلَمَائِنَا يَقُولُونَ: الِاعْتِصَامُ بِالسُّنَّةِ نَجَاةٌ»
സുന്നത്ത് മുറുകെപ്പിടിക്കുന്നത് രക്ഷയാണെന്ന് മുന്‍കഴിഞ്ഞുപോയ ഉലമാക്കള്‍ പറയാറുണ്ടായിരുന്നു.

*******

ഇമാം മാലിക് റഹിമഹുല്ലാഹ് പറഞ്ഞു: 
«السُّنَّةُ سَفينةُ نُوح مَنْ رَكِبَهَا نَجَا وَمَنْ تَخَلَّفَ عَنْهَا غَرِقَ»
സുന്നത്ത് നൂഹ് നബിയുടെ കപ്പലാണ്. ആര്‍ അതില്‍ കയറിയോ അവന്‍ രക്ഷപ്പെട്ടു. ആര്‍ അതില്‍ നിന്ന്‍ പിന്തിനിന്നുവോ അവന്‍ മുങ്ങിമരിച്ചതുതന്നെ.

*******

ഇമാം ഔസാഈ റഹിമഹുല്ലാഹ് പറഞ്ഞു:
قال الإمام الأوزاعي رحمه الله:  «نَدُورُ مَعَ السُنَّةِ حَيْثُ دَارَتْ»
സുന്നത്തിനോടൊപ്പം അത് കറങ്ങുന്നതിനനുസരിച്ച് നാം കറങ്ങിക്കൊണ്ടിരിക്കും.
((സുന്നത്ത് പിന്‍പറ്റുക, സുന്നത്തനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുക. മുമ്പ് മനസ്സിലാക്കിയ ഒരു ധാരണക്കെതിരായി സുന്നത്ത് വന്നുകിട്ടിയാല്‍ നമ്മുടെ ധാരണ വിട്ട് സുന്നത്ത് പിന്‍പറ്റുക. ഇമാം ശാഫിഈ റഹിമഹുല്ലാഹ് പറഞ്ഞു: "ഞാന്‍ പറഞ്ഞതിന്നെതിരായി ഒരു ഹദീസ് സ്ഥിരപ്പെട്ടാല്‍ എന്റെ വാക്ക് നിങ്ങള്‍ വലിച്ചെറിയുക". തന്റെ ഉസ്താദോ മൗലവിയോ നേതാവോ ആരായിരുന്നാലും ദീനിന്റെ വിഷയത്തില്‍ ഒരു കാര്യം പറഞ്ഞാല്‍ അത് അപ്പടി സ്വീകരിക്കുവാന്‍ നമുക്ക് പാടില്ല. മറിച്ച് വിശുദ്ധഖുര്‍ആനിന്റെയോ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഹദീസിന്റെയോ അടിസ്ഥാനത്തില്‍ സഹാബികള്‍ മനസ്സിലാക്കിയതനുസരിച്ചാണോ പറഞ്ഞത് എന്ന ഒരു അന്വേഷണം നമുക്ക് അത്യന്താപേക്ഷിതമാണ്.

അറിയുക!  സുന്നത്ത് പിന്‍പറ്റുന്നതിലാണ് നമുക്ക് രക്ഷ. ഇമാം അഹ് മദ് ബിനു ഹമ്പല്‍ റഹിമഹുല്ലാഹ് പറഞ്ഞു: "ആരെങ്കിലും നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഹദീസിനെ തള്ളിയാല്‍ അവന്‍ നശിച്ചതുതന്നെ". സ്വന്തം ബുദ്ധിക്കും സംഘടനയുടെ താല്പര്യത്തിനും യോജിച്ചുവരാത്ത ഹദീസുകളെ ഇഷ്ടത്തിന്നനുസരിച്ച് വ്യഖ്യാനിക്കുന്നവരും തത്വത്തില്‍ ഹദീസിനെ തള്ളുകയാണ് ചെയ്യുന്നത്. ഇമാം മാലിക് റഹിമഹുല്ലാഹ് പറഞ്ഞു: "ശരി പറയുകയും തെറ്റ് പറ്റുകയും ചെയ്യുന്ന ഒരു മനുഷ്യനാണ് ഞാന്‍. അതിനാല്‍ എന്റെ വീക്ഷണങ്ങള്‍ നിങ്ങള്‍ പരിശോധിക്കുക. അവയില്‍ ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ചത് നിങ്ങള്‍ സ്വീകരിക്കുക. അല്ലാത്തത് ഒഴിവാക്കുക".))


 
wayofsahaba.blogspot.com